36ാമത് ദേശീയ ഗെയിംസിൽ കേരളം മെഡൽ വേട്ട തുടങ്ങി. രണ്ട് വീതം സ്വർണവും വെങ്കലവും ഒരു വെള്ളിയുമാണ് വെള്ളിയാഴ്ച കേരള താരങ്ങൾ നേടിയത്. അത്‍ലറ്റിക്സിലെ ആദ്യദിനം ഒരു വെള്ളി മെഡലിൽ ഒതുങ്ങിയെങ്കിലും റോളർ സ്കേറ്റിങ്ങിൽ രണ്ട് സ്വർണവും ഒരു വെങ്കലവും ലഭിച്ചു.

ഫെൻസിങ്ങിലാണ് മറ്റൊരു വെങ്കലം. പുരുഷ റോളർ ആർട്ടിസ്റ്റിക്കിലെ ഫിഗർ സ്കേറ്റിങ് വിഭാഗത്തിൽ അഭിജിത് അമൽരാജ്, വനിത സ്കേറ്റ് ബോർഡിങ് പാർക്കിൽ വിദ്യാദാസ് എന്നിവരാണ് ഒന്നാമതെത്തിയത്. പുരുഷ സ്കേറ്റ് ബോർഡിങ് പാർക്കിൽ വിനീഷ് വെങ്കലവും നേടി. വനിത ഫെൻസിങ് സാബറെ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. അത്‍ലറ്റിക്സിൽ ഒമ്പത് ഗെയിംസ് റെക്കോഡുകൾ പിറന്നു.


വനിത ഫെൻസിങ് സാബറെ വിഭാഗത്തിൽ വെങ്കലം നേടിയ കേരളത്തിന്റെ ജോസ്ന ക്രിസ്റ്റി ജോസ്

അഭിജിതും വിദ്യയും പൊൻ താരകങ്ങൾ

പുരുഷ റോളർ ആർട്ടിസ്റ്റിക്കിലെ ഫിഗർ സ്കേറ്റിങ് വിഭാഗത്തിൽ ഒന്നാമനായ അഭിജിത് പത്തനംതിട്ട സ്വദേശിയും 11 വർഷമായി ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യനുമാണ്. 2019ൽ അന്താരാഷ്ട്ര ജൂനിയർ ചാമ്പ്യനുമായി. എസ്. ബിജുവാണ് പരിശീലകൻ. വിദ്യ ദാസിന്റെത് ആദ്യദേശീയ മെഡലാണ്.

വ​നി​ത സ്കേ​റ്റ് ബോ​ർ​ഡി​ങ് പാ​ർ​ക്ക്

വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം നേ​ടു​ന്ന

കേ​ര​ള​ത്തി​ന്റെ വി​ദ്യ​ദാ​സ്

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശികളായ വിദ്യയെയും വിനീഷിനെയും പരിശീലിപ്പിക്കുന്നത് വിനീതാണ്. ആരതി എ. നായരാണ് ടീം മാനേജർ. ശനിയാഴ്ച സ്േകറ്റ് ബോർഡിങ് (സ്ട്രീറ്റ്), റോളർ ആർട്ടിസ്റ്റിക് (പെയർ സ്കേറ്റിങ്) മത്സരങ്ങളിലും കേരള താരങ്ങൾ ഇറങ്ങും.

അത്‍ലറ്റിക്സിൽ അരുണിലൊതുങ്ങി

ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസ് ട്രിപ്ൾ ജംപിൽ നാലാം സ്ഥാനത്തെത്തിയ തമിഴ്നാട്ടുകാരൻ പ്രവീൺ ചിത്രവേൽ (16.68 മീ.) മലയാളി താരം രഞ്ജിത് മഹേശ്വരിയുടെ (16.66 മീ.) പേരിലുണ്ടായിരുന്ന ദേശീയ ഗെയിംസ് റെക്കോഡ് കൂടി മറികടന്ന് ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്കും (16.65 മീ.) പിന്നിട്ടു.

പുരുഷ ട്രിപ്ൾ ജംപിൽ വെള്ളി നേടിയ

കേരളത്തിന്റെ എ.ബി. അരുൺ

എന്നാൽ ലോക ചാമ്പ്യൻഷിപ്പിന് (17.20 മീ.) യോഗ്യത നേടാനായില്ല. കേരളത്തിന്റെ എ.ബി. അരുൺ 16.08 മീറ്റർ വെള്ളി. പഞ്ചാബിനുവേണ്ടി ഇറങ്ങിയ അർപീന്ദർ സിങ് (15.97) വെങ്കലവും സ്വന്തമാക്കി. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ അരുൺ നേവിയിൽ ഉദ്യോഗസ്ഥനാണ്.

വനിത ഹൈജംപിൽ മധ്യപ്രദേശിന്റെ സപ്ന ബർമൻ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. 1.83 മീറ്ററാണ് സപ്ന ചാടിയത്. 2001ൽ ലുധിയാനയിൽ മലയാളി താരം ബോബി അലോഷ്യസ് കുറിച്ച 1.82 മീറ്റർ റെക്കോഡ് ഇനിയില്ല.

1.81 മീറ്റർ ചാടിയ കർണാടകയുടെ അഭിനയ ഷെട്ടി വെള്ളിയും തമിഴ്നാടിന്റെ ഗ്രസേന ഗ്ലിസ്റ്റസ് മെർലി വെങ്കലവും നേടി. ഈ ഇനത്തിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷയായിരുന്ന എയ്ഞ്ചൽ പി. ദേവസ്യ (1.77) അഞ്ചാം സ്ഥാനത്തായി. 100 മീറ്റർ സെമി ഫൈനലിൽ മത്സരിച്ച കേരളത്തിന്റെ ടി. മിഥുൻ ഹീറ്റിൽ എട്ടാമനായി ഫൈനലിലെത്താതെ പുറത്ത്.

അത്‍ലറ്റിക്സിലെ ആദ്യ ഇനമായ 20 കി.മീ. നടത്തം വനിതകളിൽ ഉത്തർപ്രദേശിന്റെ മുനിത പ്രജാപതി (1.38:20) ഗെയിംസ് റെക്കോഡോടെയാണ് സ്വർണം നേടിയത്. സർവിസസിന്റെ ദേവേന്ദർ സിങ്ങാണ് (1.26:25) പുരുഷന്മാരിൽ ഒന്നാമൻ. വനിത ഷോട്ട്പുട്ടിൽ ഉത്തർപ്രദേശിന്റെ കിരൺ ബാലിയനും (17.14 മീ.) ഗെയിംസ് റെക്കോഡോടെ ഏഷ്യൻ ഗെയിംസ് യോഗ്യത മാർക്ക് (17.00 മീ.) പിന്നിട്ടു.

പുരുഷ 1500 മീറ്റർ ഓട്ടത്തിൽ സർവിസസിന്റെ പർവേസ് ഖാൻ (3.40:89) ഉൾപ്പെടെ ആദ്യ അഞ്ച് സ്ഥാനക്കാർ 28 വർഷം പഴക്കമുള്ള നിലവിലെ ദേശീയ ഗെയിംസ് റെക്കോഡ് മറികടന്നു. കേരളത്തിന്റെ അഭിനന്ദ് സുന്ദരേശൻ ഏഴാം സ്ഥാനത്തായി.

ചാനു പോരിൽ മീരാഭായി

വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഒളിമ്പിക് വെള്ളി മെഡൽ ജേത്രി മണിപ്പൂരിന്റെ മീരാഭായി ചാനു ആകെ 191 കിലോഗ്രാം ഉയർത്തി സ്വർണം നേടി. സ്വന്തം നാട്ടുകാരിയായ സഞ്ജിത ചാനു (187) ഉയർത്തിയ വെല്ലുവിളി മറികടന്നാണ് മീരാഭായി ഒന്നാമതെത്തിയത്.

പുതിയ ദൂരം തേടി ശ്രീശങ്കർ ഇന്നിറങ്ങും

ഗാന്ധിനഗർ: പുരുഷ ലോങ്ജംപിൽ പുതിയ ദൂരം തേടി കോമൺവെൽത്ത് ഗെയിംസ് വെള്ളിമെഡൽ ജേതാവ് എം. ശ്രീശങ്കർ, വൈ. മുഹമ്മദ് അനീസ് എന്നിവർ കേരളത്തിനായി മത്സരിക്കും. അത്‍ലറ്റിക്സ് രണ്ടാം ദിനമായ ശനിയാഴ്ച 12 ഫൈനലുകൾ നടക്കും.

പോൾവാൾട്ടിൽ മരിയ ജയ്സൻ, ദിവ്യ മോഹൻ, രേഷ്മ രവീന്ദ്രൻ എന്നിവരും 4x100 റിലേയിൽ പുരുഷ, വനിത ടീമുകളും മത്സരിക്കുന്നുണ്ട്. 100 മീറ്റർ ഫൈനലുകളും ശനിയാഴ്ച നടക്കും.

ഫെൻസിങ്ങിലെ ആദ്യ ഒളിമ്പ്യനോട് കീഴടങ്ങി ജോസ്ന ക്രിസ്റ്റി ജോസ്

ഗാന്ധിനഗർ: ഇത്തവണ ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ മെഡൽ ലഭിച്ചത് ഫെൻസിങ്ങിലാണ്. വനിതകളുടെ ഫെൻസിങ് സാബറെ വിഭാഗത്തിൽ ജോസ്ന ക്രിസ്റ്റി ജോസ് സെമിയിലെത്തിയതോടെ വെങ്കലം ഉറപ്പിച്ചിരുന്നു.

ക്വാർട്ടറിൽ തമിഴ്നാടിന്റെ ബെനിക് ക്യൂബയെ തോൽപിച്ച് (15-7) സെമിയിൽ കടന്നെങ്കിലും ഫൈനലിലേക്ക് മുന്നേറാനായില്ല. ഫെൻസിങ്ങിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പ്യനും തമിഴ്നാട് താരവുമായ ഭവാനി ദേവിയാണ് സെമിയിൽ ജോസ്നയെ തോൽപിച്ചത് (15-5). ഭവാനി തന്നെ സ്വർണവും നേടി.

സെമിഫൈനലിൽ പരാജയപ്പെട്ട ജോസ്ന (ഇടത്ത്)

വിജയി ഒളിമ്പ്യൻ ഭവാനി ദേവിയെ അഭിനന്ദിക്കുന്നു

വയനാട് മീനങ്ങാടി വാഴവറ്റ സ്വദേശിനിയായ ജോസ്ന കണ്ണൂർ ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിലെ ക്ലർക്കാണ്. ഇതേയിനത്തിൽ മത്സരിച്ച കേരളത്തിന്റെ അൽക്ക വി. സണ്ണി ക്വാർട്ടറിൽ മണിപ്പൂരിന്റെ അബിദേവിയോട് (15-10) തോറ്റു. 

Tags:    
News Summary - Kerala started its medal hunt in the 36th National Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT