ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ഗൗതം ഗംഭീർ എത്തിയതോടെ പുതിയ ബൗളിങ് പരിശീലകൻ ആരായിരിക്കുമെന്ന ചർച്ചയാണ് സജീവമാകുന്നത്. നിലവിലെ പരിശീലകൻ പരാസ് മഹംബ്രയുടെ കാലാവധി അവസാനിച്ചതിനാൽ പുതിയ പരിശീലകനെ ഉടൻ നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മുൻ സ്റ്റാർ പേസറായിരുന്ന സഹീർ ഖാന്റെ പേരാണ് പരിഗണന ലിസ്റ്റിൽ ആദ്യമുള്ളത്. മുൻ പേസർ ലക്ഷ്മിപതി ബാലാജിയും ലിസ്റ്റിലുണ്ട്.
മുൻ ഇന്ത്യൻതാരം വിനയ് കുമാറിനെ സഹ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാണ് ഗൗതം ഗംഭീറിന് താൽപര്യമെങ്കിലും ബി.സി.സി.ഐയുടെ ചർച്ചകൾ പുരോഗമിക്കുന്നത് സഹീറിനെയും ബാലാജിയേയും മുൻനിർത്തിയാണ്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളാണ് സഹീർ ഖാൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 ലധികം വിക്കറ്റുകൾ വീഴ്ത്തിയ സഹീർ കളമൊഴിഞ്ഞ ശേഷം പരിശീലക രംഗത്തേക്കാണ് തിരിഞ്ഞത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറാണ് സഹീർ.
സഹീറിനെ അപേക്ഷിച്ച് കുറഞ്ഞ മത്സരങ്ങളേ ബാലാജി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളൂവെങ്കിലും പരിശീലന രംഗത്ത് സജീവമായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിന്റെയും കൊൽകത്ത നൈറ്റ് റൈഡേഴ്സിന്റെ ബൗളിങ് പരിശീലകനായിരുന്ന ബാലാജിക്ക് മികച്ച ട്രാക്ക് റെക്കോഡാണുള്ളത്. വിനയ്കുമാറിന്റെ കാര്യത്തിൽ ബി.സി.സി.ഐ അത്ര താൽപര്യം പ്രകടിപ്പിക്കുന്നില്ല. ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ടീമുകളെ പരിശീലിപ്പിച്ച് പരിചയം ഇല്ലെന്നതെന്ന് വിനയ് കുമാറിന് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.