വിക്ടോറിയ പിന്മാറിയ കോമൺവെൽത്ത് ഗെയിംസ് നടത്താൻ ഗോൾഡ് കോസ്റ്റ്

സിഡ്നി: 2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്താനാകില്ലെന്ന് ആസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പ്രഖ്യാപിച്ചതിനു പിന്നാലെ സന്നദ്ധത അറിയിച്ച് അതേ രാജ്യത്തെ തീരദേശ പട്ടണമായ ഗോൾഡ് കോസ്റ്റ്. 2018ലെ ഗെയിംസ് നടത്തി എട്ടു വർഷങ്ങൾക്കിടെയാണ് ക്വീൻസ്‍ലാൻഡ് സംസ്ഥാനത്തെ ഗോൾഡ് കോസ്റ്റിൽ വീണ്ടും വിരുന്നെത്തുക. ഇതുസംബന്ധിച്ച് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ആതിഥേയരെ കണ്ടെത്താൻ വർഷങ്ങൾനീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു 2022ൽ വിക്ടോറിയ ഏറ്റെടുത്തത്. എന്നാൽ, മതിപ്പുചെലവിനെ അപേക്ഷിച്ച് അനേക ഇരട്ടിയാകുമെന്ന് ചൂണ്ടിക്കാട്ടി അവർ കഴിഞ്ഞ ദിവസം പിന്മാറി. ഇതോടെ, ചെറിയ കാലയളവിൽ മറ്റൊരു ആതിഥേയരെ കണ്ടെത്താനാകില്ലെന്നും ഗെയിംസ് നടത്തിപ്പ് മുടങ്ങുമെന്നും സംശയമുയർന്നിരുന്നു. പിന്നാലെയാണ് 2032ൽ ബ്രിസ്ബേൻ ആതിഥേയരാകാനിരിക്കെ അയൽ പട്ടണം ഏറ്റെടുക്കാനൊരുങ്ങുന്നത്. സമീപകാലത്ത് 2010ൽ ഇന്ത്യ ഏറ്റെടുത്തത് മാറ്റിനിർത്തിയാൽ ബ്രിട്ടൻ, ആസ്ട്രേലിയ രാജ്യങ്ങളിലാണ് കോമൺവെൽത്ത് ഗെയിംസ് നടക്കാറ്. കോളനിരാജ്യങ്ങളെ ഒന്നിപ്പിച്ചുനിർത്തുകയെന്ന ലക്ഷ്യത്തോടെ 1930ൽ തുടങ്ങിയ ഗെയിംസിന് ഇന്ന് പ്രസക്തിയില്ലെന്ന വാദവും ശക്തമാണ്. മിക്ക രാജ്യങ്ങളും മുന്തിയ താരങ്ങളെ മത്സരങ്ങൾക്ക് അയക്കാതെ അവഗണിക്കുന്നതും തുടർക്കഥയാണ്.

2022 ഗെയിംസും സമാന പ്രശ്നങ്ങളെ തുടർന്ന് അവസാന നിമിഷം ആതിഥേയത്വം മാറ്റിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടക്കേണ്ട ഗെയിംസ് അവർ പിന്മാറിയതോടെ ബ്രിട്ടീഷ് നഗരമായ ബർമിങ്ഹാമിൽ നടത്തുകയായിരുന്നു.

Tags:    
News Summary - Gold Coast to host the Commonwealth Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.