കൽപറ്റ: രാവിലെ മുറിച്ചുകൊണ്ടുവന്ന പുല്ല്, തൊഴുത്തിൽ കെട്ടിയ പാറുവിനും അമ്മിണിക്കും കിങ്ങിണിക്കും കൊടുക്കാനുള്ള തിരക്കിലാണ് വസന്ത. തന്റെ അരുമയായ പശുക്കിടാങ്ങളെ തഴുകി നിൽക്കുമ്പോഴും ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ നയിക്കുന്ന നായികയുടെ അമ്മയാണെന്ന താരപരിവേഷം ഒട്ടുമില്ല ഇവർക്ക്. മിന്നു മണിയിലൂടെ ആദ്യമായി മലയാളിതാരം ഇന്ത്യൻ എ ടീമിന്റെ ക്യാപ്റ്റൻ പദവിയിലെത്തിയത് കായികലോകം ആഘോഷിക്കുമ്പോഴും പതിവുപോലെ പിതാവ് മണി പാടത്തും മാതാവ് വസന്ത പശുക്കളെ പരിപാലിക്കുന്നതിലും അനുജത്തി മിമിത കോളജിലും മുത്തശ്ശി ശ്രീദേവി അടുക്കളയിലും തിരക്കിലായിരുന്നു.
ശനിയാഴ്ച മിന്നു നയിക്കുന്ന ടീം മുംബൈയിൽ പോകാൻ ഒരുങ്ങുമ്പോൾ മാനന്തവാടി അമ്പൂത്തി എടപ്പെടി ചോയിമൂലയിൽ കൈപ്പാട്ട് മാവുംകണ്ടി വീട്ടിൽ എല്ലാം പതിവുപോലെ. ഇന്ത്യ എ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മിന്നു മണിയെ തിരഞ്ഞെടുത്ത വാർത്തയറിഞ്ഞതോടെ വെള്ളിയാഴ്ച രാത്രി മുതൽ പരിചയക്കാരും ബന്ധുക്കളും സന്തോഷം പങ്കിടാൻ ഫോണിലൂടെ വിളിച്ചുവെന്നല്ലാതെ വീട്ടിൽ മറ്റ് ആരവങ്ങളൊന്നുമുണ്ടായില്ല.
മകൾ എത്ര ഉയർന്ന നിലയിലായാലും പ്രശസ്തി നേടിയാലും അതിലെല്ലാം സന്തോഷമുണ്ടെന്നും ഉപജീവനമാർഗമായ പശുവും നെൽകൃഷിയുമായി ഇങ്ങനെ ജീവിക്കുന്നതാണ് കൂടുതൽ സന്തോഷമെന്നും മണി പറയുന്നു. നാടും കൃഷിയും കൂട്ടുകുടുംബവുമെല്ലാം തരുന്ന സന്തോഷത്തിനൊപ്പം മകളുടെ വളർച്ചയും ഏറെ അഭിമാനം നൽകുന്നുണ്ടെന്നും പിതാവ് കൂട്ടിച്ചേർത്തു. വാർത്ത വരാൻ തുടങ്ങിയപ്പോൾതന്നെ മിന്നു എറണാകുളത്തുനിന്ന് വിളിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതുകൊണ്ട് ആരോടും സന്തോഷം പങ്കുവെക്കാൻ കഴിയാത്ത ആശങ്കയാണ് മകൾ പങ്കുവെച്ചതെന്ന് മണി പറഞ്ഞു.
14ന് ബംഗളൂരുവിൽ ഇന്ത്യ ടെസ്റ്റ് ക്യാമ്പിന് മിന്നുമണി പോയിരുന്നു. 20ന് വീട്ടിലേക്ക് മടങ്ങി. സെലക്ഷൻ കിട്ടിയില്ലെന്നാണ് അന്നു പറഞ്ഞത്. വിഷമം ഒന്നും ഇല്ലായിരുന്നു. അടുത്തതിൽ പിടിക്കും എന്ന ആത്മവിശ്വാസമായിരുന്നു. ആ വിശ്വാസവും ഒന്ന് നഷ്ടപ്പെടുമ്പോൾ നിരാശപ്പെടാതെ മുന്നോട്ടുപോകാനുള്ള പരിശ്രമവുമാണ് മിന്നുവിന്റെ ഓരോ വിജയത്തിനു പിന്നിലുമെന്ന് മണി പറയുന്നു. പിന്നെയാണ് ഇന്ത്യ എ ടീമിൽ സെലക്ഷൻ കിട്ടിയതായി അറിയുന്നത്.
ബി.സി.സി.ഐ പുറത്തുവിട്ട വിവരം മാത്രമേ അറിയൂവെന്നും ആരോടും പറയരുതെന്നുമാണ് മിന്നു പറഞ്ഞത്. പിന്നീട് ഇംഗ്ലണ്ട് എ ടീമിനെതിരെ മുംബൈയിൽ 29ന് നടക്കുന്ന ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ നയിക്കാൻ അവസരം കിട്ടിയത് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയ ശേഷം കുടുംബത്തെ അറിയിച്ചു. അതോടെ നാടും വീടും ആഹ്ലാദത്തിലായി. ഏത് പ്രതിസന്ധിയിലും തണലായി അച്ഛനുണ്ടെന്ന വിശ്വാസമാണ് എല്ലാ പ്രതിസന്ധികളും തരണംചെയ്യാൻ പ്രാപ്തയാക്കിയതെന്ന് മിന്നു തന്നെ പലപ്പോഴും പറയാറുണ്ട്. നാട്ടിൽ അറിയപ്പെടുന്ന കുടുംബമായി മാവുംകണ്ടി വീട് മാറിയിട്ടും എന്നും നാട്ടിൻപുറത്തുകാരായി ജീവിക്കാനാണ് ഈ കുടുംബത്തിന് താൽപര്യം.
കൽപറ്റ: ദൈവത്തിന് നന്ദി. ഗുരുക്കന്മാർക്കും മാതാപിതാക്കൾക്കും ഒരുപാട് നന്ദി... ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു മിന്നുമണി. ഒരുപാട് സന്തോഷമുണ്ട്. ക്യാപ്റ്റനായി ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ ഞെട്ടിപ്പോയി. ഇങ്ങനെ ഒരു കാര്യം ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. തീർച്ചയായും വളരെയധികം സന്തോഷവും ആകാംക്ഷയും എല്ലാമുണ്ട്. മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസമുണ്ടെന്നും മിന്നു മണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.