ലണ്ടന്‍: 2024ലെ പാരിസ് ഒളിമ്പിക്‌സില്‍ ബ്രേക്ക് ഡാന്‍സ് അടക്കമുള്ള നാല് ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) അംഗീകാരം നല്‍കി. പാരിസ് ഒളിമ്പിക്‌സില്‍ സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ്, സ്‌പോര്‍ട്‌സ് ക്ലൈംബിങ് എന്നിവയ്‌ക്കൊപ്പം ബ്രേക്ക്ഡാന്‍സിങ്ങും ഉള്‍പ്പെടുത്തുന്നതിന് ഐ.ഒ.സി തിങ്കളാഴ്ച അംഗീകാരം നല്‍കിയതായി പ്രസിഡൻറ് തോമസ് ബാച്ച് പറഞ്ഞു.
ഒളിമ്പിക്സ് നടക്കുന്ന പ്രദേശത്തെ ജനപ്രിയ ഇനങ്ങളെ ഉൾപ്പെടുത്താൻ ആതിഥേയ നഗരത്തെ അനുവദിക്കുന്ന ഐ.ഒ.സിയുടെ പുതിയ ചട്ടപ്രകാരമാണിത്. പാരീസ് ഒളിമ്പിക്‌സിനെ കോവിഡാനന്തര ലോകത്തിന് കൂടുതല്‍ അനുയോജ്യമാക്കുകയാണ് ലക്ഷ്യമെന്ന് തോമസ് ബാച്ച് വ്യക്തമാക്കി. ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിൻെറ ചെലവും നടത്തിപ്പിലെ സങ്കീര്‍ണ്ണതയും കൂടുതല്‍ കുറയ്ക്കാൻ ഇത് സഹായിക്കും. യുവാക്കളെ കൂടുതലായി ആകർഷിക്കാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്‌പോണ്‍സര്‍മാര്‍ക്കും ബ്രോഡ്കാസ്റ്റിങ് പങ്കാളികള്‍ക്കും യുവ ആരാധകര്‍ക്കും താല്‍പര്യമുള്ള തരത്തില്‍ ഒളിമ്പിക്‌സിനെ നവീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഐ.ഒ.സിയുടെ പുതിയ നീക്കം. പാരീസ് ഗെയിംസിനുള്ള മൊത്തം അത്ലറ്റുകളുടെ എണ്ണം 10,500 ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടുത്തിടെ നടന്ന ഒളിമ്പിക്സുകളിൽ പങ്കെടുത്ത മൊത്തം അത്ലറ്റുകളുടെ എണ്ണത്തേക്കാൾ 500 കുറവാണിത്. വെയ്റ്റ്ലിഫ്റ്റിങ്, ബോക്സിങ് മത്സരങ്ങളിലാണ് മത്സരാർഥികളുടെ എണ്ണം കുറച്ചിരിക്കുന്നത്. എന്നാല്‍, പാരീസ് ഗെയിംസില്‍ പുരുഷ-വനിതാ അത്ലറ്റുകളുടെ എണ്ണം തുല്യമായിരിക്കും. കോവിഡ് മൂലം 2021ലേക്ക് മാറ്റിവെച്ച ടോക്യോ ഗെയിംസില്‍ വനിതാ പ്രാതിനിധ്യം 48.8 ശതമാനമായിരുന്നു.
1970ൽ അമേരിക്കയിൽ രൂപമെടുത്ത ബ്രേക്ക്ഡാൻസിങ് ഇപ്പോൾ ലോകമെമ്പാടും ലക്ഷക്കണക്കിന് യുവാക്കളുടെ ഹരമായി മാറിയിട്ടുണ്ട്. 2019ൽ മുംബൈയിൽ നടന്ന റെഡ്ബുൾ ബ്രേക്ക്ഡാൻസ് വൺ വേൾഡ് ഫൈനൽ നേരിട്ടും വിവിധ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൂടെയും കണ്ടത് അഞ്ച് കോടി ആളുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.