ചെന്നൈയിൽ ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനവേദിയിൽ ദീപശിഖയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെയുള്ള താരങ്ങൾക്കൊപ്പം

വിശ്വ ചതുരംഗോത്സവത്തിന് കൊടിയേറി

ചെന്നൈ: ഉത്സവലഹരിയിൽ ചെസിന്‍റെ വിശ്വമാമാങ്കത്തിന് തുടക്കം. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന പ്രൗഢഗംഭീര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 44ാമത് ചെസ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തു. ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രമന്ത്രിമാരും സിനിമതാരം രജനികാന്ത്, വൈരമുത്തു ഉൾപ്പെടെ പ്രമുഖരും സംബന്ധിച്ചു. സ്റ്റാലിൻ പരമ്പരാഗത മഞ്ഞ പട്ട് ഷർട്ടും വേഷ്ടിയും തോൾമുണ്ടും ധരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ചതുരംഗ കരയോടുകൂടിയ തൂവെള്ള ഷാളും വേഷ്ടിയും ഷർട്ടും ധരിച്ച് വേദിയിലെത്തിയത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മഹാബലിപുരം ക്ഷേത്രത്തിന്‍റെ മാതൃക സമ്മാനിച്ച് സ്റ്റാലിൻ പ്രധാനമന്ത്രിയെ വരവേറ്റു.

ലോക പൈതൃക പട്ടികയിലെ ശിൽപനഗരമായ മഹാബലിപുരത്തെ ബീച്ച് റിസോർട്ടാണ് രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ചെസ് ഒളിമ്പ്യാഡിന്‍റെ പ്രധാനവേദി.

ഇന്ത്യയിൽ നടക്കുന്ന പ്രഥമ ഒളിമ്പ്യാഡിൽ 187 രാജ്യങ്ങളിൽനിന്നുള്ള 343 ടീമുകളിലായി 1,700ലധികം കളിക്കാരാണ് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ആദ്യ റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കമാവും. സംഗീത സംവിധായകൻ എ.ആർ. റഹ്മാന്‍റെ 'വെൽകം ടു ചെന്നൈ' എന്ന സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചത്. തുടർന്ന് തമിഴ്നാട്ടിലെ ചെസ് കളിക്കാരായ സർക്കാർ സ്കൂൾ വിദ്യാർഥികൾ നയിച്ച മത്സരാർഥികളുടെ പരേഡ് നടന്നു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് കലാപ്രതിഭകൾ അവതരിപ്പിച്ച വിവിധ പരമ്പരാഗത നൃത്തകലാരൂപങ്ങളും അരങ്ങേറി. നിമിഷങ്ങൾക്കകം മണൽചിത്രങ്ങൾ തീർത്ത് സർവം പട്ടേലും കണ്ണ് മൂടിക്കെട്ടിക്കൊണ്ടുള്ള ലിഡിയൻ നാദസ്വരത്തിന്‍റെ പിയാനോ വായനയും സദസ്സിന്‍റെ കൈയടി നേടി. കമൽഹാസന്‍റെ ശബ്ദത്തിൽ തമിഴകത്തിന്‍റെ ചരിത്രം വിളിച്ചോതുന്ന ദൃശ്യാവിഷ്കാരം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്നാട് സർക്കാറിന്‍റെ സഹകരണത്തോടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം കുതിരത്തലയോടുകൂടിയ 'തമ്പി' നഗരമെമ്പാടും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ടീമുകളെ സ്വാഗതം ചെയ്യുന്നു. നഗരമെങ്ങും കൊടിതോരണങ്ങളും വർണ വിളക്കുകളാലും അലങ്കരിച്ചിരിക്കുന്നു.

മുക്കുമൂലകൾ ചെസ് ഒളിമ്പ്യാഡ് ബോർഡുകളാലും ബാനറുകളാലും നിറഞ്ഞിരിക്കയാണ്. പ്രധാനമന്ത്രി മോദിക്ക് വഴിയെങ്ങും വാദ്യഘോഷങ്ങളോടെ വൻ സ്വീകരണമാണ് ഒരുക്കിയത്. ആഘോഷത്തിന്‍റെ ഭാഗമായി ചെന്നൈയിലും സമീപ ജില്ലകളിലും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു. വിവിധ ലോക ഭാഷകൾ സംസാരിക്കുന്ന വളന്റിയർമാരും സജീവം.

പാകിസ്താൻ പിന്മാറി

ന്യൂഡൽഹി: ഇതാദ്യമായി ഇന്ത്യ വേദിയാവുന്ന ചെസ് ഒളിമ്പ്യാഡിൽ പങ്കെടുക്കാമെന്ന് അറിയിച്ച പാകിസ്താൻ അവസാന നിമിഷം അപ്രതീക്ഷിതമായി പിന്മാറി. ഒളിമ്പ്യാഡിന്റെ ദീപശിഖ ജമ്മു-കശ്മീരിലൂടെ കൊണ്ടുപോയതു വഴി ഇന്ത്യ അന്താരാഷ്ട്ര കായിക പരിപാടിയെ രാഷ്ട്രീയവത്കരിച്ചതിലുള്ള പ്രതിഷേധമാണ് തീരുമാനത്തിന് പിന്നിലെന്ന് പാക് വിദേശകാര്യാലയം പ്രസ്താവനയിൽ അറിയിച്ചു. ഇക്കാര്യം അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി. അതേസമയം, വിഷയത്തെ രാഷ്ട്രീയമാക്കി പിന്മാറാനുള്ള പാകിസ്താന്റെ തീരുമാനം നിർഭാഗ്യകരമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബക്ചി പറഞ്ഞു. ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്മാറ്റത്തെ തുടർന്ന് പാക് താരങ്ങൾ നാട്ടിലേക്ക് മടങ്ങി.

Tags:    
News Summary - Flag hoisted for the chess olympiad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.