ഹരാരെ: യുവ ബോളർമാർ അവസരത്തിനൊത്ത് ഉയർന്ന മത്സരത്തിൽ സിംബാബ്‌വെയെ എറിഞ്ഞൊതുക്കി ടീം ഇന്ത്യ. സ്പിന്നർ രവി ബിഷ്ണോയി മുന്നിൽനിന്ന് നയിച്ചപ്പോൾ സിംബാബ്‌വെയുടെ ഇന്നിങ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് ബിഷ്ണോയ് പിഴുതത്. 29 റൺസെടുത്ത ക്ലൈവ് മദാൻഡെയാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെക്ക് രണ്ടാം ഓവറിൽ ഓപ്പണർ ഇന്നസെന്‍റ് കാലയുടെ വിക്കറ്റ് നഷ്ടമായി. നേരിട്ട ആദ്യ പന്തിൽ മുകേഷ് കുമാർ ബൗൾഡ് ആക്കുകയായിരുന്നു. ബ്രയൻ ബന്നറ്റ് (22), വെസ്ലി മധേവർ (21) എന്നിവരെ ബിഷ്ണോയ് കൂടാരം കയറ്റി. 17 റൺസെടുത്ത ക്യാപ്റ്റൻ സിക്കന്ദർ റാസയെ ആവേശ് ഖാൻ ബിഷ്ണോയിയുടെ കൈകളിലെത്തിച്ചു. ഇന്നിങ്സിൽ പിറന്ന ഏക സിക്സ് നേടിയത് റാസയാണ്.
നിലയുറപ്പിച്ചു കളിച്ച ഡിയോൺ മയേഴ്സിനെ (22 പന്തിൽ 23) വാഷിങ്ടൻ സുന്ദർ റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. വാലറ്റത്തെ കൂട്ടുപിടിച്ച്, വിക്കറ്റ് കീപ്പർ ബാറ്റർ ക്ലൈവ് മദാൻഡെ ടീം സ്കോർ 100 കടത്തി. 25 പന്തിൽ 29 റൺസ് നേടിയ മദാൻഡെ പുറത്താകാതെനിന്നു. മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. ബിഷ്ണോയി നാല് വിക്കറ്റ് നേടിയപ്പോൾ, വാഷിങ്ടൺ സുന്ദർ രണ്ടും മുകേഷ് കുമാർ, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.