പല്ലേക്കെലെ: ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 162 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 161 റൺസെടുത്തത്.
34 പന്തിൽ 54 റൺസെടുത്ത കുശാൽ പെരേരയാണ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി രവി ബിഷ്ണോയ് മൂന്നും ഹാർദിക് പാണ്ഡ്യ, അർഷദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ രണ്ടുവീതം വിക്കറ്റും വീഴ്ത്തി.
പരിക്കേറ്റ ഓപണർ ശുഭ്മാൻ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസൺ അന്തിമ ഇലവനിൽ ഇടം നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയത്തോടെ തുടങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തിൽ ടോസ് നേടി ലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
10 റൺസെടുത്ത് കുശാൽ മെൻഡിസിനെ പെട്ടെന്ന് നഷ്ടമായെങ്കിലും പാത്തും നിസാങ്കയും(32) കുശാൽ പെരേരയും(54) ചേർന്ന് ടീമിനെ മികച്ച നിലയിൽ എത്തിക്കുകയായിരുന്നു. 26 റൺസെടുത്ത് കാമിന്തു മെൻഡിസ് മികച്ച പിന്തുണ നൽകിയെങ്കിലും അവസാന ഓവറുകളിൽ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടപ്പെട്ടത് റണ്ണൊഴുക്ക് കുറച്ചു.
നായകൻ ചരിത് അസലങ്ക (14), ദാസുൻ ശനക (0), വാനിതു ഹസരങ്ക (0) രമേശ് മെൻഡിസ് (12) മഹീഷ് തീക്ഷ്ണ (2) എന്നിവർ പുറത്തായി. ഒരു റൺസുമായി മതീഷ് പതിരാനയും പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.