വനിത പ്രീമിയർ ലീഗിൽ വീണ്ടും മലയാളിത്തിളക്കം! ബാംഗ്ലൂരുവിന്‍റെ വിജയശിൽപിയായ ആശാ ശോഭന ആരെന്നറിയാം...

ബംഗളൂരു: വനിത പ്രീമിയർ ലീഗിന്‍റെ ഒന്നാംദിനം നിറഞ്ഞുനിന്നത് മുംബൈ ഇന്ത്യൻസിന്‍റെ മലയാളി താരം സജന സജീവിന്‍റെ ബാറ്റിങ്ങാണെങ്കിൽ, രണ്ടാംദിനം കൈയടക്കിയത് മറ്റൊരു മലയാളി താരമായ ആശാ ശോഭനയുടെ ബൗളിങ്ങും.

തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശയുടെ അഞ്ചു വിക്കറ്റ് പ്രകടനത്തിന്‍റെ കരുത്തിലാണ് ഉത്തർപ്രദേശ് വാരിയേഴ്സിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ താരം എറിഞ്ഞ 17ാം ഓവറാണ് നിർണായകമായത്. മത്സരം കൈവിട്ടു പോയെന്ന് ബാംഗ്ലൂർ ഉറപ്പിച്ച നിമിഷമാണ് ക്യാപ്റ്റൻ സ്മൃതി മന്ദാന ആശയെ പന്തേൽപ്പിക്കുന്നത്. ആ ഒരൊറ്റ ഓവറാണ് കളിയുടെ ഗതി മാറ്റിമറിക്കുന്നത്. വിലപ്പെട്ട മൂന്നു വിക്കറ്റുകളാണ് തന്‍റെ നാലാം ഓവറിൽ ആശാ സ്വന്തമാക്കിയത്.

ശ്വേത സെഹ്‌രാവത്, ഗ്രേസ് ഹാരിസ്, കിരൺ നവഗിരെ എന്നിവരെയാണ് പുറത്താക്കിയത്. ബാംഗ്ലൂർ ബൗളർമാരെ തുടരെ തുടരെ ഗ്രൗണ്ടിന്‍റെ അതിർത്തി കടത്തി മികച്ച ഫോമിൽ നിന്ന ഗ്രേസ് ഹാരിസിന്‍റെ കുറ്റി തെറിപ്പിച്ച ആശയുടെ പന്ത് ലെഗ് സ്പിന്നിന്‍റെ സർവ സൗന്ദര്യവും ഉൾക്കൊള്ളുന്നതായിരുന്നു. നേരത്തെ, ഒമ്പതാം ഓവർ എറിഞ്ഞ താരം വൃന്ദ ദിനേഷ്, തഹ്ലിയ മഗ്രാത്ത് എന്നിവരുടെ വിക്കറ്റുകളും വീഴ്ത്തിയിരുന്നു. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങിയാണ് ആശാ അഞ്ച് വിക്കറ്റ് നേടിയത്.

താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. ബാംഗ്ലൂർ ഉയർത്തിയ 157 റൺസ് വിജയല‍ക്ഷ്യത്തിന് രണ്ടുറൺ അകലെ ഉത്തർപ്രദേശ് വീണു. വനിത പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു ഇന്ത്യൻ ബൗളർ ആദ്യമായാണ് അഞ്ചു വിക്കറ്റ് നേടുന്നത്.

ഫാസ്റ്റ് ബൗളറായി തുടങ്ങി ലെഗ് സ്പിന്നറായ ആശ

വനിത പ്രീമിയർ ലീഗ് ലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയതോടെയാണ് ആശാ ശോഭനയെന്ന ഈ പേര് മലയാളികളടക്കം കേൾക്കുന്നത്. അഞ്ചാം വയസ്സു മുതൽ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഷാർജ സ്റ്റേഡിയത്തിൽ ഷെയിൻ വോണിന്‍റെ ലെഗ് സ്പിൻ പന്തുകളെ ക്രീസ് വിട്ടിറങ്ങി അതിർത്തികടത്തുന്ന സചിൻ ടെണ്ടുൽക്കറെ കണ്ടാണ് ആശക്ക് ക്രിക്കറ്റിനോട് ആശ തോന്നിയത്.

ഫാസ്റ്റ് ബൗളറായാണ് തുടങ്ങിയതെങ്കിലും ലെഗ് സ്പിന്നറായാണ് ആശ ക്രിക്കറ്റിൽ മേൽവിലാസം ഉണ്ടാക്കിയത്. 2011 ഇന്ത്യ എ ടീമിന്‍റെ ഭാഗമായി. കഴിഞ്ഞവർഷം വിമൻസ് ലീഗിൽ ബാംഗ്ലൂരിനൊപ്പവും.

കഠിനമായ ജീവിതവഴികളിലൂടെ സഞ്ചരിച്ചുതന്നെയാണ് ആശയും വനിത പ്രീമിയർ ലീഗിലെത്തുന്നത്. പേരൂർക്കടയില്‍ ഓട്ടോ ഡ്രൈവറായ ജോയിയുടെയും ശോഭനയുടെയും മകളായ ആശ അഞ്ച് വയസു മുതല്‍ ക്രിക്കറ്റിലുണ്ട്. പെണ്‍കുട്ടിയാണെന്ന വ്യത്യാസമൊന്നുമില്ലാതെ സഹോദരങ്ങൾക്കൊപ്പമാണ് ആദ്യം ക്രിക്കറ്റ് കളിക്കുന്നത്.

വീട്ടിലെ ടിവി കേടായതിനാല്‍ തൊട്ടടുത്ത ദിനുവിന്‍റെ വീട്ടില്‍ കണ്ട ഷാർജ കപ്പാണ് ആശയെ ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ പ്രേരിപ്പിച്ചത്. അതും സചിന്‍ ഷെയ്ന്‍ വോണിനെ അടിച്ചു പരത്തുന്നത് കണ്ടപ്പോള്‍. പിന്നെയങ്ങോട്ട്, ഫുള്‍ടൈം ക്രിക്കറ്റ് തന്നെ. സീനിയേഴ്സ് ജില്ലാ ടീമിലെത്തി. മോസ്റ്റ് പ്രോമിസിങ് യങ്സ്റ്റർ നേടിയാണ് ആ ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചത്.

സെലക്ഷന്‍ ദിവസം പരിചയപ്പെട്ട സ്പോർട്സ് കൗണ്‍സിലിലെ കോച്ച് ശ്രീകുമാറും ക്രിക്കറ്റ് അസോസിയേഷനിലെ ഷബീന ജേക്കബും പിന്നീട് അങ്ങോട്ട് വഴികാട്ടികളായി. പട്ടം സെന്‍റ് മേരീസില്‍ പ്ലസ് ടു കഴിഞ്ഞ് വിമന്‍സ് കോളജില്‍ ബി.കോമിന് ചേർന്ന് ഒരു വർഷമായപ്പോഴേക്കും റയില്‍വെയില്‍ കിട്ടി. ജോലി കിട്ടിയതോടെ പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ആരോണ്‍ ജോർജ് തോമസ് എന്ന പരിശീലകന്‍റെ ശിക്ഷണത്തിലാണ് ഓരോ പടികളും ആശ കയറിയത്.

Tags:    
News Summary - Who Is Asha Sobhana? RCB Bowler Who Picked Fifer Against UP Warriorz In WPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.