തിരുവനന്തപുരം: രണ്ടുദിവസമായി കലിതുള്ളിയ പേമാരി ഒന്ന് കണ്ണടച്ചപ്പോൾ ഗ്രീൻഫീൽഡ് കണ്ടത് ടി-20യോട് ചേർന്ന ആവേശകരമായ മത്സരം. മൂന്നാം ഏകദിനത്തിൽ ഇന്ത്യയെ അടിച്ചൊതുക്കിയ വമ്പുമായെത്തിയ കംഗാരുക്കളെ 200 റൺസിനുള്ളിലൊതുക്കി നെതർലൻഡ്സ് കൂട്ടിലടച്ചെങ്കിലും ഗ്രീൻഫീൽഡിലെ ആദ്യ ഹാട്രിക്കുമായി കളം നിറഞ്ഞ മിച്ചൽ സ്റ്റാർക്കും സംഘവും ഡച്ച് പടയെ നിലംതൊടിയിക്കാതെ പറപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച ദ.ആഫ്രിക്ക- അഫ്ഗാനിസ്താൻ ലോകകപ്പ് ക്രിക്കറ്റ് സന്നാഹമത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടതോടെ ശനിയാഴ്ചയെങ്കിലും കളി നടക്കണമേ എന്ന പ്രാർഥനയിലായിരുന്നു ക്രിക്കറ്റ് ആരാധകർ. പ്രത്യേകിച്ച് ലോകക്രിക്കറ്റിലെ അതികായന്മാരായ ആസ്ട്രേലിയ ആദ്യമായി ഗ്രീൻഫീൽഡിലെത്തുമ്പോൾ.
എന്നാൽ, പുലർച്ചമുതൽ പെയ്യാതെ മുഖം വീർപ്പിച്ചുനിന്ന കാർമേഘങ്ങൾ രാവിലെ 11 ഓടെ ഗ്രൗണ്ടിലേക്ക് പെയ്തിറങ്ങിയതോടെ കേരള ക്രിക്കറ്റ് അസോസിയേഷനടക്കം നിരാശയിലായി. തൊട്ടുപിന്നാലെ തലസ്ഥാനം ഓറഞ്ച് അലർട്ടിലേക്ക് മാറി.
ശക്തമായ മഴയിലും 12.30 ഓടെ നെതർലൻഡ്സ് ടീം സ്റ്റേഡിയത്തിലെത്തി. ഉച്ചക്ക് 1.30നും മഴ തുടർന്നതോടെ ഒരുഘട്ടത്തിൽ മത്സരം കഴിഞ്ഞ ദിവസത്തെപ്പോലെ ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയായി. ഒടുവിൽ സംഘാടകരുടെയും സ്റ്റേഡിയത്തിലെത്തിയ നൂറുകണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകരുടെയും പ്രാർഥനയെന്നപ്പോലെ 1.50 ഓടെ മഴ ശമിച്ചു.
ഡ്രെസിങ് റൂമിലിരുന്ന നെതർലൻഡ്സ് താരങ്ങൾ ഗ്രൗണ്ടിലേക്ക് ഇറങ്ങി. മഴയെ അവഗണിച്ച് മത്സരം കാണാൻ ഗാലറിയിലിരുന്ന മലയാളികളും വിദേശികളുമായ ആരാധകർക്കുമൊപ്പം സെൽഫിയെടുത്തും ഓട്ടോഗ്രാഫ് നൽകിയും താരങ്ങൾ ആരാധകരുടെ മനംകവർന്നു.
മൂന്നുമണിയോടെ ഗ്രൗണ്ടിലെ മഴ കവറുകൾ നീക്കം ചെയ്തതോടെ ഗാലറികൾ ആവേശത്തിലായി. ആസ്ട്രേലിയൻ ജേഴ്സിയണിഞ്ഞ് കാണികൾ ആസ്ട്രേലിയൻ ടീമിന്റെ വരവിനായി കാത്തിരുന്നു. 3.20ഓടെ മൂന്ന് സൂപ്പർ സോപ്പറുകളെ രംഗത്തിറക്കി ഔട്ട്ഫീൽഡിലെ വെള്ളം നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
എന്നാൽ, വിചാരിച്ചത്ര വേഗത്തിൽ വെള്ളം നീക്കം ചെയ്യാൻ വൈകിയതോടെ മത്സരവും നീണ്ടു. മത്സരം നടക്കുമെന്ന് ഉറപ്പായതോടെയാണ് കോവളത്തെ ഹോട്ടലിൽനിന്ന് വൈകീട്ട് 5.35ന് ആസ്ട്രേലിയൻ സംഘം സ്റ്റേഡിയത്തിലെത്തിയത്. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും സംഘത്തെയും നിറഞ്ഞ ഹർഷാരവത്തോടെയാണ് കാണികൾ വരവേറ്റത്. ആറുമണിയോടെ ഗ്രൗണ്ട് പരിശോധിച്ച അമ്പയർമാർ ഏഴുമണിയോടെ മത്സരം ആരംഭിക്കാൻ അനുമതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.