രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായത് ക്രിക്കറ്റിനെയും ബാധിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര വർഷങ്ങളായി നിർത്തിവെച്ചിരിക്കുകയാണ്.
2008ലെ ഏഷ്യ കപ്പിനുശേഷം ഇന്ത്യ പാക് മണ്ണിൽ ഇതുവരെ ക്രിക്കറ്റ് കളിച്ചിട്ടില്ല. 2012ലാണ് പാകിസ്താൻ അവസാനമായി ഇന്ത്യയിൽ കളിക്കാനെത്തിയത്. എന്നാൽ, 2023ൽ പാകിസ്താനിൽ നടക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്‍റിനായി ഇന്ത്യൻ ടീം പോകില്ലെന്ന് ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ പറഞ്ഞതോടെ ഈ ബന്ധം ഒന്നുകൂടി വഷളായി. പിന്നാലെ അടുത്ത വർഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിൽനിന്ന് പിന്മാറുമെന്ന് പാകിസ്താനും മുന്നറിയിപ്പ് നൽകി.
ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുത്തില്ലെങ്കിൽ 2023ലെ ഏകദിന ലോകപ്പിൽ പാകിസ്താനും പങ്കെടുക്കില്ലെന്നായിരുന്നു അന്നത്തെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തലവൻ റമീസ് രാജ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് പി.സി.ബിയുടെ പുതിയ തലവൻ നജം സേതി തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കേണ്ടത് രാജ്യത്തെ സർക്കാറാണെന്നും ക്രിക്കറ്റ് ബോർഡല്ലെന്നും സേതി പറഞ്ഞു.
‘ഇന്ത്യയിലേക്ക് പോകരുത് എന്ന് സർക്കാർ പറഞ്ഞാൽ ഞങ്ങൾ പോകില്ല. ഇന്ത്യയിൽ കളിക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എപ്പോഴും സർക്കാർ തലത്തിലാണ് എടുക്കുന്നത്’ -സേതി കറാച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് സർക്കാർ തലത്തിൽ മാത്രം എടുക്കുന്ന തീരുമാനമാണെന്നും പി.സി.ബിക്ക് വ്യക്തത തേടാൻ മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പരമ്പര പൂർണമായി നിർത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.