കേപ്ടൗൺ: വനിത ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ഫൈനൽ തേടി ഇന്ത്യ വ്യാഴാഴ്ച ആസ്ട്രേലിയക്കെതിരെ ഇറങ്ങും. നിലവിലെ ജേതാക്കളായ ഓസീസിനോട് കഴിഞ്ഞ തവണ ഫൈനലിൽ വീണാണ് ഇന്ത്യക്ക് കൈയകലെ പ്രഥമ കിരീടം നഷ്ടമായത്.
ഇന്ന് ആദ്യ സെമിയിൽ കങ്കാരു നാട്ടുകാരെ തോൽപിച്ചാൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും 2020ന് പിറകെ മറ്റൊരു കലാശക്കളിക്കും ആദ്യമായി ജേതാക്കളാവാനും വഴിതുറക്കും. രണ്ടാം സെമി ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിൽ വെള്ളിയാഴ്ച നടക്കും.
ഗ്രൂപ് ഒന്നിലെ നാല് മത്സരങ്ങളും ജയിച്ചാണ് ആസ്ട്രേലിയ സെമിയിലെത്തിയത്. ഇതുവരെ എട്ട് ലോകകപ്പുകൾ നടന്നപ്പോൾ അഞ്ചിലും ജേതാക്കളായവർ. ഇന്ത്യ ഗ്രൂപ് രണ്ടിലെ മൂന്ന് കളികൾ ജയിച്ചപ്പോൾ ഇംഗ്ലീഷുകാരോട് തോറ്റു.
പാകിസ്താൻ, വെസ്റ്റിൻഡീസ്, അയർലൻഡ് ടീമുകളെയാണ് ഹർമനും സംഘവും തോൽപിച്ചത്. പന്തുകൾ നഷ്ടപ്പെടുത്തുന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യമെന്ന് നായിക പറഞ്ഞു. എങ്കിലും ആസ്ട്രേലിയയെ തോൽപിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം അവസാന ഗ്രൂപ് മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ചായിരുന്നു ആതിഥേയരായ ദക്ഷിണാഫ്രിക്കയുടെ സെമി ഫൈനൽ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.