ന്യൂഡൽഹി: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പുരുഷ ടീമിന് ഐ.പി.എല്ലിൽ കഴിയാത്തതാണ് സ്മൃതി മന്ഥാനയും സംഘവും വനിത പ്രീമിയർ ലീഗിലൂടെ നേടികൊടുത്തത്. വനിത പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന്‍റെ വനിത ടീം ആദ്യ കിരീടം നേടുമ്പോൾ, അത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഫ്രാഞ്ചൈസിയുടെ ആദ്യ കിരീടം നേട്ടം കൂടിയാണ്.
ആർ.സി.ബിയുടെ ഷോക്കേസിൽ ഒടുവിൽ ഒരു ട്രോഫി എത്തിയിരിക്കുന്നു. അതിൽ വനിത ടീം നായിക സ്മൃതി, എല്ലിസ് പെറി, രേണുക ഠാക്കൂർ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അഭിമാനിക്കാം. പുരുഷ ടീമിന്‍റെ സൂപ്പർതാരം വിരാട് കോഹ്ലിയുടെ മുഖത്തും അതിന്‍റെ സന്തോഷം പ്രകടമായിരുന്നു. മത്സരശേഷം സ്മൃതിയെ വിഡിയോ കാൾ ചെയ്താണ് താരം സന്തോഷം അറിയിച്ചത്. ആർ.സി.ബി വനിത ടീമിനൊപ്പം വെർച്വലായി നൃത്തംവെക്കാനും കോഹ്ലി സമയംകണ്ടെത്തി. ഇതിന്‍റെ വിഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ആർ.സി.ബി വനിത ടീം കിരീടവും ആരാധകരുടെ ഹൃദയവും കീഴടക്കിയതിനൊപ്പം വലിയൊരു സമ്മാനത്തുകയും സ്വന്തമാക്കി. ആറു കോടി രൂപയാണ് ചാമ്പ്യന്മാർക്ക് കിട്ടിയത്.
റണ്ണേഴ്സ് അപ്പായ ഡൽഹി ക്യാപിറ്റൽസിന് അഞ്ചു കോടിയും ലഭിച്ചു. കൂടാതെ വ്യക്തിഗത പ്രകടനങ്ങൾക്കും സമ്മാനത്തുകയുണ്ട്. ഫൈനൽ മത്സരത്തിലെ മികച്ച പ്രകടനത്തിനുള്ള ഇലക്ട്രിക് സ്ട്രൈക്കർ പുരസ്കാരം ഷഫാലി വർമക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഫൈനലിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരവും ഷഫാലി തന്നെയാണ്. മൂന്നു സിക്സുകൾ. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക.
ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയതിനുള്ള അഞ്ചു ലക്ഷം രൂപയും ഷഫാലി (20 സിക്സുകൾ) സ്വന്തമാക്കി. സീസണിലെ എമേർജിങ് പ്ലെയർ പുരസ്കാരത്തിനുള്ള അഞ്ചു ലക്ഷം രൂപ ബാംഗ്ലൂരിന്‍റെ ശ്രേയങ്ക പാട്ടീലിനാണ്. ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനുള്ള പർപ്പ്ൾ ക്യാപും ശ്രേയങ്കക്കു തന്നെയാണ്. എട്ടു ഇന്നിങ്സുകളിൽനിന്ന് 13 വിക്കറ്റുകളാണ് താരം നേടിയത്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. റൺ വേട്ടക്കാരിൽ ഒന്നാമനുള്ള ഓറഞ്ച് ക്യാപ് എല്ലിസ് പെറി നേടി. ഒമ്പത് ഇന്നിങ്സുകളിൽനിന്ന് 347 റൺസാണ് നേടിയത്. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക.
ടൂർണമെന്‍റിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം മലയാളി താരം സജന സജീവൻ കരസ്ഥമാക്കി. യു.പി വാരിയേഴ്സ് താരം സോഫി എക്ലസ്റ്റനെ പുറത്താക്കാൻ എടുത്ത ഡൈവിങ് ക്യാച്ചാണ് സജനയെ പുരസ്കാരത്തിന് അർഹയാക്കിയത്. ടൂർണമെന്റിലെ മൂല്യമേറിയ താരം യു.പി വാരിയേഴ്സിന്‍റെ ദീപ്തി ശർമയാണ്. ഫൈനലിൽ ആതിഥേയരായ ഡൽഹിയെ എട്ട് വിക്കറ്റിനാണ് ബാംഗ്ലൂർ തോൽപിച്ചത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി മുന്നോട്ടുവെച്ച 114 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. 37 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന എല്ലിസ് പെറിയും 27 പന്തിൽ 32 റൺസെടുത്ത സോഫി ഡിവൈനും 39 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥാനയുമാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.