മുംബൈ: ട്വന്‍റി20 ലോകകപ്പ് 2024ന്‍റെ ബ്രാന്‍ഡ് അംബാസഡറായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്. ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലാണ് (ഐ.സി.സി) യുവരാജിന്‍റെ പേര് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുൻ വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്‍ലിനെയും ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെയും ബ്രാൻഡ് അംബാസഡർമാരായി പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയിൽ 2007ൽ നടന്ന പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ യുവരാജ് നിർണായക പങ്കുവഹിച്ചിരുന്നു. ആറു മത്സരങ്ങളിൽനിന്ന് 148 റൺസ് മാത്രമാണ് നേടിയിരുന്നതെങ്കിലും സ്ട്രൈക്ക് റേറ്റ് 194.74 ആയിരുന്നു. ട്വന്‍റി20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടിയ ആദ്യ താരം കൂടിയാണ് യുവരാജ്. ഇംഗ്ലണ്ടിന്‍റെ സ്റ്റുവർട്ട് ബ്രോഡിന്‍റെ ഓവറിലാണ് താരം ആറു സിക്സുകൾ നേടിയത്. ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്.
യുവരാജ് ട്വന്‍റി20 ലോകകപ്പ് അംബാസഡറാവുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ഐ.സി.സി വക്താവ് അറിയിച്ചു. ട്വന്‍റി20യിൽ ആദ്യമായി ഒരോവറില്‍ ആറ് സിക്‌സുകൾ നേടിയ താരമായ അദ്ദേഹത്തിന്റെ പേര് സുപരിചിതമാണ്. ലോകകപ്പ് അംബാസഡര്‍മാരായി നിയമിച്ച ക്രിസ് ഗെയിൽ, ഉസൈന്‍ ബോള്‍ട്ട് എന്നിവര്‍ക്കൊപ്പം യുവരാജിനെയും ചേര്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പിന്‍റെ പ്രൊമോഷൻ പരിപാടികളിൽ യുവരാജും പങ്കെടുക്കും.
20 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ഒമ്പത് വേദികളിലായി 56 മത്സരങ്ങള്‍. ഫൈനല്‍ ജൂണ്‍ 29ന് ബാര്‍ബഡോസില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.