കിവികളെ കുഴിയിൽ വീഴ്ത്താനുള്ള ഒരുക്കമാണോ? അഞ്ചാമതൊരു സ്പിന്നറെക്കൂടി ടീമിൽ ഉൾപ്പെടുത്തി ഇന്ത്യ

ഇന്ത്യ-ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങൾക്കുള്ള ടീമിൽ വാഷിങ്ടൺ സുന്ദറെ ഉൾപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ). നിലവിൽ നാല് സ്പിന്നർമാരുള്ള ഇന്ത്യൻ ടീമിലെ അഞ്ചാം സ്പിന്നറായിരിക്കും വാഷിങ്ടൺ. ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവരാണ് ടീമിലുള്ളത്.

ഇതോടെ അടുത്ത രണ്ട് മത്സരത്തിലും ന്യൂസിലാൻഡിനായി സ്പിൻ കെണിയാണ് ബി.സി.സി.ഐ ഒരുക്കിവെച്ചിരിക്കുന്നതെന്ന് വ്യക്തം. ആദ്യ ടെസ്റ്റിൽ അശ്വിൻ, ജദേജ, കുൽദീപ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി കളത്തിലിറങ്ങിയ സ്പിന്നർമാർ. സുന്ദറിനെ ടീമിലെത്തിച്ചതിന് പിന്നാലെ മൂവരിൽ ഒരാളെ ഇന്ത്യ പുറത്തിരുത്തിയേക്കും. നിലവിൽ തമിഴ്നാടിനായി രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കുകയാണ് സുന്ദർ. ദൽഹിക്കെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ 152 റൺസും രണ്ട് വിക്കറ്റും താരം നേടിയിട്ടുണ്ട്.


ബംഗളൂരുവിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോറ്റിരുന്നു. മഴ കളിച്ച മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോൽവി. പുണെയിൽ നടക്കുന്ന രണ്ടാം മത്സരത്തിലും വാംഖഡെയിൽ നടക്കുന്ന മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.

Tags:    
News Summary - washinton sundar included in indian squad for second and third test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.