കളമൊഴിഞ്ഞ് ബ്രാവോ; ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ആൾറൗണ്ടർ

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ആൾറൗണ്ടർ ഡ്വെയ്ൻ ബ്രാവോ. ഫീൽഡിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് കരീബിയൻ പ്രീമിയർ ലീഗിൽനിന്ന് പുറത്തായതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിരമിക്കൽ പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടിലധികം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമമാകുന്നത്.

‘ഒരു പ്രഫഷനൽ ക്രിക്കറ്റർ എന്ന നിലയിൽ 21 വർഷത്തേത് അവിശ്വസനീയ യാത്രയാണ്. നിരവധി ഉയർച്ചകളും കുറച്ച് താഴ്ചകളും അടങ്ങിയതാണത്. ഈ ബന്ധം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ട സമയമാണിത്. എന്റെ മനസ്സ് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു, എന്നാൽ ശരീരത്തിന് ഇനി വേദനയും ആയാസവുമൊന്നും താങ്ങാൻ കഴിയില്ല. എന്റെ ടീമംഗങ്ങളെയോ ആരാധകരെയോ ഞാൻ പ്രതിനിധീകരിക്കുന്ന ടീമുകളെയോ നിരാശപ്പെടുത്തുന്ന ഒരു സ്ഥാനത്ത് എനിക്ക് തുടരാൻ കഴിയില്ല’ -ബ്രാവോ കുറിച്ചു.

‘എനിക്ക് മറ്റൊന്നിലും താൽപര്യമില്ലായിരുന്നു, എന്റെ ജീവിതം മുഴുവൻ ഞാൻ നിങ്ങൾക്കായി സമർപ്പിച്ചു. പകരം, എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ഞാൻ സ്വപ്നം കണ്ട ജീവിതം നിങ്ങൾ തിരികെ നൽകി. അതിന് എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... അതിനാൽ, ഹൃദയഭാരത്തോടെ ഞാൻ കായികരംഗത്ത് നിന്ന് വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഇന്ന്, ചാമ്പ്യൻ വിടപറയുന്നു’ -ബ്രാവോ കൂട്ടിച്ചേർത്തു.

2021ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ​ബ്രാവോ ട്വന്റി 20 ക്രിക്കറ്റിൽ ലോകം കണ്ട മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്. 582 മത്സരങ്ങളിൽ 631 വിക്കറ്റും 6970 റൺസുമാണ് സമ്പാദ്യം. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോഡും 40കാരന്റെ പേരിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗ്, പാകിസ്താൻ സൂപ്പർ ലീഗ്, കരീബിയൻ പ്രീമിയർ ലീഗ്, ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് എന്നിവയിലെല്ലാം ബാറ്റ് കൊണ്ടും ബാൾ കൊണ്ടും ബ്രാവോ വിസ്മയിപ്പിച്ചു. അഞ്ചുതവണയാണ് കരീബിയൻ പ്രീമിയർ ലീഗിൽ ബ്രാവോ അടങ്ങിയ ടീം ജേതാക്കളായത്.

2012ലും 2016ലും വെസ്റ്റിൻഡീസ് ട്വന്റി 20 ലോകകപ്പ് നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ബ്രാവോ. രാജ്യത്തിനായി 40 ടെസ്റ്റിൽ 2200 റൺസും 86 വിക്കറ്റും നേടിയപ്പോൾ 164 ഏകദിനത്തിൽ 2968 റൺസും 199 വിക്കറ്റും സ്വന്തമാക്കി. 91 ട്വന്റി 20 മത്സരങ്ങളിൽ 1255 റൺസും 78 വിക്കറ്റുമാണ് സമ്പാദ്യം.

Tags:    
News Summary - Dwayne Bravo retires from all forms of cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.