എന്തൊരടിയാണ്! നെതർലൻഡ്സിനെ നിലം തൊടീക്കാതെ ഇംഗ്ലണ്ടിന്റെ റെക്കോഡ് വേട്ട

ആംസ്റ്റൽവീൻ (നെതർലൻഡ്സ്): സ്വന്തം നാട്ടിലെ മൈതാനമായിട്ടും നെതർലൻഡ്സ് താരങ്ങൾക്ക് ഓടിയൊളിക്കേണ്ട അവസ്ഥയായിരുന്നു. കാരണം, ഇംഗ്ലണ്ട് താരങ്ങൾ അവർക്ക് നിൽക്കാനുള്ള സമയം നൽകിയില്ല. കളി തുടങ്ങിയതു മുതൽ അടിയോടടിയായിരുന്നു. ഒടുവിൽ 50 ഓവർ കഴിഞ്ഞപ്പോൾ നെതർലൻഡ്സ് കളിക്കാർ ആശ്വാസത്തിലായിരുന്നു, ഇനിയും പന്തിനുപിന്നാലെ പായണ്ടല്ലോ.

നെതർലൻഡ്സുമായുള്ള ഏകദിന മത്സരത്തിൽ നാലു വിക്കറ്റിന് 498 റൺസടിച്ചുകൂട്ടിയ ഇംഗ്ലണ്ട് ഏകദിന ചരിത്രത്തിലെ മികച്ച ടോട്ടലാണുയർത്തിയത്. രണ്ടു റൺസിന് 500 എന്ന മാന്ത്രിക സംഖ്യ മിസ്സായി എന്നതുമാത്രമായിരിക്കും ഇംഗ്ലണ്ട് താരങ്ങൾക്ക് തെല്ലൊരു നിരാശ പകർന്നത്. 2018ൽ ആസ്ട്രേലിയക്കെതിരെ തങ്ങൾതന്നെ ഉയർത്തിയ ആറിന് 481 റൺസിന്റെ റെക്കോഡാണ് ഇംഗ്ലണ്ട് ബാറ്റർമാർ മാറ്റിയെഴുതിയത്.

മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സിനെ 266ലൊതുക്കിയ ഇംഗ്ലണ്ട് 232 റൺസിന്റെ ജയം സ്വന്തമാക്കി. മൂന്നുപേർ സെഞ്ച്വറി തികച്ച ഇംഗ്ലണ്ട് ഇന്നിങ്സിൽ നാലാമനായിറങ്ങി 70 പന്തിൽ പുറത്താവാതെ 162 റൺസടിച്ച ജോസ് ബട്‍ലറുടെ ബാറ്റിങ്ങായിരുന്നു ഹൈലൈറ്റ്. 14 സിക്സും അതിന്റെ പകുതി ഫോറുമടങ്ങിയതായിരുന്നു ബട്‍ലറുടെ വെടിക്കെട്ട്.

26 പന്തിൽ ആറു വീതം സിക്സും ഫോറുമായി പുറത്താവാതെ 66 റൺസടിച്ച ലിയാം ലിവങ്സ്റ്റൺ ബട്‍ലർക്ക് ഒത്ത കൂട്ടാളിയായി. ഇരുവരും ചേർന്ന് അഭേദ്യമായ അഞ്ചാം വിക്കറ്റിന് 32 പന്തിൽ 91 റൺസ് ചേർത്തു. ഡേവിഡ് മലാൻ 109 പന്തിൽ 125ഉം ഫിൽ സാൾട്ട് 93 പന്തിൽ 122 റൺസുമടിച്ചു. ഇരുവരും മൂന്നു വീതം സിക്സ് പറത്തിയപ്പോൾ സാൾട്ട് 14ഉം മലാൻ ഒമ്പതും ബൗണ്ടറി നേടി. നെതർലൻഡ് ബൗളർമാരിൽ എല്ലാവരും തല്ലുവാങ്ങി. ഫിലിപ് ബോസ്സെവെയ്ൻ (10 ഓവറിൽ 108 റൺസ്) മാത്രമേ 'സെഞ്ച്വറി' കടന്നുള്ളൂവെന്ന് നെതർലൻഡ്സിന് ആശ്വസിക്കാം.

Tags:    
News Summary - What a blow! England's record hunt against Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.