ഇന്ത്യൻ ടീം പരിശീലനത്തിൽ

ലോകകപ്പ് സ്ക്വാഡ് പരിശോധന

മൊഹാലി: ട്വന്റി20 ലോകകപ്പിലേക്ക് ഇനി ഒരു മാസത്തെ ദൂരമെയുള്ളൂ. ഇന്ത്യയുൾപ്പെടെ മിക്കവരും സ്ക്വാഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകകപ്പ് ഇലവന്റെ കാര്യത്തിൽ അന്തിമ തീരുമാനങ്ങൾക്കുള്ള അവസരമായി ആസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുന്നു.

ഇരു ടീമുമായും മൂന്ന് വീതം ട്വന്റി20 മത്സരങ്ങളാണുള്ളത്. ലോകകപ്പ് ആതിഥേയർ കൂടിയായ ഓസീസിനെതിരായ ആദ്യ മത്സരം ചൊവ്വാഴ്ച രാത്രി മൊഹാലിയിൽ നടക്കും. 23ന് നാഗ്പൂരിലും 25ന് ഹൈദരാബാദിലുമാണ് തുടർപോരാട്ടങ്ങൾ.

ഇന്ത്യയുടെ ബാറ്റിങ്നിര എക്കാലവും പുകൾപെറ്റതാണ്. ആരെയൊക്കെ കളിപ്പിക്കുമെന്നത് മാനേജ്മെന്റിനെ സംബന്ധിച്ച് തലവേദനയാണ്. ക്യാപ്റ്റൻ രോഹിത് ശർമ, കെ.എൽ. രാഹുൽ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ദിനേശ് കാർത്തിക് ഇങ്ങനെ പോകുന്നു.

ഹാർദിക് പാണ്ഡ്യയെയും ദീപക് ഹൂഡയെയും അക്സർ പട്ടേലിനെയും ഓൾ റൗണ്ടർമാരുടെ ഗണത്തിലാണ് എണ്ണുന്നത്. പേസ് ബൗളർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും പരിക്കിൽ നിന്ന് മോചിതരായി തിരിച്ചെത്തിയിട്ടുണ്ട്.

ഇരുവരും പൂർണ ആരോഗ്യവാന്മാരാണെന്ന് തെളിയിക്കാൻ അവസരം കാത്തുനിൽക്കുന്നു. ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ മുഹമ്മദ് ഷമി ഈ പരമ്പരയിലെ സംഘത്തിലുണ്ടായിരുന്നെങ്കിലും കോവിഡ് കാരണം കളിക്കില്ല. പകരം ഉമേഷ് യാദവാണ് ടീമിൽ.

പരിക്കാണ് ഓസീസിനെ അലട്ടുന്നത്. പ്രധാനപ്പെട്ട മൂന്നുപേരില്ലാതെയാണ് കങ്കാരു നാട്ടുകാരുടെ വരവ്. പേസ് ബൗളർ മിച്ചൽ സ്റ്റാർക്, ഓൾ റൗണ്ടർമാരായ മിച്ചൽ മാർഷ്, മാർകസ് സ്റ്റോയ്നിസ് എന്നിവർ പരിക്ക് കാരണം പുറത്തായി.

പകരം നഥാൻ എല്ലിസ്, ഡാനിയൽ സാംസ്, സീൻ ആബട്ട് എന്നിവരാണ് സംഘത്തിലുള്ളത്. ഓപണർ ഡേവിഡ് വാർണറും വിശ്രമത്തിലാണ്.

ടീം ഇവരിൽ നിന്ന്- ഇന്ത്യ: രോഹിത് ശർമ, (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ് ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ദീപക് ചഹാർ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.

ആസ്ട്രേലിയ: ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), സീൻ ആബട്ട്, ആഷ്ടൻ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൻ, ഡാനിയൽ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യു വെയ്ഡ്, ആദം സാംപ.

Tags:    
News Summary - World Cup Squad Check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.