ലോകകപ്പിൽ അവിശ്വസനീയ ബൗളിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. ആദ്യ നാലു കളിയിൽ ബെഞ്ചിലിരുന്ന താരം, തുടർന്നുള്ള നാലു കളിയിൽ നിന്ന് 16 വിക്കറ്റുകളാണ് നേടിയത്.
രണ്ടു മത്സരത്തിൽ അഞ്ചു വീതം വിക്കറ്റുകൾ. ഇന്ത്യക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടവും ഷമി സ്വന്തമാക്കി. ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് ഷമി ടീമിൽ എത്തുന്നത്. നാലാം സീമറായി ഹാർദിക്കിനെയും ബാറ്റിങ് ലൈനപ്പ് ശക്തമാക്കാൻ ശാർദുൽ ഠാകൂറിനെയും മാനേജ്മെന്‍റ് തീരുമാനിച്ചതോടെയാണ് ഷമി പുറത്തിരുന്നത്.
ബൗളർക്കു പുറമെ, എട്ടാം നമ്പറിൽ ബാറ്റിങ്ങും വശമുള്ള ഒരു താരത്തിന് മുൻഗണന കൊടുത്തതോടെയാണ് ഷമിക്കു പകരമായി ഠാകൂറിനെ ടീമിലെടുത്തതെന്നായിരുന്നു മാനേജ്മെന്‍റ് വാദം. എന്നാൽ, ഷമിയെ കളിപ്പിക്കാത്തത് ആരാധകരുടെ വ്യാപക വിമർശനത്തിനിടയാക്കി. നായകൻ രോഹിത് ശർമയും പരിശീലകൻ രാഹുൽ ദ്രാവിഡുമാണ് ഇതിന്‍റെ പഴികേട്ടത്.
ഷമിയെ കളിപ്പിക്കാത്തത് തെറ്റായിപ്പോയെന്ന ആരാധകരുടെ വാദം ശരിവെക്കുന്ന പ്രകടനമാണ് പേസർ അവസാന നാലു മത്സരങ്ങളിൽ കാഴ്ചവെച്ചത്. മുൻ പാക് ഇതിഹാസം വസീം അക്രം ഉൾപ്പെടെയുള്ളവർ ഷമിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഷമിയുടെ ഫോമിനു പിന്നിലെ കാരണവും അക്രം തുറന്നുപറയുന്നു.
‘നിങ്ങൾക്ക് ആത്മവിശ്വാസം വേണം. ബൗളിങ്ങിൽ കഠിനാധ്വാനം ചെയ്യണം. ശരിയായ ലെങ്തിലാണ് ഷമി എറിയുന്ന പന്തിന്‍റെ സീം പതിക്കുന്നത്. പന്ത് സ്ട്രെയിറ്റ് സീമിൽ തന്നെ പിച്ചിൽ പതിക്കുന്നു. പന്തിന്‍റെ സീം ചരിഞ്ഞല്ല പിച്ചിൽ പതിക്കുന്നത്’ -അക്രം പറഞ്ഞു. ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സിനെതിരെ എറിഞ്ഞ പന്തുകളാണ് താരം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.
സ്റ്റോക്സിനെതിരെ എറിഞ്ഞ എല്ലാ പന്തുകളും ഒരേ ലെങ്ത്തിലും സീമിലുമായിരുന്നു. ലെങ്ത്തിലും സീം പൊസിഷനിലും ഷമി മാറ്റം വരുത്തിയില്ല. അതിനാലാണ് സ്റ്റോക്സിന് പന്ത് നേരിടാൻ ഏറെ പ്രയാസം തോന്നിയതെന്നും അക്രം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.