രാജ്കോട്ട്: ബാസ്ബാൾ ശൈലി ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിൽ വിജയം കണ്ടെങ്കിലും മറ്റു രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ട് ടീം അടിയറവ് പറഞ്ഞതോടെ വിമർശനവും ഉയർന്നുതുടങ്ങി. പരമ്പരാഗത രീതി വിട്ട് ടെസ്റ്റിലും ആക്രമിച്ച് കളിച്ച് വലിയ ലക്ഷ്യങ്ങളിലെത്തുകയും വൻ ടോട്ടലുകൾ നേടുകയും ചെയ്യൽ എപ്പോഴും പ്രായോഗികമല്ലെന്ന ഉപദേശം മുൻ നായകരടക്കം ഇംഗ്ലീഷ് താരങ്ങൾക്ക് നൽകുന്നുണ്ട്.
രണ്ടാം ടെസ്റ്റിൽ 399 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബാറ്റർമാർ 292ൽ കീഴടങ്ങി. രാജ്കോട്ടിലാവട്ടെ 434 റൺസിന്റെ വൻ തോൽവിയും ഏറ്റുവാങ്ങി. ജയത്തോടെ ഇന്ത്യ (59.52) ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്റ് പട്ടികയിൽ ന്യൂസിലൻഡിന് (75) പിറകിൽ രണ്ടാം സ്ഥാനത്തേക്കും കയറി.
ഏത് പ്രതിസന്ധി ഘട്ടത്തിലും നിർഭയനായി ബാറ്റ് ചെയ്യുന്ന താരമാണ് യശസ്വി ജയ്സ്വാൾ. ടെസ്റ്റായാലും ഏകദിനമായാലും ട്വന്റി20 ആയാലും ആക്രമണംതന്നെ മുഖമുദ്ര. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളിലായി ജയ്സ്വാൾ നേടിയിരിക്കുന്നത് 545 റൺസാണ്.
തുടർച്ചയായ രണ്ട് ഇരട്ട ശതകങ്ങളാണ് ഇതിലെ ഹൈലൈറ്റ്. നിലവിൽ താരത്തിന്റെ ടെസ്റ്റ് ആവറേജ് 71.75ഉം സ്ട്രൈക് റേറ്റ് 68.99ഉം ആണ്. ആകെ ഏഴ് ടെസ്റ്റിൽ സ്കോർ ചെയ്തത് 861 റൺസ്. 25 സിക്സും 90 ഫോറും ഇതിനകം പറത്തി. ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടോപ് സ്കോററാണിപ്പോൾ.
കപിൽദേവിനുശേഷം ഇന്ത്യ കണ്ട സമ്പൂർണ ഓൾ റൗണ്ടർ ആരെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, രവീന്ദ്ര ജദേജ. ബാറ്റിങ്ങാണോ ബൗളിങ്ങാണോ ജദേജക്ക് കൂടുതൽ നന്നായി വഴങ്ങുകയെന്ന ചോദിച്ചാൽ രണ്ടും എന്നായിരിക്കും ക്രിക്കറ്റ് വിദഗ്ധരുടെയും ആരാധകരുടെയും സഹതാരങ്ങളുടെയും മറുപടി. ഒരേ ടെസ്റ്റിൽ ബാറ്റുകൊണ്ട് സെഞ്ച്വറിയും പന്തെറിഞ്ഞ് അഞ്ച് വിക്കറ്റും നേടാൻ കപിലിന് പോലും കഴിഞ്ഞിട്ടില്ലെന്നത് ചരിത്രം.
ഇന്ത്യക്കാർ അപൂർവമായ ഈ പട്ടികയിൽ രണ്ടുവട്ടം പേര് ചേർത്തയാളാണ് ജദേജ. സഹതാരം ആർ. അശ്വിനുമുണ്ട് ഈ റെക്കോഡ്. രാജ്കോട്ട് ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ 112 റൺസും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റും നേടി പ്ലെയർ ഓഫ് ദ മാച്ചുമായി ജദേജ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.