ന്യൂഡൽഹി: ട്വൻറി20 ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ ക്രിസ് ഗെയ്ൽ, യുവരാജ് സിങ്, എബി ഡിവില്ലിയേഴ്സ് എന്നിവർ ഒരു ടീമിൽ കളിക്കാൻ പോകുന്നു. മെൽബണിലെ ഈസ്റ്റേൺ ക്രിക്കറ്റ് അസോസിയേഷൻ ടീമായ 'ദ മൽഗ്രേവ് ക്രിക്കറ്റ് ക്ലബ്'ആണ് മൂവരെയും ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്.
മുൻ ശ്രീലങ്കൻ താരങ്ങളായ തിലക്രത്ന ദിൽഷനെയും ഉപുൽ തരംഗയെയും ടീമിലെത്തിച്ച അവർ ലങ്കൻ ഇതിഹാസം സനത് ജയസൂര്യയെയാണ് കോച്ചായി നിയമിച്ചിരിക്കുന്നത്. വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുമായും ചർച്ചകൾ നടത്തുന്നതായി ക്ലബ് പ്രസിഡൻറ് മിലൻ പുല്ലെനായകം പറഞ്ഞു.
'ദിൽഷൻ, തരംഗ, ജയസൂര്യ എന്നിവരുടെ സേവനം ഞങ്ങൾ ഉറപ്പാക്കി. കഴിവുറ്റ കുറച്ചധികം താരങ്ങളെ ഞങ്ങളോടൊപ്പം ചേർക്കാനുള്ള ശ്രമങ്ങളിലാണ്'-പുല്ലെനായകം ക്രിക്കറ്റ്.കോം.എയുവിനോട് പറഞ്ഞു.
'ഞങ്ങൾ ചർച്ചയിലാണ്. ഗെയ്ലും യുവരാജും 90 ശതമാനവും ഉറപ്പിച്ച മട്ടാണ്. എങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ട്' -അദ്ദേഹം പറഞ്ഞു. യുവരാജും ഗെയ്ലും ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇ.സി.എ ട്വൻറി20 കപ്പ് ലക്ഷ്യമിട്ട് ടീമിനെ ഒരുക്കാൻ കൂടുതൽ സ്പോൺസർമാരെ തേടുകയാണെന്നും പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.