200 മീറ്ററിൽ അസമിന്റെ അമ് ലാൻ ബോഗൊ ഹൈൻ ദേശീയ റെക്കോഡ് നേടുന്നു

ഫെഡറേഷൻ കപ്പിന്റെ അവസാനദിനം മലയാളികളുടെ സ്വർണവേട്ട

തേഞ്ഞിപ്പലം: ഫെഡറേഷൻ കപ്പ് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനം പെയ്തിറങ്ങിയ മഴക്കൊപ്പം മലയാളി താരങ്ങളുടെ സുവർണ വർഷവും. പുരുഷന്മാരുടെ 400 മീറ്റർ ഹർഡ്ൽസിൽ എം.പി ജാബിറും വനിതകളിൽ ആർ. അനുവും പുരുഷ ട്രിപ്പ്ൾ ജംപിൽ എൽദോസ് പോളുമാണ് മഞ്ഞപ്പതക്കമണിഞ്ഞത്. പുരുഷന്മാരുടെ 200 മീറ്ററിൽ അസമിന്റെ അംലാൻ ബോഗോഹെയ്ൻ ദേശീയ റെക്കോഡും മീറ്റ് റെക്കോഡും തകർത്തു. കനത്ത മഴയും കാറ്റും കാരണം ഒരു മണിക്കൂർ വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്.

നാട്ടിലൊരു നേട്ടം

മലപ്പുറം പന്തല്ലൂർ മുടിക്കോട് സ്വദേശിയായ എം.പി. ജാബിറിന് ജന്മനാട്ടിൽ കന്നി സ്വർണം. നാല് മാസം മുമ്പ് കാലിന് ശസ്ത്രക്രിയ നടത്തിയ ജാബിറിന്റേത് ഗംഭീര തിരിച്ചുവരവായിരുന്നു. മഴ പെയ്തത് കാരണം വാമപ്പിനടക്കം ബുദ്ധിമുട്ടുണ്ടായിരുന്നതായി ജാബിർ പറഞ്ഞു. 50.35 സെക്കൻഡിലായിരുന്നു ഫിനിഷ് . ജാബിറിന്റെ വീട്ടുകാരും മത്സരം കാണാനെത്തിയിരുന്നു. ഏറെ സന്തോഷകരമായ നിമിഷമാണെന്ന് ബാപ്പ ഹംസയും ഉമ്മ ഷെറീനയും പറഞ്ഞു. 2017ലെ ഫെഡറേഷൻ കപ്പിൽ സ്വർണം നേടിയ ജാബിർ 2018 ലും 19ലും വെള്ളി നേടിയിരുന്നു. കൊച്ചി നേവിയിൽ ചീഫ് പെറ്റി ഓഫിസറാണ് ഒളിമ്പ്യൻ കൂടിയായ ജാബിർ. തിരുവനന്തപുരം എൽ.എൻ.സി.പി.ഇ യിൽ ഇന്ത്യൻ ക്യാമ്പിലാണ് പരിശീലനം.

അവഗണിച്ചവർക്ക് മറുപടി ഈ സ്വർണം

പ്രായം കൂടുതലായെന്ന് പറഞ്ഞ് സംസ്ഥാന കായിക വകുപ്പും സ്പോർട്സ് കൗൺസിലും തഴഞ്ഞ ആർ. അനുവിനിത് മധുര പ്രതികാരം. സ്പോർട്സ് കൗൺസിലിന്റെ എലീറ്റ് പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ ഈ 29 കാരി സ്വന്തം ചെലവിൽ പരിശീലനം നടത്തുകയാണ്. പി.ബി. ജയകുമാറാണ് പരിശീലകൻ. സ്കൂൾ കായികമേള മുതൽ കേരളത്തിനായി നിരവധി സ്വർണ മെഡലുകൾ സ്വന്തമാക്കിയ അനുവിന്റെ ഇരുപതാം ദേശീയ സ്വർണ നേട്ടമാണിത്. വനം വകുപ്പിൽ സീനിയർ സൂപ്രണ്ടായ അനു മേലധികാരികളുടെ പൂർണ പിന്തുണയോടെയാണ് ട്രാക്കിൽ തുടരുന്നത്. 58.63 സെക്കൻഡിലാണ് തേഞ്ഞിപ്പലത്ത് സ്വർണം നേടിയത്. മലയാളി താരം ആർ. ആരതി (59.44 സെ.) വെള്ളി നേടി.

പുരുഷന്മാരുടെ ട്രിപ്പ്ൾജംപിൽ 16.99 മീറ്റർ ചാടിയാണ് എറണാകുളം കോലഞ്ചേരി സ്വദേശിയായ എൽദോസ് പോൾ സ്വർണം നേടിയത്. 2012 ൽ കേരള താരം രഞ്ജിത് മഹേശ്വരി സ്ഥാപിച്ച 16.85 മീറ്ററിന്റെ മീറ്റ് റെക്കോഡും എൽദോസ് തകർത്തു. ബംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിൽ ഹരികൃഷ്ണന് കീഴിലാണ് പരിശീലിക്കുന്നത്. അവസാന ശ്രമത്തിലാണ് കരിയറിലെ മികച്ച ദൂരം എൽദോസ് കുറിച്ചത്.

പുരുഷന്മാരുടെ 200 മീറ്ററിൽ 20.52 സെക്കൻഡിൽ വമ്പൻ കുതിപ്പാണ് അംലാൻ നടത്തിയത്. മഴയുടെ അകമ്പടിയോടെ നടന്ന മത്സരത്തിൽ മുഹമ്മദ് അനസിന്റെ പേരിലുള്ള 20.63 സെക്കൻഡ് എന്ന ദേശീയ റെക്കോഡ് പഴങ്കഥയായി. 2002 ൽ ആനന്ദ് മെനസസ് കുറിച്ച 20.79 ന്റെ മീറ്റ് റെക്കോഡും തകർന്നു. ഭുവനേശ്വറിൽ റിലയൻസ് ഫൗണ്ടഷന്റെ ഹൈ പെർഫോമൻസ് സെന്ററിലെ താരമാണ് അംലാൻ. ഭാവിയിലെ ശ്രദ്ധേയ താരമായിരിക്കും അംലാനെന്ന് ബ്രിട്ടീഷ് കോച്ച് ഹില്യർ പറഞ്ഞു. വനിതകളുടെ 200 മീറ്ററിൽ അസമിന്റെ തന്നെ ഹിമദാസ് 23.63 സെക്കൻഡിൽ സ്വർണം നേടി.

കാറ്റിൽ പറന്ന്

ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ അവസാന ദിനം ഒരു മണിക്കൂറോളം ട്രാക്ക് കീഴടക്കി മഴയും കാറ്റും. മത്സരങ്ങൾ തുടങ്ങാനിരുന്ന നാല് മണിക്ക് കാറ്റിന്റെ അകമ്പടിയുള്ള മഴയിൽ സ്റ്റേഡിയത്തിലെ താൽക്കാലിക പവിലിയനുകൾ പലതും തകർന്നു. തുടർന്ന് ഒരു മണിക്കൂറോളം വൈകിയാണ് മത്സരങ്ങൾ തുടങ്ങിയത്. ഇലക്ട്രോണിക് സംവിധാനമടക്കം തകരാറിലായെങ്കിലും മത്സരങ്ങൾ വിജയകരമായി പൂർത്തിയാക്കി.

Tags:    
News Summary - Gold hunt for Malayalees on the last day of the Federation Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT