ദേശീയ ഗെയിംസിലെ അത്‍ലറ്റിക്സ് മത്സരങ്ങൾക്ക് കഴിഞ്ഞ ദിവസം സമാപനമായപ്പോൾ സർവിസസ് മേധാവിത്വം നിലനിർത്തി. കഴിഞ്ഞ തവണ രണ്ടാമതുണ്ടായിരുന്ന കേരളം ഏറെ പിറകിലായി. അത്‍ലറ്റിക്സിൽ മാത്രം സർവിസസിന് 11 സ്വർണവും ഏഴ് വെള്ളിയും പത്ത് വെങ്കലവും ലഭിച്ചു.
ആകെ 184 പോയന്റ്. തമിഴ്നാട് (134), ഉത്തർപ്രദേശ് (110), ഹരിയാന (86.5) ടീമുകൾക്ക് പിറകിൽ 73.5 പോയന്റിൽ അഞ്ചാമതായി കേരളം. നേടിയതാവട്ടെ വെറും മൂന്ന് സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും. അവസാനം വനിത 400 മീ. ഹർഡ്ൽസിൽ ലഭിച്ച വെള്ളി മാത്രമാണ് ആശ്വസിക്കാനുണ്ടായിരുന്നത്.
കേരളം കാര്യമായ നേട്ടം പ്രതീക്ഷിച്ചിരുന്ന അത്‍ലറ്റിക്സ് മത്സരങ്ങളിൽ പാടെ നിറംമങ്ങിയതോടെ ദേശീയ ഗെയിംസ് ചരിത്രത്തിലെ മോശം പ്രകടനത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അതേസമയം, കഴിഞ്ഞ ദിവസം വനിത അമ്പെയ്ത്ത് ഇന്ത്യൻ റൗണ്ട് ഇനത്തിൽ ജേതാക്കളായി കേരളം ഗെയിംസിലെ സ്വർണനേട്ടം പതിനൊന്നാക്കി.
നീന്തലിൽ പുരുഷന്‍മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ ബുധനാഴ്ച സജന്‍ പ്രകാശ് സ്വര്‍ണം നേടി. 1:59.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സജൻ രണ്ടാം സ്വർണം നേടിയത്. പുരുഷ ഖോഖോ ടീമും നീന്തൽ 400 മീ. ഫ്രീസ്റ്റൈലിൽ സജൻ പ്രകാശും വനിത ഭാരോദ്വഹനം 87+ കിലോ ഇനത്തിൽ ആൻ മരിയയും വെള്ളി നേടി.
ബുധനാഴ്ച ബാഡ്മിന്റൺ കോർട്ടിൽ നിന്ന് മൂന്ന് വെങ്കലവും ലഭിച്ചു. വനിത ഡബ്ൾസിൽ ആരതി സാറ സുനിൽ - മെഹ്റീൻ റിസ, പുരുഷ ഡബ്ൾസിൽ എസ്. സഞ്‌ജിത് - എം. ശ്യംപ്രസാദ്, മിക്സഡ് ഡബ്ൾസിൽ എസ്. സഞ്ജിത് - ടി.ആർ. ഗൗരി കൃഷ്ണ സഖ്യങ്ങൾക്കാണ് വെങ്കലം.
11 സ്വർണവും 15 വെള്ളിയും ആറ് വെങ്കലവുമായി ആകെ മെഡൽപട്ടികയിൽ പത്താമതാണ് കേരളമിപ്പോൾ. ഗെയിംസ് തീരാൻ ഒരാഴ്ച ശേഷിക്കെ 40 സ്വർണമടക്കം 89 മെഡലുമായി സർവിസസ് ഒന്നാം സ്ഥാനത്ത് വെല്ലുവിളികളില്ലാതെ തുടരുകയാണ്.
മൂന്നിലൊന്നു പോലും നിലനിർത്താനാവാതെ മടക്കം
ഗാന്ധിനഗർ: ഏഴ് കൊല്ലത്തിനിപ്പുറം കേരളത്തിന് വലിയ നഷ്ടമാണ് അത്‍ലറ്റിക്സ് മെഡലിൽ സംഭവിച്ചിരിക്കുന്നത്. 2015ൽ 13 സ്വർണവും 14 വെള്ളിയും ഏഴ് വെങ്കലവും നേടിയിടത്ത് നിന്ന് വെറും മൂന്ന് സ്വർണത്തിലേക്കും ആറ് വെള്ളിയിലേക്കും രണ്ടേരണ്ട് വെങ്കലത്തിലേക്കും വീണു. ആതിഥ്യമരുളിയപ്പോൾ ട്രാക്കിലും ഫീൽഡിലുമായി ആകെ 34 മെഡലുകളുണ്ടായിരുന്നത് 11ലേക്ക് താഴ്ന്നു. സ്വർണ നേട്ടം നാലിലൊന്നുപോലുമില്ലാതെ ചുരുങ്ങി. വെള്ളി പകുതിപോലും നിലനിർത്തിയില്ല. വെങ്കലവും തീരെ കുറഞ്ഞു. സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ട്രാക്കിലും ഫീൽഡിലും നടത്തിയിരിക്കുന്നത്.
ട്രാക്കിൽ വ്യക്തിഗത സ്വർണമില്ല
വനിത ലോങ്ജംപിൽ നയന ജെയിംസ്, ട്രിപ്ൾ ജംപിൽ എൻ.വി. ഷീന, 4x100 റിലേ ടീം എന്നിവരാണ് ഇത്തവണ ഒന്നാം സ്ഥാനവുമായി കേരളത്തിന്റെ മാനംകാത്തവർ. പുരുഷ 4x100 റിലേ ടീം, ലോങ് ജംപിൽ എം. ശ്രീശങ്കർ, ട്രിപ്ൾ ജംപിൽ എ.ബി. അരുൺ, ഹൈജംപിൽ ടി. ആരോമൽ, വനിത 400 മീ. ഹർഡ്ൽസിൽ ആർ. ആരതി, ഹെപ്റ്റാത്തലണിൽ മറീന ജോർജ് എന്നിവർ വെള്ളിയും നേടി.
ലോങ്ജംപ് വനിതകളിൽ ശ്രുതിലക്ഷ്മിക്കും പുരുഷന്മാരിൽ വൈ. മുഹമ്മദ് അനീസിനും വെള്ളി ലഭിച്ചു. ട്രാക്കിൽ ഒരു വ്യക്തിഗത സ്വർണം പോലുമില്ലാതെയാണ് മടക്കം.
മിന്നിത്തിളങ്ങി സർവിസസ് മലയാളികൾ
കേരളം നിറം മങ്ങിയെങ്കിലും മലയാളികളുടെ മികവ് സർവിസസിന് ഗുണം ചെയ്തു. 400 മീറ്ററിൽ സ്വർണവും 200ൽ വെള്ളിയും നേടിയ മുഹമ്മദ് അജ്മൽ, 800 മീ. ജേതാവ് മുഹമ്മദ് അഫ്സൽ, 400 മീ. ഹർഡ്ൽസിലെ രണ്ടാം സ്ഥാനക്കാരൻ ഒളിമ്പ്യൻ എം.പി. ജാബിർ തുടങ്ങിയവർ സർവിസസിന് മെഡൽ നേടിക്കൊടുത്തു. 4x400 മീ. വെള്ളി ജേതാക്കളായ റിലേ ടീമിൽ അജ്മലും ജാബിറുമുണ്ടായിരുന്നു.
ഫുട്ബാളിൽ സെമിയിൽ
അഹ്മദാബാദ്: പുരുഷ ഫുട്ബാളിൽ കേരളം സെമി ഫൈനലിൽ പ്രവേശിച്ചു. ചൊവ്വാഴ്ച ഗ്രൂപ് എയിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ സർവിസസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചതോടെയാണിത്. വിഘ്നേഷ് (51,64) ഇരട്ട ഗോളും അജീഷ് (78) ഒരു തവണയും സ്കോർ ചെയ്തു.
ആദ്യ പോരിൽ ഒഡിഷയോട് 2-1നായിരുന്നു ജയം. വ്യാഴാഴ്ച രാവിലെ ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ കേരളം മണിപ്പൂരിനെ നേരിടും. വൈകീട്ട് സർവിസസ്-ഒഡിഷ കളിയുമുണ്ട്.
കേരളത്തെ സംബന്ധിച്ച് അവസാന മത്സരം അപ്രസക്തമാണെങ്കിലും മറ്റു മൂന്ന് ടീമുകൾക്കും നിർണായകമാണ്. വെള്ളിയാഴ്ച ഗ്രൂപ് ബിയിലെ ബംഗാൾ-കർണാടക, ഗുജറാത്ത്-പഞ്ചാബ് പോരാട്ടങ്ങളും നടക്കാനുണ്ട്. ഇവ കൂടി പൂർത്തായായാലേ സെമിഫൈനൽ ലൈനപ്പ് വ്യക്തമാവൂ.
ഗാന്ധിനഗർ: മുഹമ്മദ് അഫ്സലിന് ദേശീയ ഗെയിംസിലെ സ്വർണനേട്ടത്തിലുണ്ടായ സന്തോഷം പത്ത് മിനിറ്റ് പോലും നീണ്ടുനിന്നില്ല. ചൊവ്വാഴ്ച പകൽ 800 മീറ്റർ മത്സരം കഴിയുന്നത് വരെ വീട്ടുകാരും കൂട്ടുകാരും സഹതാരങ്ങളും പരിശീലകരും മറച്ചുവെച്ച ദുഃഖവാർത്ത വൈകീട്ട് നാലേമുക്കാലോടെ അഫ്സലിന്റെ കാതുകളിലെത്തി.
തനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട ഉമ്മുമ്മയെ ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്നറിഞ്ഞതോടെ കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു എയർഫോഴ്സ് ഉദ്യോഗസ്ഥനായ 26കാരൻ.
അഫ്സലിനെ പ്രോത്സാഹിപ്പിക്കാനായി മാത്രം രണ്ടായിരത്തോളം കിലോമീറ്റർ കാറോടിച്ച് കുടുംബസമേതം ഗാന്ധിനഗറിലെത്തിയ ഗുരുവും പാലക്കാട് പറളി സ്കൂളിലെ കായികാധ്യാപകനുമായ പി.ജി. മനോജിന് ശിഷ്യനെ അഭിനന്ദിക്കുന്നതിന് പകരം ആശ്വസിപ്പിക്കാനായിരുന്നു യോഗം.
അഫ്സലിന്റെ മാതൃമാതാവ് ഇമ്പിച്ചുമ്മ ചൊവ്വാഴ്ച വെളുപ്പിനാണ് മരിച്ചത്. ഈ വിവരം വീട്ടുകാർ മനോജ് മാഷിനെ അറിയിച്ചിരുന്നെങ്കിലും മത്സരം കഴിയുന്നത് വരെ അഫ്സലിനോട് പറഞ്ഞില്ല. തിരിച്ച് പെട്ടെന്ന് നാട്ടിലെത്തി മരണാനന്തര കർമങ്ങളിൽ പങ്കെടുക്കുക പ്രായോഗികല്ലെന്നത് മനസ്സിലായതോടെ, ഏഴ് വർഷത്തിന് ശേഷം ദേശീയ ഗെയിംസിൽ മെഡൽ നേടാൻ ലഭിച്ച അവസരം പാഴാക്കേണ്ടെന്ന് കൂടെയുള്ള മറ്റുള്ളവരും കരുതി.
2015ൽ സ്കൂൾ വിദ്യാർഥിയായിരിക്കെ മുതിർന്നവരോട് പൊരുതി വെങ്കലം പിടിച്ച അഫ്സൽ ഇക്കുറി എതിരാളികളേക്കാൾ വലിയ വ്യത്യാസത്തിൽ ഫിനിഷ് ചെയ്താണ് ഒന്നാമനായത്. ഒറ്റപ്പാലം പാലപ്പുറം സ്വദേശിയായ അഫ്സൽ ബുധനാഴ്ച രാവിലെ വിമാനമാർഗം നാട്ടിലേക്ക് തിരിച്ചു. ഉച്ചക്ക് ശേഷം ഉമ്മുമ്മയുടെ ഖബറിനരികെ ചെന്ന് പ്രാർഥിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.
ഗാന്ധിനഗർ: വനിതകളുടെ 100 മീറ്റർ ഹർഡ്ൽസ് ചരിത്രത്തിലാദ്യമായി 13 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യുന്ന ഇന്ത്യക്കാരിയായെങ്കിലും കാറ്റിന്റെ ആനുകൂല്യമുള്ളതിനാൽ റെക്കോഡ് നഷ്ടപ്പെട്ട് ജ്യോതി യാരാജി. 12.79 സെക്കൻഡിലാണ് ജ്യോതി മത്സരം പൂർത്തിയാക്കിയത്.
നിലവിലെ ദേശീയ റെക്കോഡ് (13.04) ഈ ആന്ധ്രപ്രദേശ് സ്വദേശിനിയുടെ പേരിൽത്തന്നെയാണ്. ഇക്കൊല്ലം മൂന്നു തവണ റെക്കോഡ് പുതുക്കിയാണ് ജ്യോതി 13.04ലെത്തിയത്. ഇതിനു മുമ്പ് കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന ഫെഡറേഷൻ അത്‍ലറ്റിക് മീറ്റിൽ റെക്കോഡ് സമയത്ത് ഫിനിഷ് ചെയ്തിരുന്നെങ്കിലും കാറ്റിന്റെ ആനുകൂല്യമുള്ളതിനാൽ പരിഗണിച്ചിരുന്നില്ല. പിന്നീട് വിദേശത്താണ് മൂന്നു തവണ പുതിയ സമയം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.