‘സെൻ’ഡ് ഓഫ്; പാരിസിൽ കൊടിയിറക്കം, ഇ​നി ലോ​സ് ആ​ഞ്ജ​ല​സി​ൽ

പാരിസ്: ഈഫൽ ഗോപുരവും സെൻ നദിയും ഇനി ലോകം കണ്ട ഏറ്റവും വലിയ കായികോത്സവത്തിന്റെ കഥ പറയും. വർഷങ്ങളുടെ ഒരുക്കത്തിനൊടുവിൽ 19 ദിവസം ഫ്രാൻസിന്റെ തലസ്ഥാന നഗരത്തിലെ കളിമൈതാനങ്ങളെയും തെരുവുകളെയും ത്രസിപ്പിച്ച പാരിസ് ഒളിമ്പിക്സിന് സമാപ്തി കുറിച്ചു. നാല് വർഷത്തിനപ്പുറം യു.എസിലെ ലോസ് ആഞ്ജലസ് 34ാം ഒളിമ്പിക്സിന് വേദിയാവും. ലോകത്തിലെതന്നെ മികച്ച സ്റ്റേഡിയങ്ങളിലൊന്നെന്ന് പേരെടുത്ത സ്റ്റേഡ് ഡി ഫ്രാൻസിൽ ഇന്ത്യൻ സമയം ഞാ‍യറാഴ്ച അർധരാത്രി ആരംഭിച്ച സമാപനച്ചടങ്ങുകൾ മണിക്കൂറുകൾ നീണ്ടുനിന്നു.

ആറിലൊതുങ്ങി ഇന്ത്യ

ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യ 2021ൽ നടന്ന ടോക്യോ ഒളിമ്പിക്സിൽ പുറത്തെടുത്തത്. കോവിഡ് പ്രതിസന്ധിയിൽ ഒരുവർഷം വൈകി അരങ്ങേറിയ ടോക്യോ ഗെയിംസിൽ നീരജ് ചോപ്ര പുരുഷ ജാവലിൻ ത്രോയിൽ നേടിയ സ്വർണം തലമുറകളെത്തന്നെ പ്രചോദിപ്പിക്കുന്നതായിരുന്നു. രണ്ട് സ്വർണവും നാല് വെങ്കലവുമടക്കം ഏഴ് മെഡലുകൾ അന്ന് ലഭിച്ചു. ഇത്തവണ പക്ഷേ നീരജിന്റെ വെള്ളിയും അഞ്ച് വെങ്കല മെഡലുകളുമാണ് സമ്പാദ്യം.

വനിത ബോക്സിങ് ഫൈനലിലെത്തി അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, ബാഡ്മിന്റണിലെ സാത്വിക് ചിരാഗ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം തുടങ്ങിയവരിൽ നിന്നെല്ലാം ഇന്ത്യ സ്വർണത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിരുന്നില്ല. എന്നാൽ, മെഡൽപ്പട്ടികയിൽപ്പോലും ഇവരുടെ പേര് വന്നില്ല. അഞ്ചിൽ മൂന്ന് വെങ്കലവും ലഭിച്ചത് ഷൂട്ടിങ്ങിലാണ്. വനിത 10 മീ. എയർ പിസ്റ്റളിൽ അക്കൗണ്ട് തുറന്ന മനു ഭാകർ, മിക്സഡിൽ സരബ്ജ്യോത് സിങ്ങിനൊപ്പവും വെങ്കലം നേടി. പുരുഷ 50 മീ. റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുശാലെയും മെഡൽ സ്വന്തമാക്കി. ഹോക്കി ടീം വെങ്കലം നിലനിർത്തിയതിന് പിന്നാലെ അമൻ സെഹ്റാവത്ത് പുരുഷ 57 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിലും മൂന്നാം സ്ഥാനക്കാരനായി പട്ടിക തികച്ചു.

യു.എസ് മേധാവിത്വം

40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡലുകൾ യു.എസ് നേടി. രണ്ടാം സ്ഥാനത്ത് ചൈനക്ക് 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവും നേടാനായി.2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ വലിയ മുൻതൂക്കം പുലർത്തിയ ചൈനയെ 2012ൽ ലണ്ടനിൽ യു.എസ് മറികടന്നു. 2016ൽ റയോയിൽ ബ്രിട്ടനും പിറകിൽ പോയ ചൈന കഴിഞ്ഞ തവണ ടോക്യോയിൽ പക്ഷേ ശക്തമായി തിരിച്ചുവന്നു.

അത് ലറ്റിക്സിലെയും നീന്തലിലെയും താരങ്ങളാണ് യു.എസിന്റെ സ്വർണ ഷെൽഫിലെ പ്രധാന സംഭാവനക്കാർ. ഇക്കുറി ലഭിച്ച സ്വർണത്തിൽ പകുതിയിലേറെയും വന്നത് ഈ രണ്ട് ഇനങ്ങളിലാണ്. ആകെ 62 മെഡലുകൾ അത് ലറ്റിക്സിലും നീന്തലിലുമായി കിട്ടി. ഡൈവിങ്, ഷൂട്ടിങ്, ടേബിൾ ടെന്നിസ്, ഭാരദ്വഹനം എന്നിവയിൽനിന്നാണ് ചൈനക്ക് ഭൂരിഭാഗം സ്വർണവും കിട്ടിയത്.

Tags:    
News Summary - Olympics flag down in Paris, next in Los Angeles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.