കാബൂൾ: 'അഫ്ഗാനിസ്താന്റെ ഭരണം താലിബാൻ പിടിച്ചെങ്കിലും അത് ക്രിക്കറ്റിനെ ബാധിക്കില്ലെന്നാണ് ഞാൻ കരുതുന്നത്. കാരണം, താലിബാൻ ക്രിക്കറ്റിനെ ഏറെ പിന്തുണക്കുന്നവരാണ്...' അഫ്ഗാൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ സി.ഇ.ഒ ഹാമിദ് ഷിൻവാരിയുടെ വാക്കുകളാണിത്.
'താലിബാൻ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. തുടക്കം മുതൽ അവർ ഞങ്ങളെ പിന്തുണക്കുന്നുണ്ട്. ഒരുകാര്യത്തിലും അവർ ഇടപെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ അഫ്ഗാനിൽ ക്രിക്കറ്റിന് അന്ത്യമാകുമെന്ന് ഞങ്ങൾ കരുതുന്നില്ല..' പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഹാമിദ് ഷിൻവാരി ഭാവിയെക്കുറിച്ച് സമാശ്വാസം.
1996 മുതൽ 2001 വരെ താലിബാൻ അടക്കിഭരിച്ചിരുന്ന കാലത്താണ് അഫ്ഗാനിസ്താനിൽ ക്രിക്കറ്റ് ആരംഭിച്ചത്. പാകിസ്താനിലെ അഫ്ഗാൻ അഭയാർഥികളിലൂടെയായിരുന്നു ക്രിക്കറ്റ് തങ്ങളുടെ നാട്ടിലെത്തിയത്. താലിബാൻ കാലത്താണ് ക്രിക്കറ്റ് വളർച്ച പ്രാപിച്ചതെന്നും അതുകൊണ്ട് ഭയക്കാനില്ലെന്നും ഹാമിദ് പറഞ്ഞു.
വിദേശത്ത് കളിക്കുന്ന നാലഞ്ച് താരങ്ങളൊഴികെ മറ്റെല്ലാവരും കാബൂളിൽ തന്നെയുണ്ട്. അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കയില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യത്തെ സ്ഥിതി സാധാരണനിലയിലെത്തുമെന്നും ഹാമിദ് പി.ടി.ഐയോട് പറഞ്ഞു.
അതേസമയം, തങ്ങളുടെ രാജ്യം അരക്ഷിതാവസ്ഥയിലാണെന്നും ലോക നേതാക്കാൾ ഇടപെടണമെന്നും അഫ്ഗാെൻറ സൂപ്പർ താരം റാഷിദ് ഖാൻ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. താലിബാൻ വീണ്ടും കരുത്താർജിക്കുന്നതോടെ അഫ്ഗാൻ ക്രിക്കറ്റിനും അപായമണി മുഴങ്ങുമെന്ന ആശങ്ക പലരും പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിലെയും പ്രിയ താരങ്ങളാണ് അഫ്ഗാെൻറ റാഷിദ് ഖാനും മുഹമ്മദ് നബിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.