യുവരാജ് സിങ് പരിശീലക കുപ്പായമണിയുന്നു; അടുത്ത ഐ.പി.എല്ലിൽ അര​ങ്ങേറ്റമുണ്ടായേക്കും

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ മധ്യനിര ബാറ്റ്സ്മാൻ യുവരാജ് സിങ് പരിശീലക കുപ്പായമണിയുന്നു. അടുത്ത ഐ.പി.എല്ലിൽ പരിശീലകനായി യുവരാജ് ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനിരയിലേക്ക് യുവരാജ് എത്തുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഗുജറാത്ത് ടീം മാനേജ്മെന്റും യുവരാജ് സിങും തമ്മിൽ നടത്തുന്നുണ്ടെന്നാണ് വിവരം.

ഗുജറാത്തിന്റെ മുഖ്യപരിശീലകൻ ആശിഷ് നെഹ്റയും ടീം ഡയറക്ടർ വിക്രം സോളങ്കിയും 2025ഓടെ ടീം വിടുമെന്നാണ് റിപ്പോർട്ട്. 2022ലാണ് നെഹ്റയും സോളങ്കിയും ഗുജറാത്തിലെത്തിയത്. ഇരുവർക്കും കീഴിൽ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്താൻ ടീമിന് സാധിച്ചിരുന്നു. എന്നാൽ, ഈ സീസണിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ടീമിന് സാധിച്ചിരുന്നില്ല. ഹാർദിക് പാണ്ഡ്യ ടീം വിട്ട് മുംബൈയിലേക്ക് മാറിയതും മുഹമ്മദ് ഷമിക്ക് പരിക്ക് മൂലം കളിക്കാൻ സാധിക്കാതിരുന്നതും ഗുജറാത്തിന് ഈ സീസണിൽ തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകനായി യുവരാജ് സിങ് എത്തുമെന്ന റിപ്പോർട്ടുകൾ.

​അതേസമയം, ഗുജറാത്തിൽ മാത്രമല്ല ഐ.പി.എല്ലിലെ മറ്റ് ചില ഫ്രാഞ്ചൈസികളിലും പരിശീലക സ്ഥാനങ്ങളിൽ മാറ്റമുണ്ടായേക്കും. ഗൗതം ഗംഭീർ, അഭിഷേക് നയ്യാർ, റയാൻ ടെൻ ഡോസ്ചേറ്റ് എന്നിവർ പടിയിറങ്ങുന്നതോടെ കൊൽക്കത്ത ടീമിന്റെ പരിശീലകരിൽ മാറ്റമുണ്ടാവുമെന്ന് ഉറപ്പാണ്. ഡൽഹിയുടെ പരിശീലക കുപ്പായമഴിച്ചുവെക്കുമെന്ന് റിക്കി പോണ്ടിങ്ങും അറിയിച്ചിട്ടുണ്ട്.

അതേസമയം, ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്തേക്ക് ഇന്ത്യൻ ടീം മുൻ പരിശീലകൻ രാഹുൽ ദ്രാവിഡ് എത്തുമെന്ന് വാർത്തകളുണ്ട്. രാഹുൽ ദ്രാവിഡും രാജസ്ഥാൻ മാനേജ്മെന്റും തമ്മിലുള്ള ചർച്ച അന്തിമ ഘട്ടത്തിലാണ്. മുമ്പ് രാജസ്ഥാൻ ടീമിന്റെ പരിശീലകനായും ക്യാപ്റ്റനായും രാജസ്ഥാൻ പ്രവർത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Yuvraj Singh in consideration for coaching role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.