വിശാഖപട്ടണം: ‘ഏത് ടീം ജയിച്ചാലും ഞാൻ ഇവിടെയുള്ളത് വിനോദത്തിനാണ്’ -എം.എസ്. ധോണിയുടെ 2014ലെ ട്വീറ്റ് പത്ത് വർഷങ്ങൾക്കിപ്പുറം സമൂഹ മാധ്യമങ്ങൾ വീണ്ടും ആഘോഷമാക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് 17ാം സീസണിൽ ആദ്യമായി ബാറ്റെടുത്ത ചെന്നൈ സൂപ്പർ കിങ്സ് താരം 16 പന്തുകൾ നേരിട്ട് അപരാജിതനായി അടിച്ചുകൂട്ടിയത് 37 റൺസ്.
ഡൽഹി കാപിറ്റൽസിനോട് ചെന്നൈ 20 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതൊക്കെ വിന്റേജ് സ്റ്റൈൽ ധോണിയുടെ ബാറ്റിങ് വിരുന്നിൽ ആരാധകർ മറന്നു. 42ാം വയസ്സിൽ ആ ബാറ്റിൽനിന്ന് പിറന്നത് തകർപ്പൻ ഷോട്ടുകൾ. 17ാം ഓവറിൽ എട്ടാമനായി ധോണി ക്രീസിലെത്തുമ്പോൾ ടീം ഏറക്കുറെ പരാജയം ഉറപ്പിച്ച സ്ഥിതിയിലായിരുന്നു. ജയിക്കാൻ 23 പന്തിൽ വേണ്ടിയിരുന്നത് 72 റൺസ്.
ധോണിയുടെ വരവിൽ ഗാലറി ഇളകിമറിഞ്ഞു. വിശാഖപട്ടണം സ്റ്റേഡിയത്തിലെ ആ ശബ്ദം രേഖപ്പെടുത്തിയിരിക്കുന്നത് 128 ഡെസിബലായിരുന്നു! സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടല്ലെന്നുകൂടി ഓർക്കണം. മുകേഷ് കുമാറായിരുന്നു ബൗളർ.
ആദ്യ പന്ത് തന്നെ സ്ക്വയർ ലെഗ്ഗിലൂടെ ബൗണ്ടറി കടത്തി. അതേ ഓവറിൽ ഒരു ഫോർ കൂടി അടിച്ചതോടെ കാണികൾ ആവേശത്തിലാറാടി. റൺ വഴങ്ങാൻ മടിച്ച ഖലീൽ അഹ്മദിനെ സിക്സറടിച്ച ധോണി ആൻറിച് നോർജെ എറിഞ്ഞ അവസാന ഓവറില്‍ രണ്ടു വീതം സിക്സും ഫോറും സഹിതം അടിച്ചുകൂട്ടിയത് 20 റണ്‍സാണ്. മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്.
കുറച്ചുകൂടി നേരത്തേ ധോണി ഇറങ്ങിയിരുന്നെങ്കിലെന്ന് ആരാധകരും മുൻ താരങ്ങളുമൊക്കെ ആഗ്രഹിച്ച ദിനം കൂടിയായിരുന്നു. മത്സരഫലവും മറ്റൊന്നായേനെ. ധോണിയെ ടോപ് ഓർഡറിൽ ഇറക്കണമെന്ന് മുൻ ആസ്ട്രേലിയൻ താരം ബ്രെറ്റ് ലീയടക്കം ആവശ്യപ്പെട്ടുകഴിഞ്ഞു.
കഴിഞ്ഞ വർഷം കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന ധോണിയിൽനിന്ന് മികച്ച ഇന്നിങ്സ് ഇനിയുണ്ടാകുമോ എന്ന സംശയത്തിലായിരുന്നു ആരാധകർ. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങിയതും ഈ സംശയം ബലപ്പെടുത്തി.
എന്നാൽ, ദീർഘകാലത്തിനുശേഷം ബാറ്റ് ചെയ്യാൻ ക്രീസിലേക്ക് നടക്കുന്ന താരത്തെ ധോണി, ധോണി... വിളികളോടെ എതിരേറ്റവരെ ‘തല’ നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല പത്തുവർഷം മുമ്പ് ട്വിറ്ററിൽ കുറിച്ചതുപോലെ ശരിക്കും ആസ്വദിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.