അഹമ്മദാബാദ്: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപന അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ആഗസ്റ്റ് 28 മുതൽ വിവിധ ഘട്ടങ്ങളിലായി പുറത്തിറക്കുന്ന ടിക്കറ്റ് അടുത്ത ഘട്ടം ഇന്ന് രാത്രി എട്ടിന് ആരംഭിച്ചു. ആരാധകരുടെ ആവേശം മുന്നിൽ കണ്ട് ഈ ഘട്ടത്തിൽ നാലുലക്ഷം ടിക്കറ്റുകളാണ് പുറത്തിറക്കിയത്.
അതേസമയം, ഒക്ടോബർ 14 ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിന്റെ ടിക്കറ്റാണ് വിപണിയിലെ താരം. സെപ്റ്റംബര്‍ മൂന്നിന് വില്‍പനയ്ക്കുവെച്ച ഇന്ത്യ - പാക് മത്സരത്തിന്റെ ടിക്കറ്റുകൾ റെക്കോർഡ് വേഗത്തിലാണ് വിറ്റു തീർന്നത്. സെക്കൻഡറി മാർക്കറ്റിൽ ലഭ്യമായ ടിക്കറ്റുകൾ ലക്ഷങ്ങൾ വിലയിട്ടാണ് വിൽക്കുന്നത്.
വയാഗോഗോ വെബ്‌സൈറ്റിൽ മത്സരത്തിനുള്ള ടിക്കറ്റുകൾ 57 ലക്ഷം രൂപയ്ക്ക് വരെ വിൽപന നടന്നതായാണ് റിപ്പോർട്ട്.
ഇത്തവണത്തെ ലോകകപ്പ് ടിക്കറ്റുകൾ വാങ്ങുന്നതിനുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ വെറും 2000 രൂപ മാത്രം വിലയുള്ള ടിക്കറ്റുകളാണ് സെക്കൻഡറി വിപണിയിൽ ലക്ഷക്കണക്കിന് രൂപയ്ക്ക് വിൽക്കുന്നത്.
ഇന്ത്യ -പാക് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് മാത്രമല്ല വർധിച്ചത്. ഗുജറാത്തിന്റെ തലസ്ഥാന നഗരിയിൽ മത്സരം നടക്കുന്നതിനാൽ അഹമ്മദാബാദിലെ ഹോട്ടൽ മുറികളുടെ വിലയും ഉയർന്നു. പ്രതിദിനം 50000 രൂപയിൽ കുറഞ്ഞ് നല്ല ഹോട്ടൽ മുറികൾ കിട്ടുന്നില്ല എന്നതാണ് ആരാധകരെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.