പ്രായം വെറും അക്കങ്ങളല്ലേ! 43ാം വയസ്സിലും പറന്ന് യുവരാജ് സിങ്-Video

പ്രായം വെറും അക്കങ്ങളല്ലേ! 43ാം വയസ്സിലും പറന്ന് യുവരാജ് സിങ്-Video

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീഗിൽ മുൻ ഇന്ത്യൻ ഇതിഹാസ താരം യുവരാജ് സിങ്ങ് കയ്യിലൊതുക്കിയ ക്യാച്ച് ചർച്ചയാകുന്നു. ശ്രീലങ്ക മാസ്റ്റേഴ്സിന്‍റെ ലഹിരു തിരുമാനയെ പുറത്താക്കാനാണ് അദ്ദേഹം ബൗണ്ടറി ലൈനിൽ നിന്നും പറക്കുന്ന ക്യാച്ച് എടുത്തത്. 43ാം വയസ്സിൽ താരം പിടിച്ചെടുത്ത ക്യാച്ച് കണ്ട ആരാധകർ ഞെട്ടിയിരിക്കുകയാണ്.

ശ്രീലങ്കൻ ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് യുവരാജിന്റെ പറക്കുന്ന ക്യാച്ച് പിറന്നത്. 16 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 24 റൺസുമായി നിന്നിരുന്ന തിരിമാനെ ഇർഫാൻ പത്താന്‍റെ പന്തിൽ ഡീപ് മിഡ് ഓണിലേക്ക് സിക്സറിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ലോങ്ങിൽ ഫീൽഡ് ചെയ്തിരുന്ന യുവി രണ്ട് കയ്യും ഉയർത്തി ചാടി പന്ത് കൈയ്യിലൊതുക്കി.

മത്സരത്തിൽ ഇന്ത്യൻ ടീം നാല് റൺസിന്‍റെ ത്രില്ലിങ് വിജയം സ്വന്തമാക്കി. ടോസ് നേടിയ ശ്രീലങ്ക മാസ്റ്റേഴ്സ് നായകൻ കുമാർ സം​ഗക്കാര ഇന്ത്യ മാസ്റ്റേഴ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ക്യാപ്റ്റൻ സച്ചിൻ തെണ്ടുൽക്കറിനൊപ്പം അമ്പാട്ടി റായുഡുവാണ് ഇന്ത്യക്കായി ഓപ്പണിങ് ഇറങ്ങിയത്. റായുഡു അഞ്ച് റൺസും സച്ചിൻ 10 റൺസും നേടി നേരത്തെ മടങ്ങിയെങ്കിലും പിന്നാലെയെത്തിയ ഗുർക്രീത് സിങ് 32 പന്തിൽ ഏഴ് ഫോർ സഹിതം 44 റൺസുമായി ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കി. 31 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സറും സഹിതം 68 റൺസ് നേടിയ സ്റ്റുവർട്ട് ടീമിന്‍റെ ടോപ് സ്കോററായി. ഫിനിഷിങ് ലൈനിൽ യുവരാജ് സിങ്ങും യൂസുഫ് പത്താനും വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യൻ ടീം കൂറ്റൻ സ്കോർ നേടി.

22 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം യുവരാജ് പുറത്താകാതെ 31 റൺസെടുത്തു. 22 പന്തിൽ മൂന്ന് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 56 റൺസാണ് യൂസഫ് പത്താൻ നേടിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ലങ്കക്കായി നാ‍യകൻ കുമാർ സം​ഗക്കാര 51, ലഹിരു തിരുമാനെ 24, അസേല ​ഗുണരത്നെ 37, ജീവൻ മെൻഡിസ് 42, ഇസരു ഉഡാന 23 എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ഇരു ടീമുകളും മികച്ച പോരാട്ടം നടത്തിയ മത്സരത്തിൽ അവസാനം ഇന്ത്യ വിജയിച്ചു കയറി. നാല് റൺസിനായിരുന്നു ഇന്ത്യൻ വിജയം. 20 ഓവറിൽ ശ്രീലങ്ക മാസ്റ്റേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടാൻ കഴിഞ്ഞത്. ഇന്ത്യക്കായി ഇർഫാൻ പത്താൻ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ വിനയ് കുമാർ, ധവാൽ കുൽകർണി, അഭിമന്യു മിഥുൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Yuvraj Singh took flying catch in masters cricket league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.