ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ടെന്നിസിൽ പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥനും സകേത് മെയ്നേനിയും ചേർന്ന സഖ്യത്തിന് വെള്ളി. വെള്ളിയാഴ്ച നടന്ന ഫൈനലിൽ സീഡ് ചെയ്യപ്പെടാതെ വന്ന ചൈനീസ് തായ്പേയിയുടെ സു യു സിയോ-ജാസൺ ജങ് സഖ്യം രണ്ടാം സീഡായ ഇന്ത്യക്കാരുടെ സുവർണ പ്രതീക്ഷകൾ നേരിട്ടുള്ള സെറ്റുകളിൽ അവസാനിപ്പിച്ചു.
സ്കോർ: 6-4, 6-4. അതേസമയം, മിക്സഡ് ഡബ്ൾസിൽ റുത്ജ ബൊസാലെക്കൊപ്പം ഇന്ത്യയുടെ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ ഫൈനലിൽ കടന്നു. സെമിയിൽ അവർ 6-1, 3-6, 10-4 എന്ന സ്കോറിന് ചൈനീസ് തായ്പേയിയുടെ ചാൻ ഹാവോ ചിങ്-സു യു സിയോ ജോടിയെ തോൽപിച്ചു. സിംഗ്ൾസ് റാങ്കിങ്ങിൽ മുൻനിരക്കാരായ തായ്പേയിക്കാർ മത്സരത്തിലൊരിക്കലും ഇന്ത്യൻ ജോടിക്ക് കൂടുതൽ അവസരങ്ങൾ നൽകിയില്ല. നിർണായക ഘട്ടത്തിൽ ഇന്ത്യക്കാരുടെ സെർവ് ഭേദിച്ച് അവർ ജയിച്ചുകയറുകയും ചെയ്തു.
ഏഷ്യൻ ഗെയിംസിൽ രാംകുമാറിന്റെ ആദ്യ മെഡലാണിത്. മെയ്നേനിയുടെ മൂന്നാമത്തേതും. ഇഞ്ചിയോണിൽ മിക്സഡ് ഡബ്ൾസിൽ സാനിയക്കൊപ്പം സ്വർണം നേടിയ മെയ്നേനി പുരുഷ ഡബ്ൾസിൽ സനം സിങ്ങിനൊപ്പം വെള്ളിയും നേടിയിരുന്നു.
രാജ്യത്തിനുവേണ്ടി നേടാൻ കൊതിച്ച, ഏറെ കാത്തിരുന്ന മെഡൽ കിട്ടിയതിൽ ഏറെ സന്തോഷവാനാണെന്ന് രാംകുമാർ പറഞ്ഞു. ഒരാഴ്ച നന്നായി കളിക്കാനായെന്നും എതിരാളികൾ സ്വർണം അർഹിച്ചിരുന്നുവെന്നുമായിരുന്നു മെയ്നേനിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.