ഇംഗ്ലണ്ടിനെതിരെ നിര്‍ണായക മത്സരത്തില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല! പകരം മുഹമ്മദ് സിറാജ് സ്‌ട്രൈക്കിങ് ബൗളറായി. എന്തിനാണ് പരമ്പരയിലെ ഫൈനല്‍ ആയി മാറിയ മൂന്നാം ഏകദിനത്തില്‍ ഇങ്ങനെയൊരു മാറ്റം? ബുംറയെ നേരിടാനുള്ള തയാറെടുപ്പാണ് പ്രധാനമായും ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ചെയ്തത്.
എന്നിട്ടും ബുംറയെ മാറ്റിയത് സംബന്ധിച്ച അവ്യക്തതകള്‍ ക്രിക്കറ്റ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കി. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ ബുംറക്ക് വിശ്രമം അനുവദിച്ചിരുന്നു. ആ നിലക്ക് ഇംഗ്ലണ്ടിനെതിരെ നിര്‍ണായക മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് ചൂതാട്ടമാണെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, ബുംറക്ക് നേരിയ പരിക്കുള്ളതിനാല്‍ വിശ്രമം അനുവദിച്ചതാണെന്ന നിരീക്ഷണവും ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായി.
അഭ്യൂഹങ്ങള്‍ക്ക് വിരാമമായത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പേസ് ബൗളറുടെ പരിക്ക് സംബന്ധിച്ച് വ്യക്തത നല്‍കിയപ്പോഴാണ്. കാല്‍ക്കുഴക്ക് പരിക്കുള്ളതിനാല്‍ വിശ്രമം അനുവദിക്കുകയായിരുന്നു. ട്വന്‍റി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രമാണുള്ളത്. ഇംഗ്ലണ്ടിനെതിരെ ബുംറക്ക് പകരം നില്‍ക്കാന്‍ പോന്ന ബൗളര്‍മാര്‍ ഇന്ത്യക്കുണ്ടെന്നും രോഹിത് പറഞ്ഞു.
മുഹമ്മദ് സിറാജ് ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിലെ രണ്ട് പ്രധാനികളെ പൂജ്യത്തിന് പുറത്താക്കിയത് ക്യാപ്റ്റന്റെ നല്ല വാക്കുകള്‍ക്ക് നന്ദി പ്രകടനമായി. ജോണി ബെയര്‍സ്‌റ്റോയും വണ്‍ ഡൗണിലിറങ്ങിയ ജോ റൂട്ടിനെയും സിറാജ് പുറത്താക്കിയത് ഗംഭീര ബൗളിങ്ങിലാണ്. ഹര്‍ദിക് പാണ്ഡ്യയും ബൗളിങ്ങില്‍ തിളങ്ങി. ആദ്യ നാല് ഓവറില്‍ മൂന്ന് മെയ്ഡന്‍ എറിഞ്ഞ ഹര്‍ദിക് രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ആകെ നാല് വിക്കറ്റാണ് ഹര്‍ദിക് നേടിയത്. ഇംഗ്ലണ്ട് 259ന് എല്ലാവരും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.