ജയ്പുർ: രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 203 റൺസ് വിജയലക്ഷ്യം. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം ചെന്നൈക്കെതിരെ വിജയം ലക്ഷ്യമിട്ടിറങ്ങിയ റോയൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റൻ സ്കോർ നേടിയത്. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
43 പന്തുകളിൽ 77 റൺസ് നേടിയ ഓപണർ യശസ്വി ജെയ്സ്വാളാണ് സഞ്ജുവിന്റെ പടക്ക് മികച്ച സ്കോർ സമ്മാനിച്ചത്. എട്ട് ഫോറുകളും നാല് സിക്സറുകളും താരം പറത്തി. ജോസ് ബട്ലറും ജെയ്സ്വാളും ചേർന്ന് പവർപ്ലേയിൽ ഗംഭീര തുടക്കമായിരുന്നു ടീമിന് നൽകിയത്.
ബട്ലർ 21 പന്തുകളിൽ 27 റൺസും ധ്രുവ് ജുറേൽ 15 പന്തുകളിൽ 34 റൺസും ദേവ്ദത്ത് പടിക്കൽ 13 പന്തുകളിൽ 23 റൺസുമെടുത്തു. പടിക്കലും ജുറേലും ചേർന്നാണ് സ്കോർ 200 റൺസ് കടത്തിയത്. സഞ്ജു സാംസൺ 17 പന്തുകളിൽ 17 റൺസുമായി തുശാർ ദേഷ്പാണ്ഡെയുടെ പന്തിൽ റുതുരാജിന് ക്യാച്ച് നൽകി മടങ്ങി.
ചെന്നൈക്കായി തുശാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മഹീഷ് തീക്ഷണയും രവീന്ദ്ര ജദേജയും ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
സീസണിന്റെ ആരംഭത്തിൽ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ ധോണിയെയും സംഘത്തെയും അവരുടെ തട്ടകത്തില്‍ രാജസ്ഥാൻ തോല്‍പ്പിച്ചിരുന്നു. ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നിൽ നേരിടുമ്പോൾ ചെന്നൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.