ദുബൈ: ഇന്ത്യൻ പ്രീമിയർലീഗിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് തോൽവി വഴങ്ങിയെങ്കിലും ഏവരുടെയും കണ്ണുടക്കിയത് ഒരു കശ്മീരി പയ്യനിലായിരുന്നു. മാരകമായ പേസ് കൊണ്ട് കെ.കെ.ആർ ബാറ്റ്സ്മാൻമാരുടെ മുട്ടിടിപ്പിച്ച ഉമ്രാൻ മാലിക് ആയിരുന്നു അത്.
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയുള്ള രണ്ടു പന്തുകളാണ് മാലിക് മത്സരത്തിൽ എറിഞ്ഞത്. സീസണിലെ വേഗതയേറിയ പന്തേറുകാരുടെ ആദ്യ 10 റാങ്കിങ്ങിൽ ഇടംപിടിച്ച ഏക ഇന്ത്യക്കാരൻ കൂടിയാണ് മാലിക്. ഈ സീസണിലെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണ് മാലിക് കൊൽക്കത്തക്കെതിരെ എറിഞ്ഞത്.
ആദ്യ ഓവറിൽ തന്നെ മണിക്കൂറിൽ 146 കി.മീ വേഗതയിൽ പന്തെറിഞ്ഞ മാലിക് രണ്ടുതവണ 150 കി.മീ മുകളിലെത്തി. നാലോവറിൽ വെറും 27 റൺസ് മാത്രമാണ് 21കാരൻ വിട്ടുനൽകിയത്.
കോവിഡ് ബാധിച്ച ടി. നടരാജന്‍റെ പകരക്കാരനായാണ് മാലിക്കിനെ എസ്.ആർ.എച്ച് ടീമിലെത്തിച്ചത്. സെപ്റ്റംബർ 22ന് ഡൽഹി ക്യാപിറ്റലസിനെതിരായ മത്സരത്തിന് മുന്നോടിയായാണ് നടരാജന് കോവിഡ് സ്ഥിരീകരിച്ചത്.
ഐ.പി.എൽ കളിക്കുന്ന നാലാമത്തെ കശ്മീരി ക്രിക്കറ്ററാണ് മാലിക്. പർവേഷ് റസൂൽ, റാസിഖ് സലാം, അബ്ദുൽ സമദ് എന്നിവരാണ് മാലിക്കിന് മുമ്പ് ഐ.പി.എല്ലിൽ കളത്തിലിറങ്ങിയ ജമ്മു കശ്മീർ താരങ്ങൾ.
കൊൽക്കത്തക്കെതിരായ മത്സരത്തിന് മുമ്പ് ഒരു ട്വന്‍റി20, ലിസ്റ്റ് എ മത്സരം കളിച്ച പരിചയം മാത്രമാണ് മാലിക്കിന് ഉണ്ടായിരുന്നത്. ആകെ നാലുവിക്കറ്റാണ് സമ്പാദ്യം. 2020-21 സീസണിലെ സയിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയായിരുന്നു ലിസ്റ്റ് എ അരങ്ങേറ്റം.
മത്സരത്തിൽ ആറുവിക്കറ്റ് ജയം സ്വന്തമാക്കിയ കൊൽക്കത്ത പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.