മന്ഥാനക്ക് അർധ സെഞ്ച്വറി (47 പന്തിൽ 60); ലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ

ദാംബുല്ല (ശ്രീലങ്ക): വനിത ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.

സ്മൃതി മന്ഥാനയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 47 പന്തിൽ 60 റൺസ് നേടിയ മന്ഥാനയാണ് ടോപ് സ്കോറർ. അവസാന ഓവറുകളിൽ റിച്ച ഘോഷിന്‍റെ വെട്ടിക്കെട്ട് ബാറ്റിങ്ങും ഇന്ത്യൻ ഇന്നിങ്സിൽ നിർണായകമായി. 14 പന്തിൽ ഒരു സിക്സും നാലു ബൗണ്ടറിയുമടക്കം 30 റൺസെടുത്താണ് താരം പുറത്തായത്. ജെമീമ റോഡ്രിഗസ് 16 പന്തിൽ 29 റൺസെടുത്തു. ഷഫാലി വർമ (19 പന്തിൽ 16), ഉമാ ഛേത്രി (ഏഴു പന്തിൽ ഒമ്പത്), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (11 പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അഞ്ചു റൺസുമായി പൂജ വസ്ത്രകാറും ഒരു റണ്ണുമായി രാധ യാദവും പുറത്താകാതെ നിന്നു.

ലങ്കക്കായി കവിശ ദിൽഹരി രണ്ടു വിക്കറ്റും പ്രബോധനി, സചിനി നിസൻസല, ചാമരി എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഏഷ്യ കപ്പിൽ ഏറ്റവുമധികം തവണ ജേതാക്കളായ ഇന്ത്യ ലക്ഷ്യമിടുന്നത് എട്ടാം കിരീടമാണ്. നാല് ആധികാരിക ജയങ്ങളുമായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗ്രൂപ് റൗണ്ടിൽ യഥാക്രമം പാകിസ്താൻ, യു.എ.ഇ, നേപ്പാൾ ടീമുകളെ തകർത്ത ഇന്ത്യ, സെമി ഫൈനലിൽ ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയാണ് കലാശപ്പോരിലെത്തിയത്.

Tags:    
News Summary - Women's Asia Cup T20 2024 Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT