ന്യൂഡൽഹി: ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്നൊഴിവാക്കി മധ്യനിര ബാറ്റ്സ്മാൻ ഹനുമ വിഹാരിയെ ഇന്ത്യ 'എ' ടീമിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കയച്ച സെലക്ടർമാരുടെ നടപടിയെ ചോദ്യം ചെയ്ത് അജയ് ജദേജ. വ്യാഴാഴ്ച മുതൽ കാൺപൂരിൽ വെച്ചാണ് ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ആരംഭിക്കുന്നത്.
'വിഹാരി, പാവം. അവൻ നന്നായി കളിച്ചു. കുറച്ചുകാലമായി ഇന്ത്യൻ ടീമിലുണ്ട്, നന്നായി ചെയ്തു. അവൻ എന്ത് തെറ്റാണ് ചെയ്തത്? എന്തിന് ഇന്ത്യ 'എ' ടീമിനൊപ്പം പര്യടനത്തിന് പോകണം. എന്തുകൊണ്ടാണ് അദ്ദേഹത്തിന് നാട്ടിൽ ഒരു ടെസ്റ്റ് മത്സരം കളിക്കാൻ കഴിയാത്തത്? അല്ലെങ്കിൽ അവനെയും പര്യടനത്തിന് അയക്കരുത്. ടീമിനൊപ്പമുണ്ടായിരുന്ന ഒരാൾ ഇപ്പോൾ ഇന്ത്യ 'എ' ടീമിനൊപ്പം പോകുന്നു, പുതിയ ഒരാൾ വരുന്നു. അത് ആളുകളെ കുഴപ്പിക്കുന്നതാണ്' -ഇന്ത്യയുടെ മുൻ ബാറ്റ്സ്മാൻ പറഞ്ഞു.
പ്രിയങ്ക് പഞ്ചാലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം നവംബർ 23നും ഡിസംബർ ഒമ്പതിനുമിടയിലാണ് ബ്ലോംഫോണ്ടെയ്നിൽ മൂന്ന് ചതുർദിന മത്സരങ്ങൾ കളിക്കുന്നത്. ഇതിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്കായി വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്ക സന്ദർശിക്കും.
ആസ്ട്രേലിയക്കെതിരെ ഐതിഹാസിക സമനില സ്വന്തമാക്കിയ സിഡ്നി ടെസ്റ്റിലാണ് വിഹാരി അവസാനം ഇന്ത്യൻ കുപ്പായമണിഞ്ഞത്. അന്ന് പരിക്കിനോട് മല്ലിട്ട് 161പന്തിൽ 23 റൺസ് നേടിയ വിഹാരി ഇന്ത്യക്കായി മികച്ചുനിന്നു.
ഗാബയിൽ നടന്ന നാലാം ടെസ്റ്റിൽ വിഹാരിക്ക് ഇറങ്ങാനായില്ല. ഗാബയിൽ വിജയിച്ച അജിൻക്യ രഹാനെയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ചരിത്രം തിരുത്തിയാണ് ഡൗൺ അണ്ടറിൽ നിന്ന് മടങ്ങിയത്. ഇംഗ്ലണ്ട് പര്യടനത്തിൽ ടീമിന്‍റെ ഭാഗമായിരുന്നെങ്കിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.