ഭുവനേശ്വർ: 62ാമത് നാഷനൽ ഇന്റർ സ്റ്റേറ്റ് അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ് വ്യാഴാഴ്ച മുതൽ ജൂൺ 19 വരെ കലിംഗ സ്റ്റേഡിയത്തിൽ നടക്കും. ഒളിമ്പിക് ജാവലിൻത്രോ ചാമ്പ്യൻ നീരജ് ചോപ്രയടക്കം ചില പ്രമുഖർ പരിക്കു കാരണം വിട്ടുനിൽക്കുന്ന മീറ്റിൽ ഇയ്യിടെ പാരിസ് ഡയമണ്ട് ലീഗ് ലോങ് ജംപിൽ വെങ്കലം നേടിയ കേരള താരം എം. ശ്രീശങ്കറാണ് മുഖ്യ ആകർഷണം. സെപ്റ്റംബർ 23ന് ചൈനയിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന് യോഗ്യത നേടാനുള്ള അവസാന അവസരംകൂടിയാണിത്. 3000 മീറ്റർ സ്റ്റീപ്ൾ ചേസ് ദേശീയ റെക്കോഡുകാരൻ അവിനാശ് സാബ് ലേ, സ്പ്രിന്റർമാരായ ഹിമദാസ്, ദ്യുതിചന്ദ് തുടങ്ങിയവർ മത്സരിക്കുന്നില്ല. പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്നതിനാൽ ഹിമക്ക് ഏഷ്യൻ ഗെയിംസ് നഷ്ടമാവും.
അന്താരാഷ്ട്ര ഹൈജംപറായ തേജശ്വിൻ ശങ്കർ ഡെക്കാത്‍ലണിലാണ് ഇറങ്ങുന്നത്. ട്രിപ്ൾ ജംപിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണജേതാവ് മലയാളി എൽദോസ് പോൾ, പ്രവീൺ ചിത്രവേൽ, ഷോട്ട്പുട്ടിൽ തജീന്ദർ പാൽ സിങ്, ജാവലിൻത്രോയിൽ അന്നു റാണി, ലോങ്ജംപിൽ ഷൈലി സിങ്, 100 മീറ്ററിലും ഹർഡ്ൽസിലും ജ്യോതി യാരാജി തുടങ്ങിയവർ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യും. കേരളം 54 അംഗ സംഘത്തെയാണ് അണിനിരത്തുന്നത്.
ശ്രീശങ്കറിനും എൽദോസിനും പുറമെ 1500 മീറ്ററിലെ ജിൻസൺ ജോൺസൺ, ട്രിപ്ൾ ജംപിലെ അബ്ദുല്ല അബൂബക്കർ, 400 മീറ്ററിലെ വൈ. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, 400 മീറ്റർ ഹർഡ്ൽസിലെ എം.പി. ജാബിർ, ലോങ്ജംപിലെ വൈ. മുഹമ്മദ് അനീസ് തുടങ്ങിയവർ മെഡൽപ്രതീക്ഷ നൽകുന്ന പുരുഷതാരങ്ങളാണ്. വനിതകളിൽ വിവിധ ഇനങ്ങളിലായി പി.യു. ചിത്ര, ജിസ്ന മാത്യു, നയന ജെയിംസ്, ആൻസി സോജൻ, ആർ. അനു, അപർണ റോയി ഉൾപ്പെടെയുള്ളവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.