ന്യൂഡൽഹി: 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ശ്രമങ്ങൾ ഊർജിതമാക്കി ഇന്ത്യ. ഇക്കാര്യത്തിൽ നേരത്തേ തന്നെ ഇന്ത്യ താൽപര്യം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസ് ഗുജറാത്തിൽ വിജയകരമായി നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ലോകത്തെ ഏറ്റവും വലിയ കായികോത്സവത്തിന് ആതിഥ്യമരുളാൻ നീക്കങ്ങൾ തുടരുന്നത്. ലോകകപ്പ് ഫുട്ബാൾ പോലൊരു വലിയ കായിക പരിപാടി സമീപഭാവിയിൽ ഇന്ത്യയിലും നടക്കുമെന്ന് ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാകുർ, ഒളിമ്പിക്സ് കാര്യത്തിൽ ഇന്ത്യയുടെ താൽപര്യം ആവർത്തിച്ചു.
ഗുജറാത്തിലെ അഹ്മദാബാദിനെ ഒളിമ്പിക്സ് ആതിഥേയ നഗരമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കാര്യം ഠാകുർ ആവർത്തിച്ചു പറഞ്ഞു. ഗുജറാത്ത് പല തവണ താൽപര്യം അറിയിച്ചിട്ടുണ്ട്. അവർക്ക് അതിനുള്ള സൗകര്യങ്ങളെല്ലാമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പാരിസ് (2024), ലോസ് ആഞ്ജലസ് (2028), ബ്രിസ്ബേൻ (2032) നഗരങ്ങളിലാണ് അടുത്ത മൂന്ന് ഒളിമ്പിക്സുകൾ. ജർമനി, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ഖത്തർ രാജ്യങ്ങളും 2036 ഒളിമ്പിക്സിൽ താൽപര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. 2036 ഒളിമ്പിക്സുമായി ബന്ധപ്പെട്ട് 10 പട്ടണങ്ങളുമായി പ്രാഥമിക ചർച്ചകൾ തുടരുകയാണെന്ന് അടുത്തിടെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അറിയിച്ചിരുന്നു. 1951, 1982 എഷ്യൻ ഗെയിംസുകളും 2010 കോമൺവെൽത്ത് ഗെയിംസും ഇന്ത്യയിലാണ് നടന്നത്. ന്യൂഡൽഹിയായിരുന്നു വേദി.
നിർമാണം മുതൽ സേവനം വരെ ഓരോ മേഖലയിലും ഇന്ത്യ വാർത്തയാകുന്ന ഈ കാലത്ത് കായിക രംഗത്തും എന്തുകൊണ്ട് പറ്റില്ലെന്ന് അനുരാഗ് ഠാകുർ ചോദിച്ചു. ജി20 ഉച്ചകോടിക്കും രാജ്യം വേദിയാവാനിരിക്കുകയാണ്. ആതിഥേയത്വം സംബന്ധിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനുമായി സംസാരിച്ച് 2023 സെപ്റ്റംബറിൽ മുംബൈയിൽ നടക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി യോഗത്തിന് മുമ്പ് രൂപരേഖ തയാറാക്കും. 2032 വരെയുള്ള വേദികൾ തീരുമാനിച്ചിട്ടുണ്ട്. അതു കഴിഞ്ഞുവരുന്ന ഒളിമ്പിക്സിനാണ് ശ്രമമെന്നും കായിക മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.