'സചിൻ ലോകകപ്പ് ജയിക്കുമ്പോൾ പരിശീലകൻ ദക്ഷിണാഫ്രിക്കകാരനായ ഗാരി കേസ്റ്റണായിരുന്നു'

ക്രിക്കറ്റ്​ ആരാധകരുടെ മനസ്സിലെ ഒരേയൊരു ദൈവമായിരുന്നു സചിൻ ടെണ്ടുൽക്കർ. എന്നാൽ, കഴിഞ്ഞദിവസം അദ്ദേഹം കേന്ദ്ര സർക്കാറിന്​ വേണ്ടി കുറിച്ച ട്വീറ്റോടു കൂടി പലരുടെയും മനസ്സിൽ പ്രതിഷ്​ഠിച്ച വിഗ്രഹമാണ്​ ഉടഞ്ഞുപോയത്​. ''ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ബാഹ്യശക്തികൾ​ കാഴ്ചക്കാരായിരിക്കാം. പക്ഷെ, പ​ങ്കെടുക്കുന്നവരല്ല. ഇന്ത്യക്കാർക്ക്​ ഇന്ത്യയെ അറിയാം. ഇന്ത്യക്കായി തീരുമാനിക്കണം. ഒരു രാഷ്​ട്രമെന്ന നിലയിൽ നമുക്ക്​ ഒരുമിച്ചുനിൽക്കാം'' -ഇങ്ങനെയായിരുന്നു സചിന്‍റെ ട്വീറ്റ്​.

ഇതിനെതിരെ നിരവധി പേരാണ്​ രംഗത്തുവന്നത്​. ധാരാളം പോസ്റ്റുകളും ട്രോളുകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്​ വ്യത്യസ്​തമായ കുറിപ്പാണ്​ സന്ദീപ്​ ദാസ്​ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തിരിക്കുന്നത്​. 'ഇന്ത്യയിലെ കാര്യങ്ങൾ ഇന്ത്യക്കാർ നോക്കിക്കോളും എന്നാണ് സചിൻ പ്രതികരിച്ചത്. സചിൻ ലോകകപ്പ് ജയിക്കുമ്പോൾ ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ ദക്ഷിണാഫ്രിക്കക്കാരനായ ഗാരി കേസ്റ്റണായിരുന്നു. ഇന്ത്യയിലെ കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടതില്ല എന്ന സങ്കുചിതയുക്തി മുമ്പൊന്നും സചിൻ ഉപയോഗിച്ചിട്ടില്ല എന്ന് സാരം. പെട്ടന്ന് ആ ലോജിക് എങ്ങനെ പൊട്ടിമുളച്ചു? ലിറ്റിൽ മാസ്റ്ററുടെ നാവ് ഫാഷിസ്റ്റുകൾ വാടകയ്ക്കെടുത്തതാണ് എന്ന് ഉറപ്പിക്കാം'' -സന്ദീപ്​ ദാസ്​ തന്‍റെ ഫേസ്​ബുക്ക്​ പോസ്റ്റിൽ കുറിച്ചു. നിരവധി പേരാണ്​ ഈ പോസ്റ്റ്​ ഷെയർ ചെയ്​തിട്ടുള്ളത്​.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂർണരൂപം:

ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ? ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവർന്നുനിന്നാൽ വിരണ്ടുപോകുന്നവർ മാത്രമാണ് ഇവിടത്തെ ഫാസിസ്റ്റുകൾ. റിഹാന എന്ന പോപ് ഗായിക ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളൂ-''ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ച് നാം എന്തുകൊണ്ട് സംസാരിക്കുന്നില്ല...?"

ഇതോടെ എല്ലാവർക്കും നിയന്ത്രണം നഷ്ടപ്പെട്ടു. റിഹാനക്കെതിരെ ഇന്ത്യയിലെ സെലിബ്രിറ്റികൾ വരിവരിയായി രംഗത്തുവന്നു. കങ്കണ റണൗട്ട്, അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, സുനിൽ ഷെട്ടി, കരൺ ജോഹർ തുടങ്ങിയ സിനിമാക്കാർ... സച്ചിൻ തെൻഡുൽക്കർ, സുരേഷ് റെയ്ന, അനിൽ കുംബ്ലെ, ശിഖർ ധവാൻ, ആർ.പി സിങ്ങ് മുതലായ ക്രിക്കറ്റർമാർ.

റിഹാനയ്ക്കെതിരെ സംസാരിച്ച എല്ലാവർക്കും ഒരേ ഭാഷയായിരുന്നു. ഏതാണ്ട് ഒരേ വാക്കുകളും. ആരോ പറഞ്ഞുകൊടുത്ത് എഴുതിച്ചതുപോലെ! കർഷകസമരത്തെക്കുറിച്ച് ഇതേവരെ ഒരു വാക്കുപോലും ഉരിയാടാതിരുന്ന സകല സെലിബ്രിറ്റികളും ഒരുമിച്ച് വായ തുറന്നുവെങ്കിൽ അതിനുപുറകിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. സിനിമാതാരങ്ങൾക്കും കളിക്കാർക്കുമെല്ലാം വമ്പിച്ച ഒാഫറുകൾ ലഭിച്ചിട്ടുണ്ടാവാം. അല്ലെങ്കിൽ അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടാവാം.

എന്നിട്ട് ഇവരെല്ലാം ചേർന്ന് റിഹാനയുടെ ഉദ്ദ്യേശശുദ്ധിയെ ചോദ്യം ചെയ്യുന്നു! അടിപൊളി! ഇന്ത്യയിലെ കാര്യങ്ങൾ ഇന്ത്യക്കാർ നോക്കിക്കോളും എന്നാണ് സച്ചിൻ പ്രതികരിച്ചത്. സച്ചിൻ ലോകകപ്പ് ജയിക്കുമ്പോൾ ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ ദക്ഷിണാഫ്രിക്കകാരനായ ഗാരി കേസ്റ്റണായിരുന്നു.

ഇംഗ്ലണ്ട് സ്വദേശിയായ ഡേവിഡ് ഷെപ്പേഡ് ആണ് സച്ചിന്‍റെ ഇഷ്ട അമ്പയർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ ആരാധിച്ചാണ് സച്ചിൻ വളർന്നുവന്നത്. ഇന്ത്യയിലെ കാര്യങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ടതില്ല എന്ന സങ്കുചിതയുക്തി മുമ്പൊന്നും സച്ചിൻ ഉപയോഗിച്ചിട്ടില്ല എന്ന് സാരം. പെട്ടന്ന് ആ ലോജിക് എങ്ങനെ പൊട്ടിമുളച്ചു? ലിറ്റിൽ മാസ്റ്ററുടെ നാവ് ഫാഷിസ്റ്റുകൾ വാടകയ്ക്കെടുത്തതാണ് എന്ന് ഉറപ്പിക്കാം.

മനുഷ്യരാണ് ആദ്യം ഉണ്ടായത്. രാജ്യങ്ങളും അതിർത്തികളുമെല്ലാം പിന്നീട് സൃഷ്​ടിക്കപ്പെട്ടതാണ്. ഏറ്റവും പ്രധാനം മനുഷ്യത്വത്തിന്‍റെ രാഷ്​ട്രീയമാണ്. അത് പറയാൻ ദേശീയത ഒരു തടസ്സമേയല്ല.

അങ്ങകലെ ജോർജ്​ ഫ്ലോയിഡ് എന്ന കറുത്ത വർഗക്കാരൻ കൊല്ലപ്പെട്ടപ്പോൾ മലയാളികൾക്ക് വേദനിച്ചില്ലേ? ആ രാഷ്ട്രീയം. നൂറു മില്യൺ ഫോളോവേഴ്സുണ്ട് റിഹാനയ്ക്ക്. ആ ലോകത്ത് അഭിരമിച്ചുകഴിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ അവർക്ക്. എന്നിട്ടും റിഹാന ഇന്ത്യയിലെ കർഷകസമരത്തെ പിന്തുണച്ചില്ലേ? അതാണ് മനുഷ്യത്വത്തിന്‍റെ രാഷ്ട്രീയം. ഇന്ത്യയിലെ സെലിബ്രിറ്റികൾക്ക് സ്വപ്നം കാണാൻ പറ്റാത്ത ഒൗന്നത്യം.

റിഹാനയുടെ പ്രസ്താവന ഇപ്പോൾ തന്നെ അന്താരാഷ്​ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഫാഷിസ്റ്റുകളോട് ഒന്നേ പറയാനുള്ളൂ. മിണ്ടാതിരിക്കുന്നതാവും നിങ്ങൾക്ക് നല്ലത്. നിങ്ങൾ റിഹാനക്കുനേരെ കുരച്ചാൽ അവരുടെ ട്വീറ്റ് കൂടുതൽ പ്രശസ്തമാവും. ലോകത്തിന്‍റെ എല്ലാ കോണുകളിൽനിന്നും കർഷകർക്ക് പിന്തുണയെത്തും. അധികം കളിക്കണ്ട മിത്രങ്ങളേ. ഇത് തീക്കളിയാണ്. കൈ പൊള്ളുന്ന അഭ്യാസമാണ്...

ഇപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ? ഒരു പെണ്ണ് ചങ്കൂറ്റത്തോടെ നിവർന്നുനിന്നാൽ വിരണ്ടുപോകുന്നവർ മാത്രമാണ് ഇവിടത്തെ...

Posted by Sandeep Das on Wednesday, 3 February 2021

Tags:    
News Summary - 'When Sachin won the World Cup, the coach was Gary Kirsten from South Africa'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.