ന്യൂഡൽഹി: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ചില താരങ്ങൾ തുടർന്ന് പോരുന്ന വല്ല്യേട്ടൻ മനോഭവം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് മുൻ പരിശീലകൻ ഡബ്ല്യു.വി. രാമൻ ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിക്ക് ഇ-മെയിൽ അയച്ചു. നാഷനൽ ക്രിക്കറ്റ് അക്കാദമി തലവനായ രാഹുൽ ദ്രാവിഡിനും രാമൻ കത്ത് അയച്ചിട്ടുണ്ട്.
രാജ്യത്തെ വനിത ക്രിക്കറ്റിന്‍റെ ഭാവി മുൻനിർത്തിയുള്ള രൂപരേഖ അവതരിപ്പിക്കാൻ ദ്രാവിഡിനോട് രാമൻ അനുവാദം തേടി. കഴിഞ്ഞ വർഷം നടന്ന ട്വന്‍റി20 ലോകകപ്പിൽ ടീം റണ്ണേഴ്സ് അപ്പായെങ്കിലും രാമന് പരിശീലക സ്ഥാനത്ത് തുടരാൻ സാധിച്ചിരുന്നില്ല. മുൻ ഇന്ത്യൻ ടെസ്റ്റ് താരത്തെ പിന്തള്ളി മുൻ സ്പിന്നർ രമേഷ് പൊവാറാണ് വനിത ടീം കോച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ടീമിലെ സീനിയർ താരങ്ങളിൽ ചിലരുമായി സ്വരച്ചേർച്ചയില്ലായ്മയാണ് പലപ്പോഴും കോച്ചുമാരുടെ പുറത്താകലിൽ കലാശിക്കുന്നതെന്നടക്കം മുൻ ഇടൈങ്കയ്യൻ ബാറ്റ്സ്മാൻ തുറന്നു പറയുന്നുണ്ട്. പേരെടുത്ത് പരാമർശിച്ചില്ലെങ്കിലും വിമർശനത്തിന്‍റെ ശരങ്ങൾ നീളുന്നത് ഏകദിന നായികയായ മിഥാലി രാജ് അടക്കമുള്ള സീനിയർ താരങ്ങൾക്ക് നേരെയാണ്.
ടീമിലെ താരാധിപത്യ പ്രവണത ടീമെന്ന നിലയിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കത്തിൽ എഴുതിയതായാണ് റിപ്പോർട്ട്. ഒരു ദേശീയ മാധ്യമം രാമന്‍റെ പ്രതികരണത്തിനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ല. എന്നിരുന്നാലും മുൻ താരവുമായി അടുത്ത് ബന്ധമുള്ള ഒരാൾ മെയിൽ അയച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.