ഒളിമ്പിക്സ് മത്സരങ്ങൾ കാണാൻ പാരിസിലെത്തിയ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിലെ ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഷാഫി അമ്മായത്ത് എഴുതുന്നു
2024ലെ ഒളിമ്പിക്സിന് പാരിസിൽ സമാപനമായിരിക്കുന്നു. ഇന്ത്യക്ക് പ്രതീക്ഷിച്ചിരുന്ന മെഡൽ നിലയിലേക്ക് എത്താനായിട്ടില്ല. കഴിഞ്ഞ തവണ സ്വർണവും വെള്ളികളുമടക്കം ഏഴ് മെഡലുകൾ നേടിയ രാജ്യമാണ്. ഇക്കുറി ഒരു വെള്ളിയിലും അഞ്ച് വെങ്കലത്തിലും അവസാനിപ്പിച്ചിരിക്കുന്നു. എങ്കിലും, കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മുടെ താരങ്ങളുടെ പ്രകടനം ആശാവഹമാണ്. നേരത്തേ ഹോക്കിയിൽ മാത്രമായിരുന്നു ഇന്ത്യ സാന്നിധ്യം അറിയിച്ചിരുന്നത്. എന്നാൽ, അത്‍ലറ്റിക്സ് ഉൾപ്പെടെയുള്ള മറ്റു പല മേഖലകളിലും കയറിവരാനുള്ള ശ്രമത്തിലാണെന്ന് മനസ്സിലാക്കാം. ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോ സ്വർണം നേടിയ നീരജ് ചോപ്രക്ക് ഇത്തവണ വെള്ളിയിലേക്ക് മാറേണ്ടിവന്നെങ്കിലും നിരാശപ്പെടേണ്ട കാര്യവുമില്ല. പരിക്ക് അലട്ടുമ്പോഴും സീസണിലെ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ നീരജിന് കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്ത് ഇന്ത്യക്ക് മെഡലുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങളാണ് ഷൂട്ടിങ്, ഗുസ്തി, ബോക്സിങ്, ഭാരോദ്വഹനം തുടങ്ങിയവ. ബോക്സിങ്ങിലും ഭാരോദ്വഹനത്തിലും പാരിസിൽ പക്ഷേ, ഇക്കുറി ഒന്നുമില്ല. ഷൂട്ടിങ്ങിൽ മൂന്നും ഗുസ്തിയിൽ ഒരു വെങ്കലവും ലഭിച്ചു. നേരിയ വ്യത്യാസത്തിലാണ് പല മെഡലുകളും നഷ്ടമായത്. ഇത്തരം ഇനങ്ങളിൽ പ്രത്യേക പരിശീലന പദ്ധതികൾ തയാറാക്കണം. രാജ്യത്തുടനീളം കുട്ടികളെ അതിലേക്ക് ആകർഷിക്കുന്ന രീതിയിലേക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്ത് ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് പ്രാഥമികമായി നമ്മൾ ചെയ്യേണ്ട കാര്യം. ബാഡ്മിന്റണിൽ സ്വർണമടക്കം ഒന്നിലധികം മെഡലുകൾ പ്രതീക്ഷിച്ചപ്പോൾ കിട്ടിയത് വട്ടപ്പൂജ്യം. ട്രാക്കിലെ പ്രതീക്ഷ വിദൂരത്ത് തുടരുകയാണെങ്കിലും ഫീൽഡ് ഇനങ്ങളിൽ ആഞ്ഞുപിടിച്ചാൽ അത്ഭുതങ്ങൾ ഇനിയും സംഭവിക്കാം.
ഇന്ത്യയുടെ എക്കാലത്തെയും ഒളിമ്പിക്സ് ടീമിന്റെ വലിയ ശക്തി കേരള താരങ്ങളുടെ സാന്നിധ്യമായിരുന്നു, പ്രത്യേകിച്ച് അത്‌ലറ്റിക്സിൽ. പക്ഷേ, കഴിഞ്ഞ കുറച്ചുകാലമായി ഒളിമ്പിക്സിൽ അത് വളരെ ചുരുങ്ങുകയും ഉള്ള ആളുകൾക്ക് വേണ്ട രീതിയിലുള്ള പെർഫോമൻസ് ചെയ്യാൻ കഴിയാതാവുകയും ചെയ്യുന്നുണ്ട്. പുരുഷ 4x400 മീ. റിലേ ടീമിലെ നാല് താരങ്ങൾ മലയാളികളാണെന്നത് സന്തോഷം നൽകുന്നു. ഇവർ ഏഷ്യൻ റെക്കോഡ് സ്ഥാപിച്ച ലോക ചാമ്പ്യൻഷിപ്പിലെ പ്രകടനം പാരിസിൽ ആവർത്തിച്ചിരുന്നെങ്കിൽ ചരിത്രം പിറന്നേനേ. കേരളത്തിൽ ഇനിയും അത്‌ലറ്റിക്സിലും മറ്റ് ഇനങ്ങളിലും ധാരാളം ആളുകളെ സംഭാവന ചെയ്യാനുള്ള സാഹചര്യമുണ്ട്. ഹോക്കിയിലെ മലയാളി സാന്നിധ്യം പി.ആർ. ശ്രീജേഷിൽ അവസാനിപ്പിക്കരുത്. കായിക വിദ്യാഭ്യാസത്തെ പ്രമോട്ട് ചെയ്യണം. സ്കൂൾ തലത്തിൽ പരിശീലനം നൽകാനുള്ള അധ്യാപകരെ നിയമിക്കുകയും ഓരോ പ്രദേശങ്ങളിലും സിന്തറ്റിക് ട്രാക്കും എക്യുപ്മെൻസ് ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും സർക്കാർ ഭാഗത്തുനിന്ന് നൽകുകയും വേണം.
ഒളിമ്പിക്സ് ലക്ഷ്യമിട്ട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ദീർഘകാലാടിസ്ഥാനത്തിൽത്തന്നെ പദ്ധതികൾ ആവിഷ്കരിക്കണം. ഇപ്പോൾ ഒന്നോ രണ്ടോ വർഷത്തെ പരിശീലന പദ്ധതികൾ മാത്രമാണ് നിലവിലുള്ളത്. ചൈനയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ കായികമേഖലക്ക് നൽകുന്ന പ്രധാന്യം നാം മാതൃകയാക്കേണ്ടതുണ്ട്. ഒളിമ്പിക്സിൽ മെഡൽ നേടിയ ശേഷം പ്രൈസ് മണി പ്രഖ്യാപിക്കലോ യോഗ്യത നേടിയ ശേഷം മുറവിളി ഉയരുമ്പോൾ സാമ്പത്തിക സഹായം പ്രഖ്യാപിക്കലോ പോരാ. അന്താരാഷ്ട്ര നിലവാരം കാണിക്കുന്ന പ്രതിഭകൾക്ക് തുടക്കംതൊട്ടേ പ്രത്യേക പരിഗണന നൽകി കൊണ്ടുപോകണം. ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ ഒളിമ്പിക്സിൽ ഇന്ത്യയുടെ പ്രകടനം ഒട്ടും സന്തോഷം നൽകുന്നതല്ല. 150 കോടിയിലധികം ജനങ്ങളുള്ള രാജ്യത്തേക്ക് ആറോ ഏഴോ മെഡലുകളുമായി 120ഓളം താരങ്ങൾ തിരിച്ചുവരുന്നത് വരുംതലമുറക്ക് നല്ല സന്ദേശമല്ല കൊടുക്കുന്നതും. എന്നാലും നാളെ നമ്മുടെതാക്കണം എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവണം. അതിവിദൂരമല്ലാത്ത ഭാവിയിൽ ഒളിമ്പിക്സിന് ഇന്ത്യ ആതിഥ്യം വഹിക്കുന്നതും മെഡൽ എണ്ണം രണ്ടക്കം കടക്കുന്നതും സ്വപ്നംകണ്ട് തുടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.