അഹമ്മദാബാദ്: സമീപകാലത്തെ രണ്ട് സന്തോഷ് ട്രോഫി ഫൈനലുകളിൽ കേരളത്തോടേറ്റ തോൽവിക്ക് ദേശീയ ഗെയിംസ് ഫുട്ബാളിൽ കണക്കു തീർത്ത് ബംഗാൾ. കാൽനൂറ്റാണ്ടിന് ശേഷം ദേശീയ ഗെയിംസ് കലാശക്കളിക്ക് ഇറങ്ങിയ കേരളത്തെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബംഗാൾ പരാജയപ്പെടുത്തിയത്. വി. മിഥുനിന്റെയും സംഘത്തിന്റെയും സ്വർണ പ്രതീക്ഷകൾ മേൽ വെള്ളിടിയായ വംഗനാട്ടുകാർക്ക് വേണ്ടി ബംഗാൾ ക്യാപ്റ്റൻ നാരോ ഹരി ശ്രേഷ്ഠ ഹാട്രിക്കും റോബി ഹാൻസ്ദയും അമിത് ചക്രവർത്തിയും ഓരോ ഗോളും നേടി. അതേസമയം, ലൂസേഴ്സ് ഫൈനലിൽ കർണാടകയെ 4-0ത്തിന് തോൽപിച്ച് സർവിസസ് വെങ്കല മെഡൽ സ്വന്തമാക്കി.
16ാം മിനിറ്റിൽ കേരളത്തെ ഞെട്ടിച്ച് ആദ്യ ഗോളെത്തി. വലതുവിങ്ങിലൂടെ പന്തുമായെത്തിയ ക്യാപ്റ്റൻ നാരോ ഹരി ശ്രേഷ്ഠയുടെ അടി ഗോളി മിഥുൻ തടുത്തു. റീബൗണ്ട് ചെയ്ത പന്ത് മിഥുനെ വെട്ടിച്ച് റോബി ഹാൻസ്ദ വലയിലേക്ക് കടത്തി. ഗോൾ മടക്കാൻ കേരളം തുടരെത്തുടരെ ശ്രമങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. 30ാം മിനിറ്റിൽ രണ്ടാം ഗോളും വന്നു. ഇക്കുറി ക്യാപ്റ്റൻ ഹരി ശ്രേഷ്ഠ തന്നെ സ്കോർ ചെയ്തു. 33ാം മിനിറ്റിൽ ഹാൻസ്ദക്ക് മറ്റൊരു അവസരം. ഗോളി മിഥുൻ ഡൈവ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ കേരളത്തിന് അനുകൂലമായ കിട്ടിയ ഫ്രീ കിക്കിലും സുവർണാവസരമുണ്ടായിരുന്നു.
എന്നാൽ, ബംഗാൾ നായകൻ മൂന്നാം ഗോളുമായി ആദ്യ പകുതിയിൽത്തന്നെ ലീഡ് മൂന്നാക്കി. 52ാം മിനിറ്റിൽ ഹെഡ്ഡർ ഗോളിലൂടെ ശ്രേഷ്ഠ ഹാട്രിക് തികച്ചു. 85ാം മിനിറ്റിൽ ഡിഫൻഡർ അമിതിന്റെ വക അഞ്ചാം ഗോളും. കേരളത്തിന് ലഭിച്ച അവസരങ്ങളൊന്നും ഫലം കണ്ടില്ല.
അഹ്മദാബാദ്: ദേശീയ ഗെയിംസിന് ബുധനാഴ്ച സമാപനം കുറിക്കാനിരിക്കെ ചൊവ്വാഴ്ച രണ്ടു വീതം സ്വർണവും വെള്ളിയും നേടി കേരളം മെഡൽപ്പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറി. 21 സ്വർണവും 18 വെള്ളിയും 13 വെങ്കലവുമാണ് കേരളത്തിന്. വനിത കനോയിങ് സിംഗ്ൾ 200 മീറ്ററിൽ മേഘ പ്രദീപും കയാക്കിങ് സിംഗ്ൾ 200 മീറ്ററിൽ ജി. പാർവതിയും ജേതാക്കളായി. വനിത സോഫ്റ്റ്ബാൾ ഗ്രാൻഡ് ഫൈനലിൽ കേരളം പഞ്ചാബിനോട് തോറ്റതോടെ വെള്ളി മെഡൽ ലഭിച്ചു. പുരുഷ ഫുട്ബാളിലും കേരളത്തിന് വെള്ളിയിലൊതുങ്ങേണ്ടിവന്നു. സർവിസസ് 56 സ്വർണമടക്കം 120 മെഡലുമായി ഒന്നാം സ്ഥാനത്തുതന്നെ.
ഭാവ്നഗർ: വോളിബാളിൽ കേരള പുരുഷന്മാരും വനിതകളും ഫൈനലിലെത്തി. സെമി ഫൈനലിൽ പുരുഷ ടീം 25-14, 25-15, 25-21ന് ഗുജറാത്തിനെയും വനിതകൾ 25-20, 25-14, 25-19ന് ഹിമാചൽപ്രദേശിനെയും കീഴടക്കി. ഫൈനലുകൾ ഇന്ന് നടക്കും. നിലവിലെ സ്വർണ ജേതാക്കളായ കേരള വനിതകൾക്ക് ബംഗാളാണ് എതിരാളികൾ.
സൂറത്ത്: മൂന്നാഴ്ച നീണ്ടുനിന്ന മത്സരങ്ങൾക്കൊടുവിൽ ദേശീയ ഗെയിംസ് 36ാം പതിപ്പിന് ബുധനാഴ്ച കൊടിയിറങ്ങും. വൈകീട്ട് അഞ്ച് മുതൽ സൂറത്തിലാണ് സമാപനച്ചടങ്ങുകൾ. ആറ് നഗരങ്ങളാണ് ഗെയിംസിന് വേദിയൊരുക്കിയത്. സെപ്റ്റംബർ 20ന് ടേബ്ൾ ടെന്നിസോടെ മത്സരങ്ങൾ തുടങ്ങിയെങ്കിലും 29ന് അഹ്മദാബാദിലായിരുന്നു ഔദ്യോഗിക ഉദ്ഘാടനം. വോളിബാൾ, ബോക്സിങ്, ഹാൻഡ്ബാൾ മത്സരങ്ങൾ ഇന്ന് പൂർത്തിയാവും. 37ാം ഗെയിംസ് നടത്തുന്ന ഗോവ അധികൃതർ സമാപനച്ചടങ്ങിൽ പതാക ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.