മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ട്വന്‍റി20, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടീം പരിശീലകനായുള്ള ഗൗതം ഗംഭീറിന്‍റെ അരങ്ങേറ്റ പരമ്പര കൂടിയാണിത്.
ഈമാസം 27ന് ട്വന്‍റി20യോടെയാണ് പരമ്പര തുടങ്ങുന്നത്. ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവ് ട്വന്റി20 ടീമിന്റെ നായകനായി എത്തുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. ഏകദിന ടീമിനെ രോഹിത് ശർമ തന്നെ നയിക്കും. ഗംഭീറിന്‍റെ നിർബന്ധത്തെ തുടർന്നാണ് വിശ്രമം ഒഴിവാക്കി രോഹിത് ടീമിനൊപ്പം ചേരുന്നത്. കോഹ്ലിയും ഏകദിനത്തിൽ കളിക്കും. ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായി കുറച്ചു ഏകദിന മത്സരങ്ങൾ മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇതിൽ മൂന്നെണ്ണവും ലങ്കക്കെതിരെയാണ്. അതുകൊണ്ടു തന്നെ ഫുൾ ടീം കളത്തിലിറങ്ങണമെന്ന നിർബന്ധം ഗംഭീറിനുണ്ടായിരുന്നു.
എന്നാൽ, സൂപ്പർ പേസർ ജസ്പ്രീത് ബുംറക്ക് ഇരു ഫോർമാറ്റുകളിലും വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശർമ വിരമിച്ച സാഹചര്യത്തിൽ ഹാർദിക്കിന്‍റെ പേരാണ് ട്വന്‍റി20 നായകസ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നതെങ്കിലും ഗംഭീറിന്‍െ പിന്തുണയാണ് സൂര്യകുമാറിന് നറുക്ക് വീഴാൻ കാരണം. ഹാർദിക്കിനെ മാറ്റി സൂര്യയെ ട്വന്‍ി20 ഫോർമാറ്റിൽ സ്ഥിരം ക്യാപ്റ്റനാക്കുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പ്രഖ്യാപനവും. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഹാർദിക്കിനെ ക്യാപ്റ്റനാക്കണമെന്ന് വാദിച്ചെങ്കിലും ഗംഭീർ തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ ടീമുകൾക്കെതിരായ ട്വന്‍ി20 മത്സരത്തിൽ സൂര്യകുമാർ ഇന്ത്യൻ ടീമിനെ നയിച്ചിട്ടുണ്ട്.
ഉപനായകനായി പോലും ഹാർദിക്കിനെ പരഗിണിച്ചില്ല. ശുഭ്മൻ ഗില്ലാണ് ടീമിന്‍െ വൈസ് ക്യാപ്റ്റൻ. 2026 ട്വന്‍റി20 ലോകകപ്പ് വരെ സൂര്യകുമാർ സ്ഥിരം നായകനാകുമെന്നും റിപ്പോർട്ടുകളുണ്ട്. ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ച ഹാർദിക്കിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് തഴഞ്ഞതിനു പിന്നിലെ കാരണം അന്വേഷിക്കുകയാണ് ആരാധകർ. സ്ഥിരമായി പരിക്കിന്റെ പിടിയിലാകുന്നതും ഫിറ്റ്നസ് പ്രശ്നങ്ങളും ജോലി ഭാരവുമാണ് ഓൾ റൗണ്ടറായ ഹാർദിക്കിന് തിരിച്ചടിയായത്. 2023 ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ ഹാർദിക്ക് ഏറെ നാളെത്തെ ഇടവേളക്കുശേഷം ഐ.പി.എല്ലിലൂടെയണ് മടങ്ങിയെത്തിയത്. മുമ്പും പരിക്കിനെ തുടർന്ന് താരത്തിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു.
ട്വന്റി20 റാങ്കിങ്ങിൽ ഏറെക്കാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന താരമാണ് സൂര്യകുമാർ. മികച്ച ട്വന്റി20 ബാറ്റർ, ഇന്ത്യയെ നയിച്ച ഏഴു മത്സരങ്ങളിൽ അഞ്ചിലും ജയിച്ച ചരിത്രവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.