ചെന്നൈ: ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് ഇന്ത്യൻ ടീമിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും മുൻ നായകനായ മഹേന്ദ്ര സിങ് ധോണി. എവിടെ കളിക്കാനിറങ്ങിയാലും അദ്ദേഹത്തിന് വേണ്ടി ശബ്ദമുയർത്താൻ ഗാലറിയിൽ ആളുണ്ടാവും. ഐ.പി.എല്ലിൽ ഓരോ മത്സരത്തിലും ബാറ്റിങ്ങിനിറങ്ങുമ്പോൾ വൻ ആരവങ്ങളോടെയാണ് ആരാധകർ അദ്ദേഹത്തെ വരവേൽക്കാറുള്ളത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിലാവുമ്പോൾ അതിന് ശക്തി കൂടും.
തിങ്കളാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ജയിക്കാൻ മൂന്ന് റൺസ് വേണ്ടപ്പോഴാണ് ധോണി ബാറ്റിങ്ങിനായി ഇറങ്ങുന്നത്. ഇതോടെ ഗാലറിയിൽ ഉച്ചത്തിലുള്ള വിസിലുകളും ആർപ്പുവിളികളും ഉയർന്നു. ഇത് സഹിക്കാനാവാതെ കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സൽ ഇരുചെവികളും പൊത്തിപ്പിടിക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മൂന്ന് പന്ത് നേരിട്ട ധോണി ഒരു റൺസെടുത്ത് പുറത്താകാതെനിന്നു.
ഐ.പി.എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് രാജകീയമായി തുടങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനോട് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഒരുക്കിയ 138 റൺസ് വിജയലക്ഷ്യം ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. സൂക്ഷ്മതയോടെ കളിച്ച് ‘സെൻസിബിൾ’ അർധസെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദാണ് (58 പന്തിൽ ഒമ്പത് ഫോറടക്കം 67) ജയം എളുപ്പമാക്കിയത്.
നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയുടെയും 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ തുഷാർ ദേശ്പാണ്ഡെയുടെയും ബൗളിങ് മികവിലാണ് ചെന്നൈ കൊൽക്കത്തയെ 137 റൺസിലൊതുക്കിയത്. 32 പന്തിൽ മൂന്ന് ഫോറടക്കം 34 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരായിരുന്നു കൊൽക്കത്തയുടെ ടോപ് സ്കോറർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.