ആന്‍റിഗ്വ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീമിൽ ഒറ്റനാൾ കൊണ്ട് താര രാജാവാകേണ്ടിയിരുന്ന അകില ധനഞ്ജയയെ ഒരോവറിൽ ആറു വട്ടം സിക്സർ പറത്തി കീറൻ പൊള്ളാർഡ്. തൊട്ടുമുമ്പത്തെ ഓവറിൽ തുടർച്ചയായ പന്തുകളിൽ മൂന്ന് വിൻഡീസ് ബാറ്റ്സ്മാൻമാരെ മടക്കിയ ഹാട്രിക് ആഘോഷം അവസാനിക്കും മുമ്പായിരുന്നു നായകന്‍റെ മാസ്മരിക ഇന്നിങ്സ്.
ഇരു ടീമുകളും തമ്മിലെ ആദ്യ ട്വന്‍റി20 മത്സരമായിരുന്നു ധനജ്ഞയക്ക് വിരുന്നും ദുരന്തവും ഒന്നിച്ചുസമ്മാനിച്ചത്. രാജ്യാന്തര ക്രിക്കറ്റിൽ ഹെർഷൽ ഗിബ്സും ഇന്ത്യയുടെ യുവരാജ് സിങ്ങും മാത്രമാണ് മുമ്പ് ഒരോവറിൽ ആറു സിക്സറുമായി റെക്കോഡ് പുസ്തകങ്ങളിലുള്ളത്. ഗിബ്സിന്റെ പ്രകടനം ഏകദിനത്തിലാണെങ്കിൽ 2007 ട്വന്‍റി 20 ലോകകപ്പിൽ ഇംഗ്ലീഷ് താരം സ്റ്റുവർട്ട് ബ്രോഡിനെതിരെയായിരുന്നു യുവരാജിന്‍റെ പ്രകടനം.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 131 എന്ന ചെറിയ ലക്ഷ്യം മുന്നിൽ വെച്ച് കളി നിർത്തി മടങ്ങിയപ്പോൾ അതിവേഗം ലക്ഷ്യം പിടിക്കാനായി ഇറങ്ങിയ വിൻഡീസ് നിര 3.1 ഓവറിൽ 52 റൺസ് എടുത്ത് നിൽക്കവെയാണ് ധനഞ്ജയ കൊടുങ്കാറ്റായത്. എവിൻ ലൂയിസ്, ക്രിസ് ഗെയ്ൽ, നികൊളാസ് പൂരാൻ എന്നിവരെ തുടർച്ചയായ പന്തുകളിൽ ധനഞ്ജയ മടക്കിയതോടെ ആതിഥേയർ സമ്മർദത്തിലായി. എന്നാൽ പിന്നീടെത്തിയ പൊള്ളാർഡ് ധനഞ്ജയയെ തെരഞ്ഞുപിടിച്ച് 'കൊലപാതകം' നടത്തുകയായിരുന്നു. മൈതാനത്തിന്‍റെ നാലു പാടും പാഞ്ഞ പന്ത് പലവട്ടം ഏറെ ദൂരെ പുറത്താണ് വിശ്രമിച്ചത്. അടുത്ത ഓവറിൽ പൊള്ളാർഡ് മടങ്ങിയെങ്കിലും അതിനു മുമ്പ് വിൻഡീസ് ലക്ഷ്യത്തിനരികെയെത്തിയിരുന്നു. ആറ് ഓവറും നാലു വിക്കറ്റും കൈയിലിരിക്കെ 132 റൺസ് കുറിച്ച് വിൻഡീസ് വിജയം തൊട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.