ഇസ്‍ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്താൻ ക്രിക്കറ്റ് ടീം മുൻ സൂപ്പർ താരം സയീദ് അൻവർ. മറ്റെല്ലാ ടീമുകളും താരങ്ങളും പാകിസ്താനിലേക്ക് വരുമ്പോൾ ബി.സി.സി.ഐക്ക് മാത്രം എന്താണ് പ്രശ്നമെന്ന് അദ്ദേഹം ട്വിറ്ററിൽ ചോദിച്ചു. ''എല്ലാ ടീമുകള്‍ക്കും രാജ്യാന്തര താരങ്ങൾക്കും ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് വരാമെങ്കിൽ എന്താണ് ബി.സി.സി.ഐയുടെ പ്രശ്നം? ബി.സി.സി.ഐക്ക് നിഷ്പക്ഷ വേദിയിൽ കളിക്കണമെന്നുണ്ടെങ്കില്‍ അടുത്ത വർഷം ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പും നിഷ്പക്ഷ വേദിയിൽ നടത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെടണം'' –അദ്ദേഹം കുറിച്ചു.
2023ൽ പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പിന് ഇന്ത്യന്‍ ടീമിനെ അയക്കാൻ ബി.സി.സി.ഐക്ക് പ്രശ്നമില്ലെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് പറഞ്ഞ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ, ഏഷ്യാ കപ്പ് നിഷ്പക്ഷ വേദിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിവാദം തുടങ്ങിയത്.
ഇതോടെ, ജയ് ഷായുടെ നിലപാട് അംഗീകരിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവന ഇറക്കി. ''ഏഷ്യൻ ക്രിക്കറ്റ് കൗൺസിലുമായി ഒരു ചർച്ചയും നടത്താതെയാണ് ജയ് ഷാ പ്രതികരിച്ചത്. എ.സി.സി യോഗത്തിൽ പാകിസ്താന് ഏഷ്യാ കപ്പ് ആതിഥേയത്വം അനുവദിച്ച ശേഷം പിന്നീട് മാറ്റുന്നത് ഏകപക്ഷീയമാണ്. ഇത് ക്രിക്കറ്റിൽ വലിയ ഭിന്നിപ്പുണ്ടാക്കും. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്താൻ പങ്കെടുക്കുന്നതിനെയും ബാധിക്കും'' എന്നിങ്ങനെയായിരുന്നു പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.