കൊൽക്കത്ത: പ്രീസീസൺ മത്സരങ്ങൾക്ക് പിന്നാലെ ആരംഭിച്ച ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ തകർപ്പൻ പ്രകടനവുമായി മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്സിന് വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ പോരാട്ടം. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കുന്ന സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബദ്ധവൈരികളെന്ന് വിശേഷിപ്പിക്കാവുന്ന ബംഗളൂരു എഫ്.സിയാണ് എതിരാളികൾ. 2023ലെ ഐ.എസ്.എൽ പ്ലേ ഓഫ് മത്സരത്തിൽ ഛേത്രി വിവാദ ഗോളടിച്ചതിലൂടെയുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്സ് -ബംഗളൂരു പോരിന് ആരാധകർക്കിടയിലും വാശിയും ആവേശവും കൂടിയിട്ടുണ്ട്.
ക്ലബ് നിലവിൽ വന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കിരീടങ്ങളൊന്നും കൈയിലില്ലെന്നത് ബ്ലാസ്റ്റേഴ്സിന്റെ സ്വകാര്യ ദുഃഖമാണ്. ഗ്രൂപ് റൗണ്ടിൽ സമ്പൂർണ ജയവുമായാണ് സുനിൽ ഛേത്രിയും സംഘവും അവസാന എട്ടിൽ കടന്നിരിക്കുന്നത്. ബ്ലാസ്റ്റേഴ്സാവട്ടെ രണ്ട് ജയവും ഒരു സമനിലയും നേടി. ഐ.എസ്.എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഗ്രൂപ് സിയിൽ എതിരില്ലാത്ത എട്ട് ഗോളിന് തകർത്താണ് പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറെക്ക് കീഴിൽ മഞ്ഞപ്പട തുടങ്ങിയത്. പിന്നാലെ മറ്റൊരു ഐ.എസ്.എൽ ടീമായ പഞ്ചാബ് എഫ്.സിയോട് സമനില. തുടർന്ന് സി.ഐ.എസ്.എഫിനെ 7-0ത്തിന് മടക്കിയാണ് ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്.
മൂന്ന് മത്സരങ്ങളിൽ 15 ഗോൾ നേടിയ ടീം വഴങ്ങിയത് ഒരെണ്ണം മാത്രം. എഫ്.സി ഗോവയിൽനിന്ന് ഇത്തവണ ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയ സ്ട്രൈക്കർ നോഹ സദോയി രണ്ട് മത്സരങ്ങളിൽ ഹാട്രിക് നേടി തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ ഐ.എസ്.എല്ലിനിടെ പരിക്കേറ്റ് മടങ്ങിയ ഘാനക്കാരൻ ക്വാമെ പെപ്രയും ഹാട്രിക്കോടെ തിരിച്ചുവരവ് ഗംഭീരമാക്കി. ലക്ഷദ്വീപ് മലയാളിയായ മുഹമ്മദ് അയ്മനും രണ്ട് ഗോൾ നേടി.
മധ്യനിരയിൽ കളി മെനയുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഫോമും പ്രതീക്ഷയുണർത്തുന്നു. വ്യക്തിപരമായ കാരണങ്ങളാൽ വിട്ട മലയാളി താരം വിബിൻ മോഹനനും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ച ഛേത്രി ഗോളടിച്ച് ഡ്യൂറൻഡ് കപ്പ് മിന്നുന്നുണ്ട്. ഗ്രൂപ് ബിയിൽ ഐ ലീഗ് ചാമ്പ്യന്മാരായ മുഹമ്മദൻസ്, ഇന്റർ കാശി, ഇന്ത്യൻ നേവി എന്നിവരെയാണ് ബംഗളൂരു തോൽപിച്ചുവിട്ടത്.
ജാംഷഡ്പുർ: ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും പഞ്ചാബ് എഫ്.സിയും ഏറ്റുമുട്ടും. ടാറ്റ് സ്പോർട്സ് കോംപ്ലക്സ് വൈകീട്ട് നാലിനാണ് മത്സരം. ഏഴ് പോയന്റുമായി ഗ്രൂപ് എ ജേതാക്കളായാണ് ബഗാൻ ക്വാർട്ടറിൽ കടന്നത്. മലയാളി താരങ്ങളായ സഹൽ അബ്ദുൽ സമദും ആഷിഖ് കുരുണിയനും കൊൽക്കത്തൻ ക്ലബിലുണ്ട്.
ഗ്രൂപ് സിയിൽ ഏഴ് പോയന്റോടെ കേരള ബ്ലാസ്റ്റേഴ്സിന് പിന്നിൽ രണ്ടാമതായും പഞ്ചാബും ക്വാർട്ടറിലെത്തി. ഇന്ത്യൻ ആർമിയെ തോൽപിച്ച് നോർത്ത് ഈസ്റ്റ് യുനൈറ്റഡും ഈസ്റ്റ് ബംഗാളിനെ അട്ടിമറിച്ച് ഷില്ലോങ് ലജോങ്ങും സെമി ഫൈനലിലെത്തിയിട്ടുണ്ട്. ആഗസ്റ്റ് 26ന് നടക്കുന്ന ഒന്നാം സെമിയിൽ ഇരു ടീമും മുഖാമുഖം വരും. ബ്ലാസ്റ്റേഴ്സ് -ബംഗളൂരു, ബഗാൻ -പഞ്ചാബ് മത്സരങ്ങളിലെ വിജയികൾ തമ്മിലാവും രണ്ടാം സെമി.
കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ക്വാർട്ടർ ഫൈനലിലെ ചില മത്സരങ്ങൾക്ക് പിന്നാലെ ഷില്ലോങ് ലജോങ്-നോർത്ത് ഈസ്റ്റ് യുനൈറ്റഡ് സെമി ഫൈനലും കൊൽക്കത്തയിൽനിന്ന് മാറ്റി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 25ന് നടക്കേണ്ടിയിരുന്ന മത്സരം 26ന് മേഘാലയയിലെ ഷില്ലോങ് ജവർഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറും. രണ്ടാം സെമി 27ന് സാൾട്ട് ലേക്കിൽതന്നെയായിരിക്കുമെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. ഡോക്ടറുടെ കൊലപാതകത്തെതുടർന്നുണ്ടായ സംഘർഷങ്ങളുടെ പേരിൽ ഈസ്റ്റ് ബംഗാൾ-മോഹൻ ബഗാൻ ‘കൊൽക്കത്ത ഡെർബി’ ഉപേക്ഷിക്കുകയും ചില മത്സരങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.