ജൊഹാനസ്ബർഗ്: വിഖ്യാത സിംബാബ്വെ ക്രിക്കറ്റർ ഹീത്ത് സ്ട്രീക്ക് അർബുദം ബാധിച്ച് ഗുരുതരാവസ്ഥയിൽ. വൻകുടലിലും കരളിലും രോഗം നാലാം ഘട്ടത്തിലാണെന്നും ക്രിക്കറ്റ് താരം സീൻ വില്യംസ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലാണ് 49കാരനായ മുൻ ഓൾറൗണ്ടർ ചികിത്സയിൽ കഴിയുന്നത്. ഹീത്ത് നല്ല മാനസികാവസ്ഥയിൽ തുടരുകയാണെന്നും ക്രിക്കറ്റ് മൈതാനത്ത് എതിരാളികളെ നേരിട്ടതിന് സമാനമായ രീതിയിൽ രോഗത്തിനെതിരെ പോരാടുന്നതു തുടരുമെന്നും കുടുംബവൃത്തങ്ങൾ പറഞ്ഞു. സ്ട്രീക്ക് മരണത്തോട് മല്ലിടുകയാണെന്ന തരത്തിൽ വാർത്തകൾ വന്നതിനെത്തുടർന്നാണ് അസുഖവിവരം മറച്ചുവെച്ചിരുന്ന ബന്ധുക്കൾ ഇതുസംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
1993 മുതൽ 2005 വരെ സിംബാബ്വെക്കുവേണ്ടി ടെസ്റ്റിലും ഏകദിനത്തിലുമായി 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട് സ്ട്രീക്ക്. ഇടക്ക് ക്യാപ്റ്റനുമായി. 2004ൽ ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് രാജിവെച്ചത്. ഒരു വർഷത്തിനുശേഷം 31ാം വയസ്സിൽ വിരമിക്കുകയും ചെയ്തു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, വിസ്മൃതിയിലായ ഗുജറാത്ത് ലയൺസ്, ബംഗ്ലാദേശ്, സോമർസെറ്റ് ടീമുകളുടെ ബൗളിങ് പരിശീലകനായിരുന്നു. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയുടെ കൺസൽട്ടന്റുമായിരുന്നു. 2021ൽ ഐ.സി.സി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ എട്ടു വർഷത്തേക്ക് സ്ട്രീക്കിനെ ക്രിക്കറ്റിൽനിന്ന് വിലക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.