ദുബൈ: സ്കോട്ലൻഡിനെതിരായ വമ്പൻ ജയത്തോടെ ട്വന്‍റി20 ലോകകപ്പിൽ ആയുസ് നീട്ടിക്കിട്ടിയ ആശ്വാസത്തിലാണ് ടീം ഇന്ത്യ. എങ്കിലും അവസാന മത്സരത്തിൽ നമീബിയയെ തോൽപ്പിച്ചാലും ഇന്ത്യക്ക് സെമിഫൈനൽ ഉറപ്പാക്കാനാവില്ല. അതിനായി അഫ്ഗാനിസ്താൻ നാളെ ന്യൂസിലൻഡിനെ തോൽപിക്കണം.
ഗ്രൂപ്പ് രണ്ടിലെ സാഹചര്യങ്ങളെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജദേജ നൽകിയ മറുപടിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.
'അഫ്ഗാനിസ്താൻ ന്യൂസിലൻഡിനെ തോൽപിച്ചാൽ മാത്രമാണ് നമുക്ക് അവസരമുള്ളത്. അഫ്ഗാന് ന്യൂസിലൻഡിനെ തോൽൽിപിക്കാനായില്ലെങ്കിലോ?'-ഇതായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. 'പിന്നെ, ഞങ്ങൾ ബാഗ് പാക്ക് ചെയ്ത് വീട്ടിൽ പോകും, അല്ലാതെന്ത്'-ജദേജ മറുപടി നൽകി.
സൂപ്പർ 12 ഗ്രൂപ്പ് 2ൽ നാല് മത്സരത്തിൽ എട്ട് പോയിന്‍റ് നേടി പാകിസ്താൻ സെമിയിൽ എത്തിയിട്ടുണ്ട്. നിലവിൽ ആറ്പോയിന്റും + 1.277 നെറ്റ്റൺറേറ്റുമായി ന്യൂസിലൻഡാണ് ഗ്രൂപ്പിൽ രണ്ടാമത്. നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയം നേടി ആറ് പോയിന്‍റുമായി ന്യൂസിലാൻഡ് രണ്ടാമതുണ്ട്. നാല് പോയിന്‍റുമായി ഇന്ത്യ മൂന്നാമതാണ്. അതേസമയം, റൺറേറ്റിൽ ഇന്ത്യ (+1.619) ന്യൂസിലാൻഡിനേക്കാളും (+1.277) അഫ്ഗാനിസ്താനേക്കാളും (+1.481) മുന്നിലാണ്. ഇന്ത്യക്കും അഫ്ഗാനും നാലുപോയിന്‍റ് വീതമാണെങ്കിലും നെറ്റ്റൺറേറ്റിന്റെ ബലത്തിൽ ഇന്ത്യയിപ്പോൾ മൂന്നാമതാണ്.
ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസിലൻഡിനോട് എട്ടുവിക്കറ്റിനും തോറ്റതാണ് ഇന്ത്യക്ക് വിനയായത്. നിരാശപ്പെടുത്തുന്ന തോൽവികൾക്കൊടുവിൽ അഫ്ഗാൻ കരുത്തിനെ 66 റൺസിന് വീഴ്ത്തിയവർ സ്കോട്ലൻഡിനെതിരെയും അതേവീര്യത്തോടെ കളി നയിച്ചു.
ആദ്യം ബൗളർമാരും പിന്നീട് രാഹുൽ-രോഹിത് സഖ്യവും മൈതാനം നിറഞ്ഞപ്പോൾ എതിരാളികൾ ചിത്രത്തിലില്ലാത്തപോലെയായി ഇന്നലെയും. ബാറ്റിങ് തുടങ്ങിയ സ്കോട്ലൻഡ് ബുംറ എറിഞ്ഞ ആദ്യം ഓവറിൽ എട്ടു റൺസുമായി വിറപ്പിച്ചെങ്കിലും അതിവേഗം കീഴടങ്ങൽ പ്രഖ്യാപിച്ചു. ബുംറ തന്നെയെറിഞ്ഞ മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് വീണു. റൺ വിട്ടുനൽകുന്നതിൽ പിശുക്കിയ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ സ്കോട്ലൻഡ് ഇന്നിങ്സ് ഒച്ചിഴയും വേഗത്തിലായി. 10 ഓവർ പൂർത്തിയായിട്ടും അർധ സെഞ്ച്വറി കടത്താനാകാതെ വിഷമിച്ച ടീമിന് അപ്പോഴേക്ക് നഷ്ടമായത് നാലു വിലപ്പെട്ട വിക്കറ്റുകൾ.
അതോടെ, പ്രതിരോധത്തിലായ സ്കോട്ലൻഡ് ബാറ്റർമാർ കരുതൽ കൂട്ടിയപ്പോൾ റൺ ഒഴുകിയില്ലെന്നു മാത്രമല്ല, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുംവീണു. ഇന്നിങ്സ് 18 ഓവറിലെത്തുേമ്പാൾ സ്കോട്ലൻഡ് 85 റൺസുമായി മടക്കം പൂർത്തിയാക്കിയിരുന്നു. 3.4 ഓവർ എറിഞ്ഞ് 10 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത ബുംറ ആയിരുന്നു സ്കോട്ലൻഡിെൻറ അന്തകൻ. എറിഞ്ഞ ആദ്യ ഓവറിൽ റൺ വിട്ടുനൽകുന്നതിൽ ധാരാളിത്തം കാട്ടിയ മുഹമ്മദ് ഷമി പിന്നീട് മൂന്നു വിക്കറ്റുകളുമായി കടം വീട്ടി. രവീന്ദ്ര ജദേജയും മൂന്നുവിക്കറ്റുകൾ വീഴ്ത്തിയപ്പോൾ അവശേഷിച്ചയാളെ അശ്വിനും മടക്കി.
ലളിതമായ ടോട്ടൽ മുന്നിൽനിർത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി കെ.എൽ. രാഹുലും രോഹിത് ശർമയും നടത്തിയത് അത്യാവേശകരമായ വെടിക്കെട്ട്. 18 പന്ത് മാത്രം നേരിട്ട് അർധ സെഞ്ച്വറിയുമായി റെക്കോഡിട്ട താരം അടുത്ത പന്തിൽ ഉയർത്തിയടിച്ച് ക്യാച് നൽകി മടങ്ങി. മൂന്നു സിക്സും ആറു ഫോറുമടങ്ങിയതായിരുന്നു രാഹുൽ പൂരം.
അതേ മികവോടെ മറുവശത്ത് തിളങ്ങിയ രോഹിത് 16 പന്തിൽ 30 റൺസുമായി ടീമിെൻറ വിജയമുറപ്പിച്ചു. വീലിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രോഹിത് കൂടാരം കയറിയത്. വിജയ പ്രഖ്യാപനം മാത്രമായിരുന്നു രാഹുലിെൻറ പിൻഗാമിയായി മൈതാനത്തെത്തിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.