ഇന്ത്യ ആദ്യമായി ഒറ്റക്ക് ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിന് വ്യാഴാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങുണരുകയാണ്. ക്രിക്കറ്റിന്‍റെ ലോക പൂരത്തിൽ പത്തു ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താൻ, ആസ്ട്രേലിയ ടീമുകളെയാണ് ഈ ലോകകപ്പിലെ കിരീട ഫേവറൈറ്റുകളായി ക്രിക്കറ്റ് പണ്ഡിറ്റുകളും മുൻ താരങ്ങളുമെല്ലാം ഉയർത്തിക്കാട്ടുന്നത്.
എന്നാൽ, ഈ ടീമുകളൊന്നുമല്ല, ദക്ഷിണാഫ്രിക്ക ഇത്തവണ ഏവരെയും അത്ഭുതപ്പെടുത്തുമെന്നാണ് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പ്രവചിക്കുന്നത്. ഇന്ത്യയുടെ 2011 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് സഹീർ. ടെംബ ബാവുമയുടെ നേതൃത്വത്തിലുള്ള പ്രോട്ടീസ് സംഘം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് 44കാരനായ സഹീർ പറയുന്നത്.
‘എല്ലാവരും ഇന്ത്യ, പാകിസ്താൻ, ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമുകൾക്കാണ് കിരീട സാധ്യത കൽപിക്കുന്നത്. പക്ഷേ, ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക കറുത്ത കുതിരയാകുമെന്ന് തോന്നുന്നു’ -സഹീർ മുംബൈയിൽ ഒരുപരിപാടിയിൽ പറഞ്ഞു. ടൂർണമെന്‍റിൽ പ്രോട്ടീസിന് ഫൈനൽ വരെ എത്താനുള്ള മികച്ച താരങ്ങൾ ആ ടീമിലുണ്ടെന്നും മുൻ പേസർ വ്യക്തമാക്കി. ഐ.സി.സി ടൂർണമെന്റുകളിൽ ദക്ഷിണാഫ്രിക്കയുടെ ചരിത്രം അത്ര മികച്ചതല്ല.
ചോക്കേഴ്‌സ് (സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും സുപ്രധാന ടൂർണമെന്‍റുകളിൽ പരാജയപ്പെടുന്ന ടീം) എന്ന വിളിപ്പേരും അവർക്കുണ്ട്. പക്ഷേ, അടുത്തിടെ ആസ്‌ട്രേലിയക്കെതിരായ അവരുടെ പ്രകടനം നോക്കുമ്പോൾ, അവർ കറുത്ത കുതിരകളാകുമെന്ന് ഞാൻ കരുതുന്നു. അവരുടെ ടീമിലെ ചില താരങ്ങൾ ഇന്ത്യൻ പിച്ചുകളിൽ മികച്ച പ്രകടനം നടത്തിയാൽ, അവർ തീർച്ചയായും എതിരാളികൾക്ക് വെല്ലുവിളിയാകുമെന്നും സഹീർ കൂട്ടിച്ചേർത്തു.
ഏകദിന ലോകകപ്പിന്‍റെ ചരിത്രത്തിൽ ഒരു തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ട് മത്സരം ജയിച്ചത്. ഓസീസിനെതിരായ നാട്ടിലെ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ അടിയറവ് പറഞ്ഞ ദക്ഷിണാഫ്രിക്ക, ബാക്കിയുള്ള മൂന്നു മത്സരങ്ങളിൽ ഗംഭീര തിരിച്ചുവരവ് നടത്തി കിരീടം നേടിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ലോകകപ്പിനെത്തുന്നത്. ഈമാസം ഏഴിന് ശ്രീലങ്കക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് അരങ്ങേറ്റ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.