പണം വാങ്ങി വീട്ടിൽ പോകു...! മുൻ പാക് നായകന് വസിം അക്രത്തിന്‍റെ ‘വിലപ്പെട്ട ഉപദേശം’

ഏകദിന ലോകകപ്പിൽ പാകിസ്താൻ ടീമിന്‍റെ മോശം പ്രകടനത്തിനു പിന്നാലെ ബാബർ അസം നായകസ്ഥാനം ഒഴിഞ്ഞിരുന്നു. കിരീട ഫേവറൈറ്റുകളായി ലോകകപ്പ് കളിക്കാനെത്തിയ പാക് ടീം, മികച്ച താരങ്ങൾ അണിനിരന്നിട്ടും ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

ലീഗ് റൗണ്ടിലെ ഒമ്പത് മത്സരങ്ങളിൽ അഞ്ചെണ്ണവും തോറ്റു. എട്ടു പോയന്‍റുമായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബാബറിന്‍റെ ക്യാപ്റ്റൻസിയെ വിമർശിച്ച് മുൻതാരങ്ങളടക്കം രംഗത്തുവന്നിരുന്നു. നിലവിൽ ടെസ്റ്റ് മത്സരങ്ങൾക്കായി പാക് ടീം ആസ്ട്രേലിയയിലാണ്. എന്നാൽ, ആസ്ട്രേലിയയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മുൻ പാക് ഇതിഹാസം വസിം ആക്രം ബാബറിന് നൽകിയ വിലപ്പെട്ട ഉപദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

പാകിസ്താൻ സൂപ്പർ ലീഗിന്‍റെ (പി.എസ്.എൽ) പുതിയ സീസണിൽ പെഷാവർ സാൽമി ടീമിന്‍റെ നായകൻ കൂടിയാണ് ബാബർ. പി.എസ്.എൽ ടീമിന്‍റെ നായക പദവി ബാബർ ഒഴിയണമെന്നാണ് അക്രം ആവശ്യപ്പെടുന്നത്. ‘ലീഗ് ക്രിക്കറ്റിൽ നായകനാകരുത് എന്ന് ബാബർ അസമിന് വർഷങ്ങൾക്ക് മുമ്പ് ഉപദേശം നൽകിയിരുന്നു. നിങ്ങൾ (ബാബർ) ഒരു വലിയ കളിക്കാരനാണ്, നിങ്ങളുടെ പണം വാങ്ങുക, കളിക്കുക, റൺസ് നേടുക, വീട്ടിലേക്ക് പോകുക, പിന്നാലെ അടുത്ത മത്സരത്തിന് തയാറെടുക്കുക. പാകിസ്താൻ ടീമിന്‍റെ നായക പദവി പ്രശ്നമല്ല, പക്ഷേ ലീഗ് ഒരു കാരണവുമില്ലാതെ അധിക സമ്മർദത്തിലാക്കും’ -അക്രം പറഞ്ഞു.

നേരത്തെ കറാച്ചി കിങ്സ് ടീമിൽ ബാബറും വസിം അക്രവും ഒരുമിച്ചുണ്ടായിരുന്നു. പിന്നാലെയാണ് ബാബറിനെ പെഷാവറിന് നൽകിയത്. പകരം ഹൈദർ അലി, ശുഐബ് അലി എന്നിവരെ ടീമിലെടുത്തു. കഴിഞ്ഞ സീസണിൽ ലീഗിൽ നാലാമതായാണ് പെഷാവർ ഫിനിഷ് ചെയ്തത്. 522 റൺസാണ് ബാബർ ടീമിനായി നേടിയത്.

Tags:    
News Summary - Wasim Akram's no-nonsense take on under-fire Babar Azam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.